ചിരി വേണോ..? നല്ലോണം ചിരി ഉണ്ട്, അടി വേണോ..? നല്ല നാടൻ തല്ലുണ്ട്, പാട്ട് വേണോ..? ഹൃദയംനുകരുന്ന പാട്ടുകളുണ്ട്, പൈങ്കിളി പ്രണയമുണ്ട്, സമകാലിക രാഷ്ട്രീയമുണ്ട്, ഒറ്റവാക്കിൽ പറഞ്ഞാൽ എല്ലാം സമം ചേർത്ത ഒന്നാന്തരം ക്ലീൻ ഫാമിലി എന്റർടെയ്‌നറാണ് ' തിങ്കളാഴ്ച നിശ്ചയം'. വടക്കന്റെ മണ്ണ് അടിത്തറയാക്കി സെന്ന ഹെഗ്‌ഡേ എന്ന സംവിധായകൻ അസ്സലായി മെനഞ്ഞെടുത്ത യൂനിവേഴ്‌സൽ സിനിമയെന്ന് തിങ്കളാഴ്ച നിശ്ചയത്തെ വിശേഷിപ്പിക്കാം. സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച രണ്ടാമത്തെ സിനിമയ്ക്കും, മികച്ച കഥയ്ക്കുമുള്ള പുരസ്‌കാരം നേടിയ ചിത്രം  സോണി ലിവ് ഒ.ടി.ടി.പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രേക്ഷകന്റെ മുന്നിലെത്തിയിരിക്കുന്നത്.  

പേര് പോലെ തന്നെയാണ് തിങ്കളാഴ്ച ദിവസം നടക്കുന്ന ഒരു വിവാഹനിശ്ചയത്തെ ആധാരമാക്കിയാണ് ചിത്രം കഥ പറയുന്നത്. മെയ്ഡ് ഇൻ കാഞ്ഞങ്ങാട് എന്ന ടാഗ് ലൈൻ പൂർണാർഥത്തിൽ സിനിമയുടെ ഭാഷയിലും സംഗീതത്തിലും എല്ലാം നിറഞ്ഞുവച്ചിട്ടുണ്ട്. ഒരുദേശത്തിന്റെ ഭാഷ എത്രമേൽ സുന്ദരമായി കഥയിൽ സന്നിവേശിപ്പിക്കാം എന്ന് തിങ്കളാഴ്ച നിശ്ചയത്തിലൂടെ സംവിധായകൻ കാണിച്ചു തരുന്നു. 

കാഞ്ഞങ്ങാട്ടെ സാധാരണക്കാരനായ വിജയൻ എന്ന കുവൈത്ത് വിജയന്റെ വീടാണ് സിനിമയുടെ കഥാപശ്ചാത്തലം. ഭാര്യയും രണ്ട് പെൺമക്കളും ഒരാൺ കുട്ടിയും അടക്കം അഞ്ച് പേരടങ്ങുന്ന മിഡിൽക്ലാസ്സ് കുടുംബം. ആ വീട്ടിലെ വിവാഹ നിശ്ചയ തലേന്ന് നടക്കുന്ന സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. 

മികച്ചൊരു കഥയെ നർമത്തിൽ പൊതിഞ്ഞ് നമ്മുടെ സാമൂഹിക രാഷ്ട്രീയ ചുറ്റുപാടുകളിലൂടെ അവതരിപ്പിച്ച് പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് കൈമാറുകയാണ് സംവിധായകൻ  ചെയ്തിരിക്കുന്നത്. കഥയുടെ പുറത്തേക്ക് നീട്ടിവെക്കുന്ന ചിന്തകൾ സമകാലിക രാഷ്ട്രീയ പശ്ചാത്തലവുമായി എളുപ്പത്തിൽ ബന്ധപ്പെടുത്താനാവുന്നവയാണ്.  

