1984 ലെ ഭോപ്പാല്‍ ദുരന്തത്തെ ആസ്പദമാക്കി വെബ് സീരീസ് ഒരുങ്ങുന്നു. യഷ് രാജ് ഫിലിംസാണ് സീരീസിന്റെ നിര്‍മാതാക്കള്‍. ' ദ റെയില്‍വേ മെന്‍' എന്ന് പേരിട്ടിരിക്കുന്ന സീരീസില്‍ മാധവന്‍, കെ.കെ മേനോന്‍, ദിവ്യേന്ദു ശര്‍മ എന്നിവര്‍ക്ക് പുറമെ അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബബില്‍ ഖാനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഭോപ്പാല്‍ വാതക ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ നേതൃത്വനിരയിലുണ്ടായിരുന്ന റെയില്‍വേ ജീവനക്കാര്‍ക്കുള്ള ആദരമാണ് ഈ സീരീസെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ശിവ് രാവൈലാണ് സംവിധായകന്‍.  യഷ് രാജ് ഫിലിംസിന്റെ ആദ്യ വെബ് സീരീസ് പ്രൊഡക്ഷനാണ് 'ദ റെയില്‍വേ മെന്‍'. ഡിസംബര്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന സീരീസ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറങ്ങും.

അമേരിക്കന്‍ രാസവ്യവസായ ഭീമനായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഇന്ത്യയിലെ ഭോപ്പാലിലുണ്ടായിരുന്ന കീടനാശിനി നിര്‍മ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തമാണ് ഭോപ്പാല്‍ ദുരന്തം എന്ന് അറിയപ്പെടുന്നത്. 1984 ഡിസംബര്‍ 2-ന് 42 ടണ്‍ മീഥൈല്‍ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കില്‍ വെള്ളം കയറുകയും പിന്നീട് നടന്ന രാസപ്രവര്‍ത്തനങ്ങളുടെ ഫലമായി ടാങ്കിനുള്ളിലെ താപനില 200 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുകയും ചെയ്തു.

ഫോസ്ജീന്‍, ഹൈഡ്രജന്‍ സയനൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡുകള്‍ എന്നീ വിഷവാതകമിശ്രിതങ്ങളും മീഥൈല്‍ ഐസോസയനേറ്റും അന്തരീക്ഷത്തിലേയ്ക്ക് വ്യാപിച്ചു. കാറ്റിന്റ ദിശയ്ക്കനുസരിച്ച് വാതകം ഭോപ്പാല്‍ നഗരത്തിലുടനീളം പടര്‍ന്നതോടെ ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്.

READ MORE: അന്നയാള്‍ ഇല്ലായിരുന്നെങ്കില്‍, കാണ്‍പുര്‍ എക്‌സ്പ്രസ് ശവശരീരം കൊണ്ടു നിറഞ്ഞേനെ.

 

Content Highlights: The Railway Men web series on Bhopal disaster,Yash Raj Films,  R Madhavan Kay Kay Menon, Divyenndu Sharma, Irrfan Khan’s son Babil Khan