മസോൺ പ്രെെമിൽ റിലീസായ ഏറ്റവും പുതിയ പരമ്പരയാണ് ​ദ വീൽ ഓഫ് ടെെം. മികച്ച പ്രേക്ഷക പ്രതികരണമാണ് ആദ്യ നാല് എപ്പിസോഡുകൾ പുറത്ത് വന്നതോടെ പരമ്പരയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാങ്കേതികമായി മുമ്പിൽ നിൽക്കുന്ന പരമ്പര മികച്ച ദൃശ്യാനുഭവമാണ് ഫാന്റസി സീരീസ് ആരാധകർക്കും സാധാരണ പ്രേക്ഷകർക്കും സമ്മാനിക്കുന്നത്. അമേരിക്കൻ എഴുത്തുകാരനായ റോബർട്ട് ജോർദാന്റെ 'ദ വീൽ ഓഫ് ടെെം' എന്ന ഫാന്റസി നോവൽ പരമ്പരയിലെ 14 പുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് ദ വീൽ ഓഫ് ടെെം ഒരുക്കിയിരിക്കുന്നത്. ഒരു പ്രീക്വൽ നോവലും രണ്ട് കമ്പാനിയൻ പുസ്തകങ്ങളും കൂടാതെ 14 വാല്യങ്ങളാണ് വീൽ ഓഫ് ടൈമിനുള്ളത്. റേഫ് ജഡ്കിൻസാണ് നോവലിനെ ആമസോൺ പ്രെെമിന് വേണ്ടി ​ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. 

എട്ട് എപ്പിസോഡുകളുള്ള പരമ്പരയുടെ ആദ്യ സീസണിലെ മൂന്ന് എപ്പിസോഡുകളാണ് റിലീസ് ദിവസമായ നവംമ്പർ 19ന് പുറത്തിറക്കിയത്. എല്ലാ വെള്ളിയാഴ്ചയും ഒരു എപ്പിസോഡ് എന്ന നിലയിലാകും മറ്റ് എപ്പിസോഡുകൾ ആമസോൺ പുറത്തിറക്കുക. നാല് എപ്പിസോഡുകളാണ് ഇതുവരെ പുറത്തിറങ്ങിയിരിക്കുന്നത്. ​ഗോൺ ​​ഗേൾ, ഡെെ അനതർ ഡേ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ റോസമുണ്ട് പെെക്ക് പരമ്പരയിൽ‌ പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നുണ്ട്. റോസമുണ്ട് പെെക്കിനെ കൂടാതെ മണി ഹെയ്സ്റ്റ് എന്ന പരമ്പരയിലൂടെ പ്രശസ്തനായ ആൽവാരോ മോർട്ടെ, ഡാനിയേൽ ഹെന്നെയ്,  മാഡലീൻ മാഡൻ, ജോഷാ സ്ട്രാഡോവ്സ്കി, ബാർണി ഹാരിസ്, സോ റോബിൻസ്, മാർക്കസ് റൂതർഫോർഡ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

വളരെ സങ്കീർണമായ നോവലിലെ കഥാതന്തു ലളിതമായി അവതരിപ്പിക്കുന്നതിൽ പരമ്പരയുടെ സ്രഷ്ടാക്കൾ വിജയിച്ചിട്ടുണ്ട്.  വർഷങ്ങൾക്കുമുമ്പ്, ഡ്രാഗൺ എന്ന് വിളിക്കുന്ന ശക്തനായ ഒരു മാന്ത്രികന്റെ നേതൃത്വത്തിൽ പുരുഷന്മാർ ഡാർക്ക് വണ്ണിനെ തടവിലിടാൻ ശ്രമിച്ചു. എന്നാൽ ആ ശ്രമം പരാജയപ്പെടുകയും അത് ലോകത്തെ തകർക്കുകയും ചെയ്തു. ഇരുപതു വർഷങ്ങൾക്ക് മുമ്പ് ഡ്രാഗൺ പുനർജനിച്ചുവെന്നും ഡാർക്ക് വണ്ണിന്റെ അനുയായികൾക്ക് ഡ്രാ​ഗണെ കണ്ടെത്താനാകുന്നതിന് മുമ്പ് അയാളെ കണ്ടെത്താനുള്ള മൊറെയ്നിന്റെ അന്വേഷണത്തിലാണ് കഥ ആരംഭിക്കുന്നത്. ആ അന്വേഷണം മൊറെയ്നെ ടൂ റിവേഴ്‌സ് എന്ന ​പ്രദേശത്തിലേക്ക് നയിക്കുന്നു. അവിടെ ഡ്രാഗൺ ആണെന്ന് സംശയിക്കുന്ന നാല് 20 വയസ്സുകാരെ മൊറെയ്ൻ കണ്ടെത്തുന്നു. പ്രതീക്ഷിക്കാതെയുള്ള ഡാർക്ക് സെെന്യത്തിന്റെ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമടങ്ങുന്ന ഉദ്വേ​ഗമുണർത്തുന്ന നിരവധി രം​ഗങ്ങളാൽ സമ്പന്നമാണ് ​ദ വീൽ ഓഫ് ടെെം. 

പുസ്‌തകങ്ങൾ വായിച്ചവരെപ്പോലും മടുപ്പിക്കുകയോ നിരാശപ്പെടുത്തുകയോ ചെയ്യാത്ത വണ്ണം അതിമനോഹരമായാണ് അണിയറപ്രവർത്തകർ സീരീസ് ഒരുക്കിയിരിക്കുന്നത്. നിരവധി കഥാപാത്രങ്ങളെ വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ പരിചയപ്പെടുത്തുന്നതിൽ ഷോ റണ്ണേഴ്സ് വിജയിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ പുസ്തകത്തിലുള്ള എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ചരിത്രവും മാന്ത്രികതയുടെ ലോകത്തെ നിയമങ്ങളും വിശദീകരിക്കുകയും ചെയ്യുന്നത് ചെറിയ കാര്യമല്ല.  

ഡിസംബർ 24-നാണ് ഒന്നാം സീസണിലെ അവസാന എപ്പിസോഡ് ആമസോൺ പുറത്തിറക്കുന്നത്. ഇതിനോടകം തന്നെ പരമ്പരയുടെ രണ്ടാം സീസണിന്റെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. അടുത്ത വർഷം നവംബറോടെ തന്നെ രണ്ടാം സീസണും എത്തുമെന്നാണ് സൂചന.

Content Highlights: the wheel of time review, amazone prime new web series, web series review, Alvaro Morte