വിജയന്റെ സാമ്പത്തിക ചുറ്റുപാടുകളെ കുറിച്ചും അയാളുടെ കാഴ്ചപ്പാടുകളെ കുറിച്ചും ആദ്യഭാഗത്ത് തന്നെ വരച്ചുവെക്കുന്നുണ്ട്. വിജയന്റെയും കുടുംബത്തിന്റെയും സാമ്പത്തിക പരാധീനതകളെ പറയാൻ ചുരുക്കം ചില ഡയലോഗുകളും രംഗങ്ങളും മാത്രമാണ് സംവിധായകൻ ഉപയോഗിക്കുന്നത്. അതേ സമയം തന്നെ  കുവൈറ്റിലെ രാജഭരണത്തെ ഇഷ്ടപ്പെടുകയും ജനാധിപത്യത്തെ എതിർക്കുകയും ചെയ്യുന്ന വിജയനിലെ ഗൃഹനാഥനായ പുരുഷനെയും ആദ്യം തന്നെ കാട്ടിത്തരുന്നുണ്ട്. ഈ രണ്ടു വെളിപ്പെടുത്തലുകളും പിന്നീടുള്ള സിനിമയുടെ മുന്നോട്ട് പോക്കിൽ കഥയ്‌ക്കൊപ്പം സഞ്ചരിക്കാൻ പ്രേക്ഷകന് ഏറെ സഹായകവുമാവുന്നുണ്ട്. ചിരിയും പ്രണയവും നിറച്ച് സാവധാനം മുന്നോട്ട് പോകുന്ന തിരക്കഥയ്ക്ക് എപ്പോഴും ഇനി എന്ത് സംഭവിക്കും എന്നൊരു ആകാംക്ഷ പ്രേക്ഷകരിൽ നിലനിർത്താൻ സാധിക്കുന്നുണ്ട്. 

നിശ്ചയ തലേന്ന് വീട്ടിൽ നടക്കുന്ന ഒരുക്കങ്ങളും, ബന്ധുക്കളുടെ വരവും, അവർ തമ്മിലുള്ള  കുശലവും കുശുമ്പും കുന്നായ്മയും നിറഞ്ഞ വർത്താനങ്ങളുമെല്ലാം കൈയടക്കത്തോടെ പറഞ്ഞുപോകുന്നു. വിജയൻ എന്ന കഥാപാത്രത്തിന്റെ ഹൈവോൾട്ടേജ് പ്രകടനത്തിൽ എന്തു സംഭവിക്കുന്ന ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകന് മുഖത്ത് ഒരുചിരിപടക്കം പൊട്ടിച്ചുകൊണ്ടുള്ള ക്ലൈമാക്‌സ് സീനുകൾ പ്രത്യേകം അഭിനന്ദനമർഹിക്കുന്നത് തന്നെ. പോസ്റ്റ് ക്രൈഡിറ്റ് സീനിലും ഒരേസമയം ചിരിയും ചിന്തയും നിറയ്ക്കാൻ സംവിധായകന് സാധിച്ചു.

പുതുമുഖ താരങ്ങളുടെ അസാമാന്യ പ്രകടനം കടലാസിലെ കഥയെ സ്‌ക്രീനിൽ അതിന്റെ പതിന്മടങ്ങ് സുന്ദരമാക്കാൻ കരുത്തായിട്ടുണ്ടെന്ന് ഉറപ്പിക്കാം.  സിനിമയിൽ കാണുന്നവരിൽ ഭൂരിഭാഗവും മലയാളി ഇതുവരെ കണ്ടിട്ടില്ലാത്ത മുഖങ്ങളായതിനാൽ കഥാപാത്രങ്ങളിലും ഒരു ഫ്രഷ്‌നസ് ഉടനീളം അനുഭവപ്പെടുന്നുണ്ട്. പ്രകടനത്തിന്റെ കാര്യത്തിൽ ഓരോരുത്തരും തങ്ങളുടെ ഭാഗം ഏറ്റവും മികച്ചതാക്കണമെന്ന പിടിവാശിയിൽ അഭിനയിച്ചിട്ടുണ്ട്. വിജയനായി അഭിനയിച്ച മനോജിന്റെ ക്ലൈമാക്‌സ് രംഗങ്ങളിലെ പ്രകടനം സിനിമയെ മറ്റൊരുതലത്തിലേക്ക് ഉയർത്തുന്നു. തീർത്തും നെഗറ്റീവായി പോകാവുന്ന കഥാപാത്രത്തെ കൃത്യമായ വരയിലൂടെ കൊണ്ടുപോയി കൈയടിപ്പിക്കാൻ മനോജിന് കഴിഞ്ഞു. 

