ങ്കറിന്റെ യെന്തിരന്‍ ഇന്ത്യന്‍ വാണിജ്യസിനിമയിലെ നാഴികക്കല്ലാണ്, വിപണിയുടെ വളര്‍ച്ചയുടെ കാര്യത്തിലും സാങ്കേതികമേന്മയുടെ കാര്യത്തിലും. ബാഹുബലി പോലുള്ള മെഗാസിനിമകള്‍ക്ക് ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങാന്‍  കരുത്തു പാകിയത് 2010-ല്‍ ഇറങ്ങിയ ഷങ്കര്‍-രജനീകാന്ത് സിനിമ യെന്തിരന്‍ ഇന്ത്യ ഒട്ടാകെ നേടിയ അസാധാരണ വിജയമാണ്. എട്ടുവര്‍ഷങ്ങള്‍ക്കുശേഷം വേര്‍ഷന്‍ 2.0 യുമായി ഷങ്കര്‍ യെന്തിരനുമായി മടങ്ങിയെത്തുമ്പോള്‍ പ്രതീക്ഷകള്‍ പതിന്മടങ്ങും ബജറ്റ് അതിലേറെയുമാണ്. അതുകൊണ്ടുതന്നെ മില്യണ്‍ ഡോളര്‍ ചോദ്യമിതാണ്, 2.0 പ്രതീക്ഷയ്ക്കൊത്തുയര്‍ന്നോ? കാഴ്ചയുടെ കാര്യത്തിലാണെങ്കില്‍ എത്തിയെന്നു പറയാം; സിനിമയെന്ന അനുഭവത്തിന്റെ കാര്യത്തിലാണെങ്കില്‍ യെന്തിരന് കാതങ്ങള്‍ പിന്നിലും.

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയാണ് 2.0. സംശയമില്ല, ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ സിനിമകളെ ഓര്‍മിപ്പിക്കുന്ന, അവഞ്ചേഴ്സ് മുതല്‍ ട്രാന്‍സ്ഫോര്‍മേഴ്സ് സീരിസുകള്‍ വരെ കൂട്ടിക്കലര്‍ത്തിയ രംഗങ്ങളുടെ ധാരാളിത്തം കൊണ്ട് ഇന്ത്യന്‍ സിനിമ എത്തിപ്പിടിച്ച സാങ്കേിതമേന്മയെ ഓര്‍ത്ത് പുളകം കൊള്ളിക്കാന്‍ മാത്രമുണ്ട് 2.0വിലെ ഓരോ രംഗങ്ങളും. 500 കോടിയിലേറെയുള്ള ബജറ്റിന്റെ ആഡംബരമുണ്ട് ത്രിമാനക്കാഴ്ചയില്‍(ത്രിഡി) മിഴിവോടെ എത്തുന്ന 2.0വിന്. 

സയന്‍സ് ഫിക്ഷനില്‍ സയന്‍സ് തിരയുന്നത് സാമ്പാറില്‍ പരിപ്പ് തിരയുന്നതുപോലെ അസംബന്ധമാണ്, ഹോളിവുഡിലായാലും ഇങ്ങു കോളിവുഡിലായാലും. പക്ഷേ മാര്‍വെലിന്റെ ആയാലും ഡി.സിയുടേയായാലും ഈ സയന്‍സ് ഫിക്ഷന്‍ സൂപ്പര്‍ ഹീറോകളെ കാഴ്ചക്കാരനുമായി ബന്ധിപ്പിക്കുന്ന ഒരു കഥയുടെ, വൈകാരികതയുടെ ചരട് ദൃശ്യമായും അദൃശ്യമായും പലപ്പോഴും ഉണ്ടാകും. യെന്തിരനിലും അതുണ്ടായിരുന്നു. 2.0 യില്‍ അത് അപ്രത്യക്ഷമാണ്.

