ലോകമെമ്പാടുമുള്ള മനുഷ്യരുടെ സുഗമമായ ജീവിതത്തെ പ്രതിന്ധിയിലേക്ക് തള്ളി വിട്ട ഒരു മഹാമാരി. അതിനെ ഓരോ മനുഷ്യനും നേരിട്ടത്, ഇപ്പോഴും നേരിട്ട് കൊണ്ടിരിക്കുന്നത് വ്യത്യസ്തമായ വഴികളിലൂടെയായിരുന്നു. ചിലര്‍ കീഴടങ്ങി, മറ്റു ചിലര്‍ വഴിയില്‍ തളര്‍ന്നു വീണു, ഒരു വിഭാഗം ഈ നിമിഷവും ശുഭാപ്തി വിശ്വാസത്തോടെ പൊരുതിക്കൊണ്ടിരിക്കുന്നു. നിരാശയുടെ പടുകുഴിയില്‍ നിന്ന് പ്രത്യാശയുടെ തീരത്തേക്ക് നടക്കുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധിയാണ് രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തില്‍ ജയസൂര്യ പ്രധാനവേഷത്തിലെത്തിയ സണ്ണിയിലെ നായകന്‍. 

കോവിഡിന്റെ തുടക്കകാലത്താണ് കഥ നടക്കുന്നത്. പ്രവാസ ജീവിതത്തില്‍ നിന്നൊളിച്ചോടി നാട്ടിലെത്തിയ നായകന്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ക്വാരന്റൈന്‍ വാസത്തിനെത്തുന്നു. ബിസിനസില്‍ വലിയ ബാധ്യത വരുത്തി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ആഡംബര  ഹോട്ടലില്‍ മുറിയെടുത്തതിന് പിന്നില്‍ അയാള്‍ക്ക് എന്തോ ഉദ്ദേശമുണ്ട്. ഇതെക്കുറിച്ച് ഒരു സുഹൃത്ത് ചോദിക്കുമ്പോഴും അയാള്‍ക്ക് വ്യക്തമായ ഉത്തരമില്ല. എത്തിയപാടെ നിറുത്താതെ മദ്യപാനം. ലഹരിയെ കൂട്ടുപിടിച്ച് ഓര്‍മകളില്‍ നിന്നൊളിച്ചോടാനുള്ള ശ്രമം പരാജയപ്പെടുമ്പോള്‍ കുപ്പികള്‍ ഓരോന്നായി ഒഴിയുന്നത് സണ്ണി അറിയുന്നില്ല. അവസാന പെഗ്ഗ് ഗ്ലാസിലൊഴിച്ചതിന് ശേഷമാണ് സണ്ണി ഇനി മദ്യകുപ്പികളൊന്നും തന്റെ പക്കലില്ലെന്ന് യാഥാര്‍ഥ്യം തിരിച്ചറിയുന്നത്. മദ്യം ലഭിക്കാനായി വിളിച്ചവരെല്ലാം സണ്ണിയെ കയ്യൊഴിയുന്നു. ക്വാരന്റൈനിലെ വിവരങ്ങള്‍ അറിയാന്‍ വേണ്ടി ഫോണ്‍ ചെയ്യുന്ന പോലീസിനോട് പോലും സണ്ണി മദ്യത്തിനായി കെഞ്ചുന്നു. 

ചുറ്റുമുള്ള ലോകം തകര്‍ന്നടിയുമ്പോഴും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുമ്പോഴും നേരിയ പ്രത്യശ സൂക്ഷിക്കുന്ന കഥാപാത്രത്തെ അതിമനോഹരമായി തന്നെ ജയസൂര്യ അവതരിപ്പിച്ചു. ഒരു വ്യക്തി ഏറ്റവും യാഥാര്‍ഥ്യബോധത്തോടെ പെരുമാറുന്നത് ഏകാന്തതയിലാണ്. ഒറ്റപ്പെടലില്‍ ജീവിക്കുന്ന ഒരാളുടെ എല്ലാ സൂക്ഷ്മചലനങ്ങളും സ്വായത്തമാക്കുന്നതില്‍ ജയസൂര്യ വിജയിച്ചു.  ജയസൂര്യ എന്ന നടന്റെ വണ്‍ മാന്‍ ഷോ തന്നെയാണ് ചിത്രം. 

ഒരു കഥാപാത്രം മാത്രമേ ചിത്രത്തിലുള്ളൂ. അതു തന്നെയായിരിക്കണം സംവിധായകന്‍ നേരിട്ട ഏറ്റവും വെല്ലുവിളി. ഒരു വ്യക്തിയുടെ ആത്മസംഘര്‍ഷങ്ങളിലൂടെയുള്ള യാത്ര പ്രേക്ഷകരില്‍ ഒട്ടും മടുപ്പുളവാക്കാതെ അവതരിപ്പിച്ചതിന് രഞ്ജിത്ത് ശങ്കറിന് കയ്യടി നല്‍കാം. ഒരു മുറിക്കകത്ത് വച്ച് നടക്കുന്ന സംഭവത്തെ ഫ്രെയിമുകളില്‍ ആവര്‍ത്തനമില്ലാതെ പകര്‍ത്തിയ ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്റെ സംഭാവനയും എടുത്തുപറയേണ്ടതാണ്.

യാതൊരു മുന്‍ധാരണകളുമില്ലാതെ സമീപിക്കേണ്ട ചിത്രമാണ് സണ്ണി. ഇതൊരു ത്രില്ലറല്ല.ഒന്നരമണിക്കൂര്‍ നീളുന്ന പരീക്ഷണ ചിത്രം കോവിഡ് പോലൊരു മഹാമാരിയില്‍ പ്രിയപ്പെട്ടവരെ ചേര്‍ത്തുപിടിക്കേണ്ടത് പ്രധാനമാണെന്ന് സണ്ണി പറഞ്ഞുവയ്ക്കുന്നു.

Content Highlights: Sunny Malayalam Movie Review, Jayasurya, Ranjith Shankar, Madhu Neelakandan