താപ്സി പന്നു, വിക്രാന്ത് മാസെ, ഹർഷവർദ്ധൻ റാണെ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ഹസീൻ ദിൽറുബ നെറ്റ്ഫ്ലിക്സിൽ റിലീസിനെത്തി. 'ഹസ്സെ തോ ഫസ്സെ' എന്ന ബോളിവുഡ് ചിത്രത്തിന് ശേഷം വിനിൽ മാത്യു സംവിധാനം ചെയ്ത ചിത്രം റൊമാന്റിക് മിസ്റ്ററി ത്രില്ലർ ആണ് . കനിക ധില്ലൺ ആണ് കഥയും തിരക്കഥയും.

വിവാഹേതര ബന്ധങ്ങളും അതിനെത്തുടർന്നുണ്ടാകുന്ന കുറ്റകൃത്യങ്ങളും ചർച്ചയാകുന്ന സമൂഹത്തിലാണ് ഇതേ പ്രമേയവുമായി ഈ ചിത്രം പ്രദർശനത്തിനെത്തുന്നത്. റാണി കശ്യപ്, ഋഷഭ് സക്സേന, നീൽ സക്സേന എന്നിവരുടെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. 

ചന്തയിൽ നിന്നും മാംസം വാങ്ങി വന്ന റാണി തെരുവ് നായ്ക്കൾക്ക് അതിൽ നിന്നും കുറച്ച് വീതിച്ചു നൽകുന്നിടത്ത് നിന്നാണ് കഥ ആരംഭിക്കുന്നത്. ആ തെരുവിനെ ഞെട്ടിച്ചുകൊണ്ടാണ് ആ സമയം അവളുടെ വീട്ടിൽ സ്ഫോടനം നടക്കുന്നത്. സ്ഫോടനത്തിൽ തകർന്ന വീടിനുള്ളിൽ നിന്ന് റാണിക്ക് കണ്ടെത്താൻ കഴിയുന്നത് തന്റെ പേര് പച്ച കുത്തിയ ഭർത്താവ് റിഷു എന്ന ഋഷഭിന്റെ കൈ ആണ്. പിന്നീട് നടന്ന പോസ്റ്റ്മോർട്ടത്തിൽ ഋഷഭിന്റെ മരണകാരണം സ്ഫോടനമല്ലെന്ന് കണ്ടെത്തുന്നതോടെ റാണി പോലീസിന്റെ നോട്ടപ്പുള്ളിയാവുന്നു. അതിന് കാരണം ഋഷഭിന്റെ അടുത്ത ബന്ധുവായ നീലുമായി അവൾക്കുണ്ടായ 'അവിഹിത ബന്ധവും'. തുടർന്ന് ചോദ്യം ചെയ്യലിനായി റാണിയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുന്നതോടെയാണ് ഇവരുടെ ജീവിതത്തിൽ സംഭവിച്ച രഹസ്യങ്ങളുടെയും ചുരുളഴിഞ്ഞു തുടങ്ങുന്നത്. 

നിരവധി സ്ത്രീ കേന്ദ്രീകൃത സിനിമകൾ അടുത്തിടെ ബോളിവുഡിൽ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ ഹസീൻ ദിൽറുബയെ സ്ത്രീ കേന്ദ്രീകൃതമെന്ന് വിശേഷിപ്പിക്കാനാകുമോയെന്ന് സംശയമാണ്. ഒളിഞ്ഞും തെളിഞ്ഞും ചിത്രം പ്രോത്സാഹിപ്പിക്കുന്നത് 'ടോക്സിക് റിലേഷനെയാണ്' എന്ന് നിസംശയം പറയാം. പുരോ​ഗമന  ചിന്താ​ഗതിക്കാരിയായ, ജീവിതം അടിച്ചു പൊളിച്ച് ആഘോഷിക്കേണ്ടതാണെന്ന ചിന്താ​ഗതിയുള്ള, ധൈര്യശാലിയായ റാണിയ്ക്ക് ഒട്ടും ഒത്തുപോകാൻ പറ്റാത്ത ബന്ധമായിരുന്നു റിഷുവുമായുണ്ടായിരുന്നത്. വിവാഹത്തോടെ ഡൽഹിയിൽ നിന്നും ജ്വാലപൂരിലേക്ക് പറിച്ച് നടപ്പെടുന്നതോടെ അവളുടെ ജീവിത സങ്കൽപങ്ങൾക്ക് കോട്ടമുണ്ടാകുന്നു. മാനസികമായി മാത്രമല്ല ശാരീരികമായി ഇരുവരും ഇരുധ്രുവങ്ങളിൽ ആകുന്നതോടെയാണ് നീൽ അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. താൻ 'തെറ്റ് ചെയ്തെന്ന്' മനസിലാക്കുകയും, അത് തിരിച്ചറിഞ്ഞ്  ഭർത്താവിനോട് അ​ഗാധമായ പ്രണയം തോന്നിത്തുടങ്ങുകയും ചെയ്യുന്ന റാണി റിഷു തനിക്ക് നൽകുന്ന എല്ലാ കടുത്ത ശിക്ഷകളും സന്തോഷത്തോടെ ഏറ്റുവാങ്ങി, നാളെ അവൻ തന്നെ കൊലപെടുത്തിയാൽ അതും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് പ്രതിഞ്ജയെടുത്ത് ആ ജീവിതത്തിൽ തുടരാൻ തീരുമാനിക്കുകയും ചെയ്യുന്നത് അപകടകരമായ ബന്ധങ്ങളെ സാമാന്യവത്കരിക്കുന്നതിന് തുല്യമാണ്.

പ്രത്യേകിച്ചും ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളം ഏറെ ചർച്ച ചെയ്ത സ്ത്രീധന പീഡന മരണങ്ങളിൽ പലരും ഇതേ ടോക്സിക് റിലേഷനുകളുടെ ഇരകളാണെന്ന യാഥാർഥ്യം മുന്നിലുള്ളപ്പോൾ ഹസീൻ ദിൽറുബയെ ആശയപരമായി സ്വീകരിക്കാൻ  പ്രയാസം തോന്നും. 

റാണിയായെത്തിയ താപ്സി പന്നു, ഋഷഭായെത്തിയ വിക്രാന്ത് മാസെ, നീൽ ആയെത്തിയ ഹർഷവർദ്ധൻ റാണെ മൂവരുടെയും പ്രകടനം ചിത്രത്തെ മികച്ചതാക്കുന്നുണ്ട്. കഥാപാത്രത്തിന്റെ നിസഹായതയും ദേഷ്യവും സങ്കടവും ഒട്ടും കൃത്രിമത്വമില്ലാതെ അവതരിപ്പിച്ച വിക്രാന്തിന്റെ പ്രകടനമാണ് ചിത്രത്തിന്റെ നട്ടെല്ല്. ചിത്രത്തിൻ്റെ പ്രധാന പശ്ചാത്തലമായ ഹരിദ്വാറിനടുത്തുള്ള ജ്വാലാപൂരിന്റെ മനോഹാരിത ഒപ്പിയെടുത്ത ജയകൃഷ്ണയുടെ ഛായാ​ഗ്രഹണവും  പ്രേക്ഷകരെ പിടിച്ചിരുത്തും.  എങ്കിലും കഥാപരമായി ചിത്രം മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളോട് ചിലർക്കെങ്കിലും എതിർപ്പ് തോന്നിയാൽ തെറ്റ് പറയാനാകില്ല. 

content highlights : tapsee pannu vikrant massey harshavardhan rane movie haseen dilruba review netflix