ഷങ്കര്‍ നിര്‍വഹിച്ച രചനയുടെ പ്രധാന പ്രശ്നവും അതു തന്നെയാണ്. തിരക്കഥയുടെ ഡി.എന്‍.എ. പിഴച്ചുപോയ സിനിമയ്ക്ക് വി.എഫ്.എക്സ് കൊണ്ട് ജെനിറ്റിക് എന്‍ജീനിയറിങ് നടത്തി കാഴ്ചക്കാരെ പരിഭ്രമിപ്പിച്ച് വിസ്മയിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഷങ്കര്‍. സിനിമയില്‍ ആകെ അപ്പീലിങ് ആയിത്തോന്നുന്നത് പ്രതിനായകനായ പക്ഷിരാജന്റെ കഥയാണ്. അക്ഷയ്കുമാര്‍ അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തിന്റെ മൂലരൂപത്തിന് ജനുവിനിറ്റിയും മൗലികതയും ഉണ്ട്. സ്പൈഡര്‍മാന്‍ മൂന്നാം ഭാഗത്തിലെ സാന്‍ഡ്മാന്റെ സ്രഷ്ടിയെ ഓര്‍മിപ്പിക്കുന്നുണ്ടെങ്കിലും മൊബൈല്‍ ഫോണ്‍ റേഡിയേഷനുകളെക്കുറിച്ചും പക്ഷികളടക്കമുള്ള മറ്റു ജീവജാലങ്ങളെക്കുറിച്ചും സംസാരിക്കുന്ന ഈ രംഗങ്ങള്‍ക്ക് റോബോട്ടുകള്‍ സൃഷ്ടിച്ച യാന്ത്രികത ഇല്ല.
 
ഒരു തരത്തിലും ടിപ്പിക്കല്‍ രജനീകാന്ത് സിനിമയല്ല 2.0. അല്ലെങ്കില്‍ തന്നെ രജനീകാന്ത് എന്ന സൂപ്പര്‍താരത്തെ അപനിര്‍മിച്ചുകൊണ്ടാണ് യെന്തിരന്‍ എട്ടു വര്‍ഷം മുമ്പ് തിയറ്ററുകളിലെത്തുന്നത്. അതിനുശേഷം ഇറങ്ങിയ ലിംഗ ഒഴികെ ഒന്നും ടിപ്പിക്കല്‍ രജനീ ഫോര്‍മുല പടങ്ങളുമായിരുന്നില്ല. എന്നാല്‍ 2.0 യില്‍ ആവട്ടെ ഇതു രജനീയേക്കാളേറെ അക്ഷയ്കുമാര്‍ അവതരിപ്പിക്കുന്ന പ്രതിനായകന്റെ കഥയായാണ് പലപ്പോഴും തോന്നുന്നത്. 

ചെന്നൈ നഗരത്തിലെ മൊബൈല്‍ ഫോണുകള്‍ പൊടുന്നനെ അപ്രത്യക്ഷമാവുകയും മൊബൈല്‍ കമ്പനികളുമായി ബന്ധപ്പെട്ടവര്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ട് സൃഷ്ടിക്കപ്പെട്ട ജീവിയാല്‍ കൊല്ലപ്പെടുകയും ചെയ്യുന്നതോടെയാണ് റോബോട്ടിക്സ് ശാസ്ത്രജ്ഞനായ ഡോ. വസീഗരന്‍(രജനീകാന്ത്) രംഗത്തെത്തുന്നത്. ഈ വിചിത്രജീവിയെ നേരിടാന്‍ വസീഗരന്‍ യെന്തിരനില്‍ ഡിസ്മാന്റില്‍ ചെയ്ത ഹ്യൂമനോയ്ഡ്(മനുഷ്യനെപ്പോലുള്ള റോബോട്ട് ) ചിട്ടിയെ വീണ്ടുമെത്തിക്കുന്നു. ചിട്ടിയും ഈ വിചിത്രപക്ഷിയും തമ്മിലുള്ള വി.എഫ്.എക്സ് സ്റ്റണ്ടുകളാണ് സിനിമയിലുടനീളം. 

അതിനിടിയില്‍ രജനീകാന്ത് എന്ന സൂപ്പര്‍താരത്തിന് അല്‍പം പോലും സ്പേസില്ല. കിട്ടിയ സ്പേസുകളില്‍ അദ്ദേഹം വല്ലാതെ അവശനായി തോന്നി. യെന്തിരനില്‍ കണ്ട ഊര്‍ജവും ആവേശവും ഒന്നും ഇല്ലാതെപ്പോയി. മൊബൈല്‍ ഫോണുകള്‍ ചേര്‍ന്നുണ്ടാകുന്ന ഭീമാകാരമായ പക്ഷിയുമായുള്ള ഏറ്റുമുട്ടലുകളാണ് സിനിമയുടെ ഏറിയ പങ്കും. പക്ഷേ ശരിക്കും ഓവര്‍ലോഡഡ് ആണ്. ക്ലൈമാക്സിലൊക്കെ എത്തുമ്പോള്‍ ചെകിടിക്കും. ക്ലൈമാക്സിലെ വി.എഫ്.എക്സ് രംഗങ്ങള്‍ക്കാവട്ടെ അതുവരെയുണ്ടായിരുന്ന മേന്മയും നഷ്ടമാകുന്നുണ്ട്.

