മസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ഫാമിലി മാന്‍ 2 ന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് നാം തമിഴര്‍ കച്ചി നേതാവ് സീമന്‍. തമിഴ് ജനതയെയും, ഏലം ലിബറേഷന്‍ മൂവമെന്റിനേയും തെറ്റായി കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സീമന്‍ ആമസോണ്‍ പ്രൈമിന് കത്തയച്ചു. സീരീസിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടും റിലീസ് ചെയ്തത് ശരിയായില്ല. പ്രദര്‍ശനം നിര്‍ത്തിവച്ചില്ല എങ്കില്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സീമന്‍ പറയുന്നു. 

'ഞങ്ങളുടെ വികാരത്തെ മാനിക്കാതെയാണ് നിങ്ങള്‍ വെബ് സീരീസ് റിലീസ് ചെയ്തത്. ഇനിയും അത് പ്രദര്‍ശനം തുടരുകയാണെങ്കില്‍ ലോകമെമ്പാടുമുള്ള  തമിഴരില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയരും. പ്രൈം വീഡിയോ അടക്കമുള്ള ആമസോണ്‍ സര്‍വീസുകള്‍ വിലക്കാന്‍ ആവശ്യപ്പെട്ട് ഞങ്ങള്‍ ക്യാംപെയിനും ആരംഭിക്കും'- എന്നാണ് സീമന്‍ ആമസോണ്‍ പ്രൈമം ഇന്ത്യയുടെ ഹെഡ് അപര്‍ണ്ണ പുരോഹിതിന് എഴുതിയ കത്തില്‍ പറയുന്നത്.

മനോജ് ബാജ്‌പേയി, സാമന്ത അകിനേനി, പ്രിയാമണി തുടങ്ങിയവരാണ് സീരിസില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ട്രെയ്‌ലര്‍ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് പ്രതിഷേധം ശക്തമായത്. സാമന്തയ്‌ക്കെതിരേയും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. ശ്രീലങ്കയിലെ തമിഴരുടെ മോചനത്തിന് ശ്രമിക്കുന്ന ഒരു തമിഴ്‌പോരാളിയുടെ കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിക്കുന്നത്. വിവാദത്തില്‍ സമാന്തയോട് വിഷയത്തില്‍ മൗനം പാലിക്കാന്‍ ആമസോണ്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlights: family man 2 ,Seeman Threatens Massive Campaign To Boycott Amazon Prime Video