അനഘ നാരായണൻ ( സുജ), ഉണ്ണിമായ നാൽപ്പാടം ( സുരഭി),സുനിൽ സൂര്യ (സന്തോഷ്), രഞ്ജി കാങ്കോൽ ( ഗിരീഷ്), അജിഷ പ്രഭാകരൻ ( ലളിത), അർപിത് (സുജിത്), അനുരൂപ് ( ലക്ഷ്മി കാന്ത്) എന്നിവരുടെ പ്രകടനം എടുത്തുപറയേണ്ടത് തന്നെ. അമ്മാവൻ, മെമ്പർ കഥാപാത്രം തുടങ്ങി കഥാവഴിയിൽ ഒരുസീനിൽ കടന്നുവരുന്ന ഗുഡ്‌സ് ഡ്രൈവർ വരെ ഓരോത്തുർക്കും പ്രകടനത്തിൽ ഫുൾമാർക്ക് നൽകാം. ഇത്രയും മികച്ച അഭിനേതാക്കളെ കണ്ടെടുത്ത ചിത്രത്തിന്റെ കാസ്റ്റിങ് ഡിപ്പാർട്ടമെന്റ് കൈയടി അർഹിക്കുന്നു.  വരും നാളുകളിൽ ധൈര്യപൂർവം ഉപയോഗിക്കാൻ പറ്റുന്ന ഒരുപിടി താരങ്ങളെ തിങ്കളാഴ്ച നിശ്ചയത്തിൽ നിന്ന് ഭാവി മലയാള സിനിമ കണ്ടെടുക്കുമെന്നുറപ്പാണ്.

കഥയുടെ പശ്ചാത്തലമായ വടക്കൻ ഗ്രാമീണതയ്ക്ക് ഒപ്പം ചേർന്നു പോകുന്ന പാട്ടുകളും പശ്ചാത്തല സംഗീതവും സിനിമയുടെ ഒഴുക്കിന്റെ സൗന്ദര്യം കൂട്ടുന്നുണ്ട്. മുജീബ് മജീദെന്ന സംഗീത സംവിധായകനാണ് ഇതിന് പിറകിൽ. കൊതിപ്പിക്കുന്ന ഫ്രെയിമുകളുടെ പെരുന്തച്ചൻ ശ്രീരാജ് രാജേന്ദ്രനാണ്. കേവലം വിവാഹവും പ്രണയവും ഒളിച്ചോട്ടവും എന്നതിനപ്പുറത്ത് ഏകാധിപത്യവും ജനാധിപത്യവും തമ്മിലുള്ള സംഘർഷമായി സിനിമയെ നോക്കികണ്ടാൽ മറ്റൊരു വായനയ്ക്ക് കൂടിയുള്ള വാതിൽ മുന്നിൽ തുറന്നുകിട്ടും. ക്ലൈമാക്‌സ് സീനുകളിൽ ഇത്തരമൊരു വായനയ്ക്ക് വിശാലമായ ഇടം സംവിധായകൻ അവശേഷിപ്പിക്കുന്നുണ്ട്. പാരമ്പര്യവാദങ്ങളുടെ ചുമടുമായി ഇന്നും നമ്മുടെ വീടുകളിൽ ജീവിക്കുന്ന ഒരുപാട് വിജയമാരുടെ ജീവിതം കൂടിയാണ് ഈ സിനിമയെന്ന തിരിച്ചറിവ് സമൂഹത്തിൽ പുതിയൊരു വെളിച്ചത്തിന് കൂടി തിരികൊളുത്തട്ടെ. ഇത്രയം ഗംഭീരമായൊരു സിനിമ സാധ്യമാക്കിയ സെന്ന ഹെഗ്‌ഡേയ്ക്ക് ടീമിനും നിറഞ്ഞ കൈയടി. ചിരിയും ചിന്തയും രാഷ്ട്രീയവുമെല്ലാം നിറയ്ക്കുന്ന നല്ല സിനിമകളെ ഇഷ്ടപ്പെടുന്നയാളാണങ്കിൽ നിങ്ങൾ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രമാണ് 'തിങ്കളാഴ്ച നിശ്ചയം'.

 

content highlights : Thinkalazhcha Nishchayam movie review Senna Hegde Kerala State Film Awards 2020