സിനിമയുടെ ഏറ്റവും വലിയ മേന്മ ത്രിഡി മികവാണ്. പ്രത്യേകിച്ച് ടൈറ്റില്‍ കാര്‍ഡിലൊക്കെ ത്രിമാനക്കാഴ്ചയുടെ ആഴം കൊണ്ട് അമ്പരിപ്പിക്കും. തുടക്കത്തിലെ പല രംഗങ്ങളിലും ഈ ത്രിമാന അനുഭവം ഗംഭീരമാണ്. 

പാട്ടില്ലാതെ ഒരു ഷങ്കര്‍ സിനിമ ഏറെക്കുറെ അസംഭവ്യമാണ്. പക്ഷേ 2.0 പാട്ടുകള്‍ ഉപയോഗിച്ചിരിക്കുന്നത് പശ്ചാത്തലസംഗീതമായും എന്‍ഡ് ടൈറ്റിലിനുശേഷവുമാണ്. അതേസമയം എ.ആര്‍. റഹ്‌മാന്റെ പശ്ചാത്തലസംഗീതം ഗംഭീരമാണ്. അതും അങ്ങേയറ്റത്തെ സാങ്കേതികശബ്ദമികവോടെ. ബോളിവുഡ് ഛായാഗ്രഹകന്‍ നീരവ് ഷായാണ് ക്യാമറ. എല്ലാ രംഗങ്ങളിലും ആക്ഷന്‍ സംഭവിക്കുന്ന, ത്രിഡിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന ദൃശ്യങ്ങള്‍ അസാധാരണ മിഴിവോടെ ഒപ്പിയെടുത്തിട്ടുണ്ട് നീരവ് ഷാ. 

തമിഴിലേക്ക് ആദ്യമായെത്തുന്ന ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്കുമാര്‍ പക്ഷിശാസ്ത്രജ്നായ വൃദ്ധനായി ശ്രദ്ധ നേടുന്നുണ്ട്. എന്നാല്‍ പോസ്റ്ററുകളിലൊക്കെ കാണുന്ന ആ വിചിത്രമനുഷ്യനായി എത്തുമ്പോള്‍ ചുറ്റും എരിപൊരി റോബോട്ട് സഞ്ചാരം നടക്കുന്നതുകൊണ്ട് പ്രകടനം അപ്രസക്തമാകും. ഡോ. വസീഗരന്റെ പെഴ്സണല്‍ അസിസ്റ്റന്റായ റോബോട്ടായെത്തുന്നത് ഐ നായിക ആമി ജാക്സണ്‍ ആണ്. ആമി ജാക്സണിന്റെ ഭാവാഭിനയത്തിനു പറ്റിയ റോള്‍ എന്നല്ലാതെ എന്തു പറയാന്‍. കലാഭവന്‍ ഷാജോണ്‍ ആണ് മറ്റു ശ്രദ്ധേയ വേഷങ്ങളിലൊന്ന് അവതരിപ്പിക്കുന്നത്. 

ഷങ്കര്‍ എന്നും ബ്രഹ്‌മാണ്ഡ സിനിമകളുടെ അമരക്കാരനായാണ് അറിയപ്പെടുന്നത്. 1993-ലാണ് വന്‍ബജറ്റിലൊരുക്കിയ ജന്റില്‍മാനുമായി വന്ന് ഷങ്കര്‍ തമിഴകം കീഴടക്കുന്നത്. 25 വര്‍ഷങ്ങള്‍ക്കുശേഷം അതിന്റെ 25 മടങ്ങിലേറെ ചെലവിട്ട് മറ്റൊരു ബ്രഹ്‌മാണ്ഡചിത്രം സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ അടിസ്ഥാനപരമായി മറന്നുപോകുന്ന തത്വമുണ്ട്, വെറും പണംമുടക്കി പണം പിടിച്ചെടുക്കുന്ന ചൂതാട്ടം മാത്രമല്ല സിനിമ. അതില്‍ അടിസ്ഥാനപരമായി കലയും കഥയും വേണം. 2.0 യില്‍ നിര്‍ഭാഗ്യവശാല്‍ ഇതു രണ്ടും അപ്രത്യക്ഷമാണ്. 

റേറ്റിങ് 2/5

2.0 movie review, Shankar, Yenthiran, Rajinikanth, Rajani kanth, Akshay Kumar, Chitti, Rorbot