ല്ലാസ് ഉണ്ണികൃഷ്ണന്റെ കന്നി സംവിധാന സംരംഭമാണ് സഖറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്.  സിനിമയില്‍ ലാല്‍, ബാബു ആന്റണി, മനോജ്. കെ.ജയന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളാവുന്നു. 
ഒരു എസ്റ്റേറ്റ് ബംഗ്ലാവിലാണ് കഥ നടക്കുന്നത്. പട്ടാളത്തിലെ മേയര്‍ ആയിരുന്ന സഖറിയാ പോത്തനും ( മനോജ്. കെ.ജയന്‍) ഭാര്യ മരിയയും (പൂനം ബജ്‌വ) വളരെ സന്തോഷത്തോടെ താമസിക്കുന്ന ഇടമാണ് ഈ ബംഗ്ലാവ്. കൂട്ടിന് സഹായി ചാമിയും (ബാബു ആന്റണി) ഉണ്ട്. യാദൃശ്ചികമായി ക്രിസ്മസ് തലേന്ന് അവിടെ ഒരാള്‍ വഴി മാറിയെത്തുന്നു. പിന്നീട് അപ്രതീക്ഷിതമായ ഒരു ദുരന്തം അവിടെ സംഭവിക്കുന്നു. പത്തു വര്‍ഷത്തിനു ശേഷം സഖറിയാ പോത്തന്റെ അടുത്ത സുഹൃത്ത് സച്ചിദാനന്ദന്‍ (ലാല്‍ ) ഈ ദുരന്തത്തെക്കുറിച്ചറിയുന്നു. അതിന്റെ പിന്നിലെ ദുരൂഹതകളെ കുറിച്ച് അറിയാനും ദുരന്തങ്ങളുടെ കാരണം കണ്ടു പിടിക്കാനും ഈ ബംഗ്ലാവിലെത്തുന്നു. പിന്നീട് അവര്‍ അവിടെ നടത്തുന്ന അന്വേഷണമാണ് സിനിമയുടെ ആകെത്തുക. 

ഒരു മിസ്റ്ററി ആകുമ്പോള്‍ കാലാകാലങ്ങളായി പിന്തുടരുന്ന കുറേ രീതികളുണ്ട്. കുന്നിറങ്ങിയും കയറിയും പോകുന്ന വഴികളും ഹില്‍ സ്റ്റേഷനിലെ ബംഗ്ലാവും ഒക്കെയാണ് ഇവിടത്തെ വ്യവസ്ഥാപിത മാര്‍ഗങ്ങള്‍. ബ്രോം സ്റ്റോക്കറില്‍ നിന്നും അഗതാ ക്രിസ്റ്റിയില്‍ നിന്നും ഹോളിവുഡിലേക്കും പിന്നീട് ലോകത്തുടനീളവും അതേ ട്രെന്‍ഡ് നിലനിന്നു. മലയാളത്തിലും പ്രേതങ്ങളും കൊലപാതകികളും കുന്നിന്‍ മുകളില്‍ കുടിയിരുന്നു. ഒരു പ്ലോട്ടിനും മേക്കിങ്ങ് രീതികള്‍ക്കും മുന്നേ പീരുമേട്ടിലെ ഒറ്റപ്പെട്ട ബംഗ്ലാവ് അവിടെ നടക്കുന്ന കഥ എന്ന രീതിയില്‍ ഉരുവപ്പെട്ട തിരക്കഥ പോലുണ്ടായിരുന്നു. സഖറിയാ പോത്തന് ജീവിതത്തിലെ എല്ലാ ദൃശ്യങ്ങളും വീഡിയോ ക്യാമറയില്‍ പകര്‍ത്തുന്ന പതിവുണ്ട് എന്നു കാണിക്കുന്ന ആദ്യ ദൃശ്യത്തോടെ ഏതാണ്ട് കഥ കഴിഞ്ഞു. പ്രേക്ഷകര്‍ക്ക് ഊഹിക്കാന്‍ ഒന്നും ബാക്കി വക്കുന്നില്ല.

കാതടപ്പിക്കുന്ന പശ്ചാത്തല സംഗീതവും സ്ലോ മോഷനും ഒക്കെ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുന്ന രീതി പ്രേക്ഷകര്‍ക്ക് തീരാ തലവേദന സൃഷ്ടിക്കും. സിനിമയിലെ അപ്രധാന കഥാപാത്രങ്ങള്‍ പോലും നടക്കുമ്പോള്‍ പിന്നില്‍ സൂപ്പര്‍ ഹീറോകള്‍ക്ക് മലയാള സിനിമ പൊതുവെ ഉപയോഗിക്കുന്ന തരം മ്യൂസിക്കാണ്. ഇതിന്റെ സാംഗത്യം സിനിമ തീരും വരെ കാണികള്‍ക്കു മനസിലാവില്ല. മൈന്‍ഡ് ഗെയിം പോലുള്ള സാങ്കേതികതകള്‍ പ്രേക്ഷകരിലേക്ക് എത്തിയതുമില്ല. പല തരം കഥകള്‍ സങ്കല്‍പ്പിച്ച് മൂന്നു പേര്‍ പത്തു വര്‍ഷം മുന്‍പു നടന്ന സംഭവത്തിന്റെ ചുരുളഴിക്കുന്ന യുക്തിയും വിചിത്രമാണ്. ഹാസ്യമെന്ന പേരില്‍ സിനിമയില്‍ നടക്കുന്ന കാര്യങ്ങളും പ്രേക്ഷകര്‍ ഉള്‍ക്കൊണ്ടില്ല എന്നാണ് ടിക്കറ്റ് എടുത്തു വന്നവര്‍ ഇറങ്ങിപ്പോയതില്‍ നിന്നു മനസിലായത്. മനോജ്. കെ.ജയന് നല്‍കിയ നാടക മട്ടിലുള്ള സംഭാഷണവും പ്രണയത്തിലെ വൈചിത്ര്യവും ഉള്‍ക്കൊള്ളാന്‍ പറ്റില്ല. ഇപ്പോള്‍ 'തേപ്പ് ' മിനിമം ഗ്യാരണ്ടി കൈയടി കി്ട്ടുന്ന ഇനമാണ് എന്ന ധാരണക്കു പോലും ആരെയും ആകര്‍ഷിക്കാനായില്ല.

ഏറ്റവും സൂക്ഷ്മ ശ്രദ്ധയോടെ എടുക്കേണ്ട സിനിമാ ഗണമാണ് മിസ്റ്ററി. കാരണം പ്രേക്ഷകരുടെ യുക്തിയോടും ബുദ്ധിയോടുമാണ് ഇത്തരം സിനിമകള്‍ സംവദിക്കുന്നത്. പക്ഷെ സഖറിയാ പോത്തന്‍ ജീവിച്ചിരിപ്പുണ്ട് പ്രേക്ഷകരുടെ യുക്തിയെ വല്ലാതെ നിസാരമായി കണ്ടു എന്നതാണ് പ്രശ്‌നം. 

Content Highlights: Zacharia Pothen Jeevichirippundu Movie Review , Ullas Unnikrishnan, Manoj K. Jayan, Babu Antony, Lal, Poonam Bajwa, Neeraj Madhav