ഒരു സിനിമ തുടങ്ങി കഥാ​ഗതിയിലേക്ക് കടക്കുമ്പോൾ നല്ല രീതിയിൽത്തന്നെ അവസാനിക്കണേ എന്ന്ചിലപ്പോൾ തോന്നാറുണ്ട്.. സിനിമ കഴിയുമ്പോഴും നമ്മെ വേട്ടയാടുന്ന എന്തോ അതിലുണ്ടാവും. സൂര്യയും ജ്യോതികയും നിർമിച്ച് നവാ​ഗതനായ അരിസിൽ മൂർത്തി സംവിധാനം ചെയ്ത 'രാമേ ആന്താലും രാവണേ ആന്താലും' അങ്ങനെയൊരു സിനിമയാണ്.

മുമ്പും പലതവണ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള നീതി നിഷേധിക്കപ്പെടുന്ന സാധാരണക്കാരും കർഷക പ്രശ്നവും അരികുവൽക്കരിക്കപ്പെടുന്ന ​ഗ്രാമീണജീവിതങ്ങളും തന്നെയാണ് ചിത്രത്തിന്റെ ഉള്ളടക്കം. പക്ഷേ അതെങ്ങനെ പറഞ്ഞിരിക്കുന്നു എന്നതിലാണ് കാര്യം. സ്വന്തം 'മക്കളെ' കാണാതായതിനെത്തുടർന്ന് കുന്നിമുത്തു നടത്തുന്ന അന്വേഷണവും പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ ഒരു തലം. തമിഴ്നാടിന്റെ രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ ഭൂപടത്തിൽ ഇല്ലാത്ത കുന്നിമുത്തുവിന്റെ ​ഗ്രാമത്തിലെ സംഭവവികാസങ്ങളുമാണ് മറ്റൊരു തലം.

പ്രധാനകഥയ്ക്ക് താങ്ങാകുന്ന രീതിയിലാണ് മറ്റു സംഭവവികാസങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഒരു മരത്തിന്റെ തായ്ത്തടിയിൽ വളർന്നുനിൽക്കുന്ന ചില്ലകളെന്ന പോലെ. പ്രധാന കഥയുടെ ​ഗൗരവം ഒട്ടും കുറയ്ക്കുന്നില്ല ഉപകഥകൾ. രാഷ്ട്രീയ വിമർശനം തന്നെയാണ് സംവിധായകൻ ഉദ്ദേശിച്ചിരിക്കുന്നത്. ഉദ്യോ​ഗസ്ഥരും രാഷ്ട്രീയക്കാരും വിചാരിച്ചാൽ ഒരു നാട് തന്നെ തിരശ്ശീലയ്ക്ക് പിറകിലേക്ക് മറഞ്ഞ് ആരാലും ഓർമിക്കപ്പെടാതെയാവും എന്നാണ് അടിസ്ഥാനപരമായി ചിത്രം പങ്കുവെയ്ക്കുന്ന ആശയം. 

രാഷ്ട്രീയപ്രവർത്തനം അല്ലെങ്കിൽ പൊതുപ്രവർത്തനം പാവപ്പെട്ടവരിൽ പാവപ്പെട്ടവരുടെ കണ്ണിൽ‌ പൊടിയിടാനുള്ള ഉപാധിയായി മാത്രം കാണുന്ന രാഷ്ട്രീയക്കാരെ കണക്കിന് പരിഹസിക്കുന്നുണ്ട് ചിത്രം. ചിത്രീകരണം നടന്ന സമയം ഏതാണെന്ന് കൃത്യമായി പറയാനാവുന്നില്ലെങ്കിലും ഒരു കൗതുകം ചൂണ്ടിക്കാണിക്കാതിരിക്കാൻ വയ്യ. മുത്തുവിന്റെ ഉറക്കം നഷ്ടപ്പെടുത്തിയ സംഭവങ്ങളുടെയെല്ലാം തുടക്കക്കാരനായ, വില്ലനെന്ന് വേണമെങ്കിൽ പറയാവുന്ന മുഖ്യമന്ത്രിയുടെ കഥാപാത്രത്തിന് തമിഴ്നാട് മുൻമുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടേയും പ്രതിപക്ഷനേതാവിന്റെ കഥാപാത്രത്തിന് ഇപ്പോഴത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെയും വിദൂര മുഖസാദൃശ്യമുണ്ട്.

അഭിനേതാക്കളിലേക്ക് വന്നാൽ കുന്നിമുത്തുവായി പുതുമുഖം മിഥുൻ മാണിക്കം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഭരണകൂടം വ്യവസ്ഥകൾ മുന്നിൽ എല്ലാംകൊണ്ടും നിസ്സഹായനായി നിൽക്കുന്ന കുന്നിമുത്തുവിനെ മിഥുൻ ​ഗംഭീരമാക്കിയിട്ടുണ്ട്. കുന്നിമുത്തുവില്ലാത്ത ഫ്രെയിമുകൾ വളരെ കുറവാണെന്നുതന്നെ പറയാം. വീരായിയായി എത്തിയ രമ്യ പാണ്ഡ്യനും നർമദയായെത്തിയ വാണി ഭോജനും അവരവരുടെ ഭാ​ഗം ഭം​ഗിയാക്കി. എടുത്തുപറയേണ്ട മറ്റൊരാൾ വടിവേൽ മുരു​ഗന്റെ മന്തിന്നിയാണ്. തള്ളിയാൽ മാത്രം സ്റ്റാർട്ടാകുന്ന സ്കൂട്ടർ പ്രേക്ഷക ഹൃദയങ്ങളിലേക്കാണ് അയാൾ ഓടിച്ചുകയറ്റുന്നത്.

എത്ര ദൂരെ പോയാലും, ഏത് ന​ഗരത്തിൽ സ്ഥിരതാമസമാക്കിയാലും സ്വന്തം ​ഗ്രാമത്തെക്കുറിച്ച് ഇടയ്ക്കെപ്പോഴെങ്കിലും ഓർമിക്കുന്നത് നല്ലതാണ് എന്ന് വ്യക്തമാക്കുകയാണ് രാമേ ആന്താലും രാവണേ ആന്താലും. ഇങ്ങനെയൊരു ചിത്രം നിർമിച്ച് ചലച്ചിത്രാസ്വാദകർക്ക് മുന്നിലെത്തിച്ച സൂര്യ-ജ്യോതിക താരജോഡികൾക്കിരിക്കട്ടെ ഒരു കയ്യടി.

content highlights : Raame Aandalum Raavane Aandalum movie Review Directed by Arisil Moorthy