രാജ്-ഡികെ ജോടി സംവിധാനം ചെയ്ത ഫാമിലി മാന്‍ സീസണ്‍ 2 ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം തുടരുകയാണ്. മനോജ് ബാജ്പേയി, സാമന്ത അകിനേനി, പ്രിയാമണി തുടങ്ങിയവരാണ് ഈ വെബ് സീരിസില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

9 എപ്പിസോഡുകളുള്ള സീസണ്‍ 2 ജൂണ്‍ 4നാണ് റിലീസ് ചെയ്തത്. മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്ത് നിന്ന് അണിയറ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

ചിത്രത്തിലെ അഭിനേതാക്കളുടെ പ്രതിഫലക്കണക്കുകള്‍ പുറത്ത് വന്നിരിക്കുകയാണിപ്പോള്‍. കേന്ദ്രകഥാപാത്രമായ ശ്രീകാന്ത് തിവാരിയെ അവതരിപ്പിക്കുന്ന മനോജ് വാജ്‌പേയിക്കാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം. 10 കോടിയാണ് മനോജ് ബാജ്‌പേയിക്ക് ഇരു സീസണുകളിലുമായി ആകെ ലഭിച്ച പ്രതിഫലം. രണ്ടാം സീസണില്‍ മാത്രം അഭിനയിച്ച സാമന്തയ്ക്കാണ് പ്രതിഫലത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനം. നാല് കോടിയോളമാണ് സാമന്തയുടെ പ്രതിഫലം. പ്രിയാമണിയ്ക്ക് 80 ലക്ഷവും ഷരീഫ് ഹഷ്മിക്ക് 65 ലക്ഷവും ദര്‍ശന്‍ കുമാറിന് 1 കോടിയും അസ്ലേഷ താക്കൂറിന് 50 ലക്ഷവും ശരത് കേല്‍ക്കാറിന് 1.6 കോടിയും രൂപയാണ് പ്രതിഫലമെന്ന് അണിയറ പ്രവര്‍ത്തകരോടടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് ഫാമിലി മാന്‍ 2 റിലീസ് ചെയ്തത്. തമിഴ് ജനതയെയും, ഈഴം ലിബറേഷന്‍ മൂവമെന്റിനേയും തെറ്റായി കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സീരീസിനെതിരേ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ട്രെയ്ലര്‍ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെപ്രതിഷേധം ശക്തമായത്. സാമന്തയ്ക്കെതിരേയും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. ശ്രീലങ്കയിലെ തമിഴരുടെ മോചനത്തിന് ശ്രമിക്കുന്ന ഒരു തമിഴ്പോരാളിയുടെ കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിക്കുന്നത്. വിവാദത്തില്‍ സമാന്തയോട്  മൗനം പാലിക്കാന്‍ ആമസോണ്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlights: The Family Man season 2, Remuneration For Manoj Bajpayee, Priyamani, Samantha Akkineni