സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ഇന്ന് മലയാളത്തില്‍ പുതുമയുള്ള കാര്യമല്ല. സ്ത്രീപക്ഷ സിനിമയെന്നതിലുപരി എടുത്തിരിക്കുന്ന പ്രമേയത്തിന്റെ പ്രാധാന്യം കൊണ്ടും ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്നു അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ 'സാറാസ്'.

ഇത് സാറയുടെ കഥയാണ്. അവളെപ്പോലെ സ്വപ്നങ്ങള്‍ക്കും കുടുംബബന്ധങ്ങള്‍ക്കും ഇടയില്‍പ്പെട്ട് ഏത് ഉപേക്ഷിക്കണം, ഏത് സ്വീകരിക്കണം എന്ന ആശയക്കുഴപ്പവും പിരിമുറുക്കവും നേരിടേണ്ടി വരുന്ന ഓരോ പെണ്‍കുട്ടിയുടെയും കഥയാണ്. 

സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുന്ന സാറയുടെ സ്വപ്നമാണ് സ്വതന്ത്രൃ സംവിധായികയാവുക എന്നത്. ആ സ്വപ്നത്തിന് അവള്‍ക്ക് എല്ലാ പിന്തുണയും നല്‍കി കൂടെ നില്‍ക്കുന്ന ഒരു കുടുംബവുമുണ്ട്. കൗമാരകാലം തൊട്ട് ഒട്ടേറെ പ്രണയങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും വിവാഹവും മറ്റും ചിന്തകളില്‍ ഉണ്ടായിരുന്നുവെങ്കിലും സാറയ്ക്ക് ഒരു വിധത്തിലും അംഗീകരിക്കാനും ഇഷ്ടപ്പെടാനും സാധിക്കാത്ത ഒരു കാര്യമുണ്ട്, കുഞ്ഞുങ്ങളും പ്രസവം. വീട്ടുകാര്‍ വിവാഹാലോചനകളുമായി പിന്നാലെ ഉള്ളത് കൊണ്ട് തന്നെ തന്റെ നിലപാടുകളും ചിന്താഗതികളുമായി ഒത്ത് പോകുന്ന ഒരാളെ കണ്ടെത്തേണ്ടിയിരുന്ന സാറയുടെ മുന്നിലേക്കാണ് അവളെ പോലെത്തന്നെ കുട്ടികളെ ഇഷ്ടമല്ലാത്ത, പ്രസവിക്കാത്ത ഭാര്യയെ മതി തനിക്കെന്ന് തീരുമാനമെടുത്ത ജീവന്റെ കടന്നു വരവ്. വീട്ടുകാരുടെ ആശിര്‍വാദത്തോടെ വിവാഹിതരായ സാറ-ജീവന്‍ ദമ്പതികളുടെ ജീവിതത്തില്‍ പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് സാറാസ് പറയുന്നത്. 

നമ്മുടെ സമൂഹം ഇന്നും പിന്തുടര്‍ന്നു പോരുന്ന 'ആചാരമാണ്' ഒരു പ്രായമായാല്‍ പെണ്മക്കളെ (ആണ്മക്കളെയും ) പെട്ടെന്ന് കെട്ടിച്ചു വിടാന്‍ നോക്കുക,  കെട്ട് കഴിഞ്ഞു കൃത്യം ഒരു മാസം പിന്നിടുമ്പോഴേക്കും വിശേഷമൊന്നും ആയില്ലേ, ആര്‍ക്കാ കുഴപ്പം എന്നീ ചോദ്യങ്ങള്‍ ചോദിച്ച് മാനസികമായി പീഡിപ്പിക്കുക, കുഞ്ഞ് വേണ്ടെന്ന് തീരുമാനമെടുത്തവരെ കുഞ്ഞുങ്ങളില്ലാത്ത ആളുകളുടെ സങ്കടക്കഥകളുടെ കെട്ടഴിച്ചു വിട്ട് പശ്ചാത്താപ വിവശരായി കുഞ്ഞെന്ന തീരുമാനത്തിലെത്തിക്കുക എന്നിവ.  മാറി ചിന്തിക്കാത്ത സമൂഹത്തിന്റെ കണ്ണു തുറപ്പിക്കാനുള്ള ശ്രമമാണ് സാറാസ്. 

സ്വന്തം ജീവിതത്തെക്കുറിച്ചുള്ള തീരുമാനം ഒരു സ്ത്രീയെ ഒറ്റയ്‌ക്കെടുക്കാന്‍ സമ്മതിക്കാത്ത സമൂഹം സ്വന്തം ശരീരത്തിന്മേലുള്ള പൂര്‍ണ അവകാശം സ്ത്രീക്ക് ആണെന്ന് ഇനിയും അംഗീകരിക്കാത്തതില്‍ അത്ഭുതപ്പെടേണ്ടതില്ല.പുരുഷന്മാരെ പോലെ തന്നെ സ്ത്രീകള്‍ക്കും ഏതു കാര്യത്തിലും അഭിപ്രായമുണ്ടാകുമെന്ന് മാത്രമല്ല അവര്‍ക്ക് തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം കൂടിയുണ്ടെന്ന് ഈ ചിത്രം നമ്മെ ഓര്‍മപ്പെടുത്തുന്നു..

അന്ന ബെന്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, ബെന്നി പി. നായരമ്പലം, സിദ്ധിഖ്, മല്ലിക സുകുമാരന്‍ തുടങ്ങിയ താരങ്ങളും അണി നിരക്കുന്നു. കരിയറിലെ നാലാമത്തെ ചിത്രത്തിലും പക്വതയോടെയുള്ള പ്രകടനം കൊണ്ട് അന്ന ശ്രദ്ധ നേടുന്നു.

അക്ഷയ് ഹരീഷ് എന്ന പുതുമുഖത്തിന്റെ തിരക്കഥയും നിമിഷ് രവിയുടെ ഛായാഗ്രഹണവും ഷാന്‍ റഹ്മാന്റെ സംഗീതവും ചിത്രത്തിന് യോജിച്ചതാകുന്നു. ഈ കാലത്തിന്റെതെന്നല്ല, എല്ലാ കാലത്തിന്റേതുമാണ് പ്രമേയം എന്നത് കൊണ്ട് തന്നെ സാറാസ് ഇന്ത്യന്‍ സമൂഹം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നായി തീരുന്നു.

Content Highlights: Saras Movie Review, Anna Ben, jude anthany joseph, sunny wayne