നസ്സുകൊണ്ട് സംസാരിക്കുന്ന ചിലരുണ്ട്. മനസ്സില്‍നിന്ന് മനസ്സിലേക്കാണ് ആ സംസാരങ്ങളൊക്കെ ചെന്നവസാനിക്കുക. സുലോചന ഒരിക്കലും ഒരു 'ബ്യൂട്ടി ക്വീന്‍' ആയിരുന്നില്ല. അവളുടെ അഴകിനെ ആരെങ്കിലും പ്രകീര്‍ത്തിച്ചുകേട്ടതുമില്ല. പക്ഷേ, കണ്ണുകളിലേക്ക് നോക്കി സുലു സംസാരിക്കുമ്പോള്‍ അത് അറിയാത്ത ഏതൊക്കെയോ വാതിലുകള്‍ തുറന്ന് മനസ്സിനുള്ളിലേക്ക് കയറുന്നു. നിഷ്‌കളങ്കമായ സംസാരത്തിനും വിടര്‍ന്ന ചിരിക്കും കാണെക്കാണെ ഭംഗി കൂടിക്കൂടി വരുന്നതുപോലെ. സുലോചനയുടെ നിഷ്‌കളങ്കതയ്ക്കും നിര്‍വചനം വേറെയാണ്. നിര്‍ഭയമായ, തുറന്ന സംസാരമാണ് ആ കളങ്കമില്ലായ്മ.  

സുരേഷ് ത്രിവേണി സംവിധാനംചെയ്ത 'തുമാരി  സുലു' എന്ന ബോളിവുഡ് ഫാമിലി ഡ്രാമ തുറന്നുവയ്ക്കുന്നത് സുലോചനയുടെ ചിരിയും സംസാരവുമാണ്. ആത്മവിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കുന്ന, തന്റെ ചുറ്റുമുള്ള ലോകം സന്തോഷവും സഹാനുഭൂതിയും നിറഞ്ഞതാക്കുന്ന ഒരു സ്ത്രീയുടെ മാജിക്കല്‍ വ്യൂ ആണ് സുലുവിന്റെ കഥ കാട്ടിത്തരുന്നത്. ഒരര്‍ഥത്തില്‍ സുലോചന എന്ന സുലു മുന്നോട്ടുവയ്ക്കുന്നത് ഒരു രാഷ്ട്രീയമാണ്, സ്വാശ്രയത്വത്തിന്റെ, സ്വാഭിമാനത്തിന്റെ, സ്വകാര്യതയുടെ, സഹവര്‍ത്തിത്വത്തിന്റെ രാഷ്ട്രീയം. ബസില്‍ കയറിയ ഭിന്നലിംഗക്കാരി ഏത് സീറ്റില്‍ ഇരിക്കണമെന്ന് ആശങ്കയോടെ നില്‍ക്കുമ്പോള്‍ അവര്‍ക്കായി തന്റെ ഇരിപ്പിടം പങ്കുവയ്ക്കുന്ന സുലു ആ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. 

ഒറ്റനോട്ടത്തില്‍ ഒരു ഹാപ്പി മൂവിയാണ് തുമാരി  സുലു. കരിയര്‍ വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്ന ഒരു സ്ത്രീ കുടുംബത്തില്‍നിന്നും സമൂഹത്തില്‍നിന്നും നേരിടേണ്ടിവരുന്ന പ്രതിസന്ധികളെ ചിത്രം ഭംഗിയായി പറഞ്ഞുവയ്ക്കുന്നു. മികച്ച സംഭാഷണങ്ങളാണ് ചിത്രത്തിന്റെ മുതല്‍ക്കൂട്ട്. പിന്നെ വിദ്യാ ബാലനും. വിദ്യയുടെ സ്വാഭാവികമായ ചിരിയും സംസാരചാതുര്യവും ഇത്ര മനോഹരമായി ഉപയോഗിച്ച മറ്റൊരു ചിത്രവും ഉണ്ടായിട്ടില്ല എന്ന് പറയാം. 

സിനിമയുടെ സ്വാഭാവിക സൗന്ദര്യാത്മക ചിന്തകളൊന്നും ബാധിക്കാത്ത കഥാപാത്രമാണ് സുലോചന. തടിച്ച ശരീരവും വികലമായ നടത്തവുമുള്ള നായിക. ആര്‍ട്ടിസ്റ്റിന്റെ നൈസര്‍ഗികമായ പ്രത്യേകതകളെ കഥാപാത്രത്തിലേക്ക് ചേര്‍ക്കുമ്പോള്‍ അതിന് ഭംഗിയും ആഴവും കൂടും എന്ന് തോന്നും. വിദ്യയെ സുലുവുമായി ചേര്‍ത്തുവയ്ക്കുമ്പോള്‍ അത് സത്യവുമാണ്. ഡേര്‍ട്ടി പിക്ചറിലൂടെ കാണികളെ ത്രസിപ്പിച്ച മാദകഭംഗിക്ക് തുമാരി  സുലുവില്‍ ഒന്നും ചെയ്യാനില്ല. അവസരങ്ങളെ മനോഹരമായി കൈകാര്യംചെയ്യുന്ന യുക്തിയും വ്യക്തിത്വവുമുള്ള നായിക, ഒരു ഫ്രെയിമില്‍പോലും 'എങ്ങനെ കാണപ്പെടുന്നു' എന്ന ചിന്തയ്ക്ക് അടിപ്പെടുന്നില്ല. 

