പേള്‍ മീഡിയ ആന്‍ഡ് മൂവീസിന്റെ ബാനറില്‍ കാസിം അരിക്കുളവും ആഷിക് ദോഹയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് അക്കല്‍ദാമയിലെ പെണ്ണ്. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജയറാം കൈലാസ് ആണ് സംവിധായകന്‍. 

അക്കല്‍ദാമ എന്നാല്‍ രക്തഭൂമി. ബൈബിളില്‍ പരാമര്‍ശിക്കുന്ന ജെറുസലേമിലെ ശ്മശാനം. യേശുവിനെ ഒറ്റു കൊടുത്തതിന് കിട്ടിയ 30 വെള്ളിക്കാശ് പശ്ചാത്താപഭരിതനായ യൂദാസ് കരിയാത്ത യെറുശലേം ദേവാലയത്തില്‍ എറിഞ്ഞിട്ടു പോയി ആത്മഹത്യ ചെയ്തപ്പോള്‍ ആ പണം കൊണ്ട് മതമേധാവികള്‍ വാങ്ങിയ ശ്മശാനം. രക്തത്തിന്റെ വില കൊടുത്തു വാങ്ങിയതിനാല്‍ 'അക്കല്‍ദാമ' എന്നു പേര്. 

ഒരു സെമിത്തേരിയും അവിടത്തെ തെമ്മാടിക്കുഴിയും പശ്ചാത്തലമായ ഈ സിനിമയ്ക്ക് അക്കല്‍ദാമയിലെ പെണ്ണ് എന്ന പേര് വന്നത് ഇതിലെ കഥാപാത്രങ്ങളും ശ്മശാനവും തമ്മിലുള്ള ബന്ധം കാരണമാണ്. ജീവിക്കാന്‍ മരണത്തെ ആശ്രയിക്കുന്നവരാണ് ഇതിലെ കഥാപാത്രങ്ങള്‍. ചരിത്രാതീതകാലം മുതല്‍ സ്ത്രീകള്‍ നേരിടുന്ന യാതനകളുടേയും നടത്തുന്ന പോരാട്ടങ്ങളുടേയും കഥ പറയുന്ന ചിത്രത്തില്‍ ആഗ്‌നസ്, മകള്‍ മറിയ, മറിയയുടെ മകള്‍ എന്നീ മൂന്നു കഥാപാത്രങ്ങളിലൂടെ മൂന്ന് കാലഘട്ടത്തിലെ സ്ത്രീകളുടെ കഥയാണ് അവതരിപ്പിക്കുന്നത്. 
        
പ്രശസ്ത സംവിധായകനും നടനും നിര്‍മ്മാതാവും ആയ ലാല്‍ ശബ്ദ സാന്നിദ്ധ്യത്തിലൂടെ സേവി എന്ന കഥാപാത്രമായി ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. സേവിയുടെ ഭാര്യ ആഗ്‌നസായി ശ്വേതാ മേനോനും മകള്‍ മറിയയായി മാളവികയും അഭിനയിക്കുന്നു. മമ്മൂട്ടി നായകനായ കമല്‍ ചിത്രം കറുത്ത പക്ഷിയിലെ അന്ധയായ പെണ്‍കുട്ടിയെ അവതരിപ്പിച്ച് സംസ്ഥാന അവാര്‍ഡ് നേടിയ മാളവികയുടെ ആദ്യനായികാ വേഷമാണ് മറിയ. ശക്തമായ വില്ലന്‍ കഥാപാത്രം ആന്റോയിലൂടെ വിനീതിന്റെ വേറിട്ടൊരു മുഖവും ചിത്രത്തില്‍ കാണാം. ജാഫര്‍ ഇടുക്കി, ഷാജൂ, സുധീര്‍ കരമന, രാജേഷ് ഹെബ്ബാര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. 

സീരിയല്‍ രചയിതാവായ സിനോജ് നെടുങ്ങോലത്തിന്റേതാണ് തിരക്കഥ. ക്യാമറ വേണുഗോപാല്‍. ഗാനരചന അനില്‍ പനച്ചൂരാന്‍.  സംഗീതം അല്‍ഫോണ്‍സ്. ശ്രേയാ ഘോഷാല്‍ പാടിയ 'ഒറ്റക്കുയിലിന്റെ മൗനം' എന്ന് തുടങ്ങുന്ന കവിത മലയാളത്തില്‍ നല്ല പാട്ടുകളുടെ തിരിച്ച് വരവിന് തുടക്കം ആകുകയാണ്. ചിത്രം വൈകാതെ പ്രദര്‍ശനത്തിനെത്തും.