വിഘ്‌നേഷ് കാര്‍ത്തികിന്റെ സംവിധാനത്തില്‍ ഐശ്വര്യ രാജേഷ് പ്രധാനകഥാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് തിട്ടം ഇരണ്ട്. സിക്‌സര്‍ എന്റര്‍ടൈന്‍മെന്റ് മിനി സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ നിര്‍മിച്ച ഈ ചിത്രം സോണി ലൈവ് ഒടിടി പ്ലാറ്റ്‌ഫോമിലാണ് പുറത്തിറങ്ങിയത്.

ആതിര എന്ന പോലീസ് ഉദ്യോഗസ്ഥയുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഐശ്വര്യ അവതരിപ്പിക്കുന്നത്. കുംഭകോണത്തുനിന്ന്‌ ചെന്നൈയിലേക്ക് സ്ഥലംമാറ്റം കിട്ടിയ ആതിര ബസ് യാത്രയ്ക്കിടെ അര്‍ജുന്‍ എന്ന യുവാവിനെ പരിചയപ്പെടുന്നു. ചെന്നൈയില്‍ യാത്ര അവസാനിക്കുന്നതോടു കൂടി ആതിരയുടെ മനസ്സില്‍ അര്‍ജുനോട് ആകര്‍ഷണം തോന്നുന്നു. അപ്പോഴേക്കും അയാള്‍ ബസില്‍ നിന്ന് ഇറങ്ങിപ്പോയിട്ടുണ്ടായിരുന്നു. ജോലിയില്‍ പ്രവേശിച്ച ആതിര അര്‍ജുനെ  അവിചാരിതമായി വീണ്ടും കാണുന്നു. അവിടെ നിന്നാരംഭിക്കുന്ന സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് സഞ്ചരിക്കുകയാണ്.

അങ്ങനെയിരിക്കെയാണ്, ആതിരയുടെ ആത്മസുഹൃത്ത് സൂര്യയുടെ ഭര്‍ത്താവ് ഡോക്ടര്‍ കിഷോര്‍ തന്റെ ഭാര്യയെ കാണാനില്ലെന്ന വിവരം വിളിച്ചറിയിക്കുന്നത്. മോഡലിങ്ങില്‍ അവസരത്തിനായി സൂര്യ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും യാഥാസ്ഥിതികരായ മാതാപിതാക്കള്‍ അവളെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും അതിനാല്‍ അവരുമായി വഴക്കിട്ടു പിരിഞ്ഞുവെന്നും ആതിര മനസ്സിലാക്കുന്നു. അതിനിടയിലാണ് ഒരു കാട്ടുപ്രദേശത്ത് നിന്ന് കത്തിയമര്‍ന്ന ഒരു വാഹനവും ഒരു മൃതശരീരവും ലഭിക്കുന്നത്. കാര്‍ സൂര്യയുടേതാണെന്ന് മനസ്സിലാക്കുന്നതോടെ പിന്നീട് മൃതദേഹം വിദഗ്ധ പരിശോധയ്ക്ക് വിധേയമാക്കുന്നു. അത് സൂര്യയുടേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നു. 

ആരാണ് സൂര്യയെ കൊന്നത്? കിഷോറിന് സൂര്യയുടെ മരണത്തില്‍ പങ്കുണ്ടോ? ആതിരയെ പ്രണയിക്കുന്ന അര്‍ജുന്‍ യഥാര്‍ഥത്തില്‍ ആരാണ്? കൊല്ലപ്പെട്ട വ്യക്തി സൂര്യ തന്നെയോ? ഇതിനുള്ള ഉത്തരമാണ് രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ത്രില്ലറില്‍ ഒരുക്കി വച്ചിരിക്കുന്നത്. ധ്രുവങ്ങള്‍ പതിനാറ് എന്ന ചിത്രത്തില്‍ കാര്‍ത്തിക് നാരേന്‍ സ്വീകരിച്ച  മേക്കിങ് ശൈലിയുമായി ഈ ചിത്രത്തിന്റേതിന് സാമ്യമുണ്ട്. ചിത്രത്തിലുടനീളം ഒട്ടേറെ സസ്‌പെന്‍സുകളും ഒരുക്കിവച്ചിട്ടുണ്ടെങ്കിലും ജെന്‍ഡര്‍ ഐഡന്റിന്റി പ്രശ്‌നം, ദുരഭിമാനം, പ്രണയം അങ്ങനെ ഒട്ടേറെ വിഷയങ്ങളിലൂടെ ഈ ചിത്രം സഞ്ചരിക്കുന്നുവെങ്കിലും അത് പ്രേക്ഷകരുമായി സംവദിക്കുന്നതില്‍ പൂർണമായി വിജയിച്ചുവോ എന്നു സംശയം. ചില സസ്‌പെന്‍സുകളെല്ലാം അല്‍പ്പം അതിശയോക്തി നിറഞ്ഞതായിരുന്നു. എന്നിരുന്നാലും മുന്‍ധാരണകളില്ലാതെ കണ്ടിരിക്കാവുന്ന ഒരുത്രില്ലറാണ് തിട്ടം ഇരണ്ട്.

ഗോകുല്‍ ബിനോയുടെ ഛായാഗ്രാഹണവും സതീഷ് രഘുനാഥന്റെ സംഗീതവും ഐശ്വര്യ രാജേഷ്, പവേല്‍ നവഗീതന്‍, ഗോകുല്‍ ആനന്ദ്, അനന്യ രാമപ്രദാസ്, സുഭാഷ് സെല്‍വം തുടങ്ങിയ അഭിനേതാക്കളുടെ പ്രകടനവും  മികച്ചു നില്‍ക്കുന്നവയായിരുന്നു.

Content Highlights: Thittam Irandu, Vignesh Karthick, Aishwarya Rajesh Movie, Sony Liv