മുംബൈനഗരത്തിന്റെ തിരക്കുകള്‍ക്കിടയിലൂടെ സ്വച്ഛമായി ഒഴുകുകയായിരുന്നു സുലോചനയുടെ ജീവിതം. ഭര്‍ത്താവ് അശോക് ദുബേ ഒരു ടെക്സ്‌റ്റൈല്‍ കമ്പനിയില്‍ മാനേജര്‍. മകന്‍ പ്രണവിന് പതിനൊന്നുവയസ്സ്. മടുപ്പിക്കുന്ന ഫ്‌ളാറ്റ്ജീവിതമല്ല, വീട്ടുജോലികള്‍ക്കിടയില്‍, കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കിടയില്‍ സമയം തുന്നിക്കൂട്ടിയെടുത്ത് ഓടി പെടാപ്പാടുപെടുന്ന പെണ്‍ജീവിതവുമല്ല, സുലോചനയുടെ വീട്ടില്‍ കാണാനാവുക. ഉദ്യോഗസ്ഥകളായ ഇരട്ടസഹോദരിമാരുടെ അനിയത്തി. ഹൈസ്‌കൂളില്‍ തോറ്റത് മൂന്നുവട്ടം. കിട്ടാവുന്ന മത്സരങ്ങളിലും ലക്കിഡ്രോകളിലും പങ്കെടുക്കുക എന്നതുതന്നെ ഒരു ഹോബിയാണ്. റെസിഡന്‍സ് അസോസിയേഷന്റെ ബെസ്റ്റ് മോം മത്സരവിജയി, നാരങ്ങാസ്പൂണ്‍ മത്സരവിജയി തുടങ്ങി നേട്ടങ്ങള്‍ കുറച്ചേറെയുണ്ട് സുലുവിന്റെ പക്കല്‍. സുലുവിന്റെ തലയിലുദിച്ച ബിസിനസ് ആശയങ്ങളൊക്കെ വീട്ടുകാരുടെ കളിയാക്കല്‍ ഏറ്റുവാങ്ങി അസ്തമിച്ചുകൊണ്ടേയിരുന്നു.  ജോലി നേടി സ്വന്തം കാലില്‍ നില്‍ക്കണമെന്ന് സുലു അതിയായി ആഗ്രഹിച്ചു.
ഒരു ഫ്‌ളാസ്‌ക്, രണ്ട് മൊബൈല്‍ ഫോണ്‍, പ്രഷര്‍ കുക്കര്‍ തുടങ്ങി സുലുവിന്റെ മിടുക്കുകൊണ്ട് വീട്ടിലെത്തിയത് കുറച്ചധികം സമ്മാനങ്ങളാണ്. ഇപ്പോഴിതാ ഒരു പ്രഷര്‍കുക്കര്‍കൂടി. സമ്മാനം ലഭിച്ച വാര്‍ത്തയുമായി 'റേഡിയോ വൗ'വില്‍നിന്ന് അല്‍ബേലി അഞ്ജലി വിളിക്കുമ്പോള്‍ സുലു പതിവുപോലെ ബാല്‍ക്കണിയിലെ ആട്ടുകട്ടിലില്‍ ഇരുന്ന് പഠാണി പൊളിക്കുന്നതിനിടയിലുള്ള ചെറു മയക്കത്തിലായിരുന്നു. കുക്കറിന് പകരം ടി.വി. കിട്ടുമോ എന്ന് ചോദിച്ചുനോക്കി സുലു. 

റേഡിയോ വൗവിലെ സന്ദര്‍ശനമാണ് സുലോചനയുടെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. ആര്‍.ജെ. ആകണമെന്ന സുലുവിന്റെ ആവശ്യം കേട്ട് പ്രവൃത്തിപരിചയമുണ്ടോ എന്ന് അന്വേഷിച്ചു, മേധാവിയായ മരിയ സൂദ്. സുലുവിന്റെ മറുപടി ഇങ്ങനെയായിരുന്നു, ''ഇല്ല. എന്നാല്‍ എനിക്കത് ചെയ്യാന്‍കഴിയും.'' തുമാരി  സുലു എന്ന ചിത്രത്തിന്റെ 'ഡ്രൈവ്' ഈ വാചകമാണ്. ഫെമിനിസവും കുടുംബബന്ധങ്ങളും ഈഗോകളും ഒക്കെ തുമാരി  സുലുവില്‍ കടന്നുവരുന്നു. 

പ്രതിസന്ധികള്‍ നേരിടേണ്ടിവരുമ്പോള്‍ തുടക്കത്തിലെ ഒഴുക്കും ദൃഢതയും നായികാകഥാപാത്രത്തില്‍നിന്ന് ചോര്‍ന്നുപോകുന്നുണ്ട്. സ്‌നേഹമുണ്ടെങ്കിലും ഭാര്യയുടെ സ്വാശ്രയത്വം ഭയപ്പെടുത്തുന്ന ഭര്‍ത്താവിനെ മാനവ് കൗള്‍ മനോഹരമായി അവതരിപ്പിച്ചു. ചിലയിടത്ത് മുറുകിയും ചിലയിടത്ത് അയഞ്ഞും കുത്തഴിഞ്ഞുപോയ തിരക്കഥ മാറ്റിനിര്‍ത്തിയാല്‍ മികച്ച സിനിമാനുഭവമാണ് തുമാരി  സുലു.

Content Highlights:  Tumhari Sulu Movie review, Vidya Balan, Suresh Triveni, Tumhari Sulu Review