ല്ലാവരും ഒരുപോലെയല്ല എന്ന് എല്ലാവര്‍ക്കുമറിയാം. എങ്കിലും എല്ലാവരും ഒരുപോലെയാകണമെന്ന് വാശിപിടിക്കുന്നവരുടേതാണ് നമ്മുടെ സമൂഹം. ആ സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുന്ന, പരിഹസിക്കാന്‍ മാത്രം മറ്റുള്ളവര്‍ മനസ്സിലാക്കുന്ന വേറിട്ടമനുഷ്യരുടെ കഥയാണ് ശ്യാമപ്രസാദിന്റെ ഹേയ് ജൂഡ്. സിനിമകളിലെ 'നോര്‍മലായ' നായകകഥാപാത്രസൃഷ്ടികള്‍ക്കിടയിലെ അത്ര 'നോര്‍മലല്ലാത്ത' നായകനായാണ് നിവിന്‍പോളി ജൂഡിനെ അവതരിപ്പിക്കുന്നത്. സവിശേഷമായ ഈ കഥാസാഹചര്യത്തെ ഒട്ടും മുഷിയാതെ, ശ്യാമപ്രസാദിന്റെ കരിയറിലെ ഏറ്റവും കളര്‍ഫുള്ളായ കാഴ്ചകൂടിയായി അവതരിപ്പിക്കുന്ന ജൂഡ് മെച്ചപ്പെട്ട കാഴ്ചാനുഭവമാണ്. സന്തോഷം(ഹാപ്പിനെസ്) എന്ന വികാരത്തെ ഒരു തീമാക്കിയും അതിനെ 'നോര്‍മല്‍' അല്ലാത്ത ഒരു മനുഷ്യനിലൂടെ അവതരിപ്പിക്കാനുമാണ് ശ്യാമപ്രസാദ് ശ്രമിക്കുന്നത്. വ്യക്തികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ശ്യാമപ്രസാദ് സിനിമകളുടെ കാതല്‍. ഇവിടെയും അതുതന്നെയാണ്. പക്ഷേ, ആന്തരികസംഘര്‍ഷങ്ങളും സങ്കീര്‍ണതകളും കൂടുതലുള്ള വ്യക്തികള്‍ തമ്മിലാണെന്നു മാത്രം. ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡറില്‍ പെട്ട ആസ്പെന്‍ജര്‍ സിന്‍ഡ്രോം  എന്ന അവസ്ഥയിലൂടെ കടന്നുപോകുന്ന വ്യക്തിയാണ് നായകനായ ജൂഡ്.

ഗണിത, ശാസ്ത്ര അറിവുകളില്‍ അസാധാരണ ഓര്‍മശക്തിയും ശേഷിയുമുണ്ടെങ്കിലും സോഷ്യല്‍, കമ്യൂണിക്കേഷന്‍ ശേഷികളില്‍  അന്തര്‍മുഖനും വികാരങ്ങളെ തിരിച്ചറിയാനും പ്രകടിപ്പിക്കാനും പ്രയാസമേറിയവനുമാണ് ജൂഡ്. ഗോവയില്‍വെച്ച് ക്രിസ്റ്റല്‍ (തൃഷാ കൃഷ്ണന്‍) എന്ന പെണ്‍കുട്ടിയുമായുണ്ടാകുന്ന ബന്ധം ജൂഡിന്റെ സവിശേഷമായ ജീവിത, പെരുമാറ്റരീതികളെ എങ്ങനെ ബാധിക്കുന്നു എന്നതാണ് സിനിമ പറയുന്നത്. ക്രിസ്റ്റലും ബൈപോളാര്‍ ഡിസോര്‍ഡര്‍ പോലുള്ള ചില പെരുമാറ്റവൈകല്യങ്ങള്‍ക്കുടമയാണ്. ഈ രണ്ടു കഥാപാത്രങ്ങളെ ഗോവയുടെ പശ്ചാത്തലത്തില്‍ തന്റെ പതിവുശൈലികളില്‍നിന്ന് മാറി കുറച്ചൊക്കെ എന്റര്‍ടെയ്നിങ് ആയി എന്നാല്‍ വാണിജ്യസിനിമയാക്കാന്‍ വലിയ വിട്ടുവീഴ്ചകളൊന്നുമില്ലാതെ അവതരിപ്പിക്കുകയാണ് ശ്യാമപ്രസാദ് ചെയ്യുന്നത്. 

ആംഗ്ലോ ഇന്ത്യന്‍ സമൂഹമാണ് ഒരിക്കല്‍കൂടി ശ്യാമപ്രസാദ് പശ്ചാത്തലമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ശ്യാമപ്രസാദിന്റെ പതിവുസിനിമകള്‍ക്കില്ലാത്ത വേഗവും താളവും നിറവും സിനിമയ്ക്കുണ്ട്. ഛായാഗ്രാഹകന്‍ ഗിരീഷിന്റെ ചടുലവും മനോഹരവുമായ ഫ്രെയിമുകളും ഫ്രഷ്നെസ് നല്‍കുന്നുണ്ട്. എന്നാല്‍ സിനിമയുടെ പൊതുസ്വഭാവത്തിനു വിരുദ്ധമായി മനപ്പൂര്‍വം തമാശ സൃഷ്ടിക്കാന്‍ അജുവര്‍ഗീസിനെപ്പോലുള്ള കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിയത് അസ്ഥാനത്തായിപ്പോയി. തുടക്കത്തില്‍ ജൂഡിന്റെ സവിശേഷതകള്‍ കാഴ്ചക്കാരനെ ബോധിപ്പിക്കാനെന്നവണ്ണമുള്ള ഡയലോഗുകളും ആവശ്യത്തില്‍ കൂടുതലുള്ള വിശദാംശങ്ങളായാണ് അനുഭവപ്പെട്ടത്; സ്പൂണ്‍ ഫീഡിങ്പോലെ. അതൊഴിച്ചാല്‍ നിര്‍മല്‍ സഹദേവും ജോര്‍ജും എഴുതിയ തിരക്കഥയ്ക്ക് ജൂഡിനെപ്പോലൊരാള്‍ സമൂഹത്തില്‍ നേരിടുന്ന പ്രതിസന്ധി അനുഭവിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

സിദ്ധിഖ് എന്ന നടന്റെ സാധ്യതകള്‍ ഒരിക്കല്‍കൂടി സിനിമ വിദഗ്ധമായി ഉപയോഗിച്ചിട്ടുണ്ട്. പുരാവസ്തുവില്‍പ്പനക്കാരനായ, ആംഗ്ലോ ഇന്ത്യന്‍ വംശജനായ ഡൊമിനിക്ക് എന്ന ജൂഡിന്റെ പിതാവിന്റെ വേഷമാണ് സിദ്ധിഖിന്റേത്. ചിലപ്പോഴൊക്കെ മുഷിപ്പുതോന്നേണ്ട ആ രംഗങ്ങളെ സരസവും രസകരവുമാക്കുന്നത് സിദ്ധിഖിന്റെ ശൈലിയും പ്രകടനവുമാണ്. നീനാ കുറുപ്പും സവിശേഷമായ മറ്റൊരു വേഷത്തിലെത്തുന്നുണ്ട്. തന്റെ കംഫര്‍ട്ട് സോണില്‍നിന്നു മാറിയാണ് നിവിന്‍ പോളി ജൂഡിന്റെ വേഷത്തിലെത്തുന്നത്. നിവിന്‍ അതുസമര്‍ഥമായി കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളത്തിലേക്ക് ആദ്യമായെത്തിയ തൃഷയും മോശമാക്കിയിട്ടില്ല. 
തൃഷയുടെ അച്ഛനും സൈക്ക്യാട്രിസ്റ്റുമായി വിജയ് മേനോന്‍ എത്തിയതു പതിവുപോലെ ഒരു സ?ിനിമാക്ലീഷേയാക്കി. ഔസേപ്പച്ചനും ഗോപീസുന്ദറും രാഹുല്‍രാജും അടക്കമുള്ളവരുടെ സംഗീതവും പശ്ചാത്തലസംഗീതവും നിലവാരം പുലര്‍ത്തി. 

Content Highlights: hey jude movie review, Hey Jude Review, Trisha Krishnan, Shyamaprasad, Nivin Pauly