ചില തിരുത്തലുകള്‍ അനിവാര്യമാണ്, ഈ കാലത്തില്‍ അല്ലെങ്കില്‍ മറ്റൊരു കാലത്തില്‍ അത് സാധ്യമായേ മതിയാകൂ. 93-ാം ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ചരിത്രപ്രാധാന്യമുള്ള ഒരു തിരുത്തലിനാണ് ലോകം സാക്ഷിയായത്. 2015-ല്‍ ഉയര്‍ന്നുകേട്ട Oscar so white (ഓസ്‌കാര്‍ വളരെ വെളുത്തതാണ്) ഹാഷ്ടാഗ് പ്രതിഷേധം അക്കാദമിയുടെ പ്രതിച്ഛായക്കുമേല്‍ ഏല്‍പ്പിച്ച മങ്ങലും ആ പ്രതിഷേധത്തെ ഗൗരവമായിക്കണ്ടുള്ള തിരുത്തലുമാണ് ഇത്തവണത്തെ ഓസ്‌കാറിനെ വ്യത്യസ്തമാക്കിയത്. ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയിലെ ആഫ്രിക്കന്‍/ഏഷ്യന്‍ വംശജരുടെയും വനിതകളുടെയും വര്‍ദ്ധിച്ച സാന്നിധ്യം ഇത്തവണത്തെ ഓസ്‌കാറിനെ വേറിട്ടതാക്കി. ഓസ്‌കാര്‍ ചരിത്രത്തില്‍ ആദ്യമായി മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ഏഷ്യന്‍ വനിത സ്വന്തമാക്കിയതും എടുത്തുപറയേണ്ടതാണ്.

11 വര്‍ഷത്തിനുശേഷമാണ് മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ഒരു വനിതക്ക് ലഭിക്കുന്നത്. നൊമാഡ്‌ലാന്‍ഡ് എന്ന ചിത്രത്തിലൂടെ ക്ലോയ് ചാവോയാണ് ആ നേട്ടം സ്വന്തമാക്കിയത്. മികച്ച ചിത്രം, മികച്ച സംവിധായിക, മികച്ച നടി എന്നിങ്ങനെ മൂന്ന് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ഓസ്‌കാര്‍ വേദിയില്‍ തിളങ്ങിയ ഒരു ചിത്രമായിരുന്നു നൊമാഡ്‌ലാന്‍ഡ് (Nomadland). എന്നാല്‍ പുരസ്‌കാരനേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമല്ല, മാറിയ ലോകക്രമങ്ങളില്‍ മനുഷ്യജീവിതം കൂടുതല്‍ പരീക്ഷണാത്മകമായി മാറുകയാണെന്നും സ്വയംതിരഞ്ഞെടുപ്പിലൂടെയും അല്ലാതെയും മനുഷ്യര്‍ അലഞ്ഞുതിരിയലിന്റേതായ ഒരു ജീവിതരീതി ശീലിക്കാന്‍ തുടങ്ങുകയാണെന്നും പറഞ്ഞുവെക്കുകയാണ് ഈ ചിത്രം. അതിനാല്‍ തന്നെ നൊമാഡ്‌ലാന്‍ഡിന്റെ പ്രസക്തി കേവലം അവാര്‍ഡ്‌നേട്ടങ്ങളില്‍ ഒതുങ്ങിപ്പോകുന്നതല്ല.

അറുപത് വയസുകഴിഞ്ഞ ഫേണ്‍ എന്ന സ്ത്രീയുടെ നടോടിജീവിതമാണ് ചിത്രം പറയുന്നത്. നെവാഡ എംപയറിലെ ജിപ്‌സം പ്ലാന്റിലാണ് ഫേണിന് ജോലി. ഒരിക്കല്‍ അവിടുത്തെ ജോലി അവര്‍ക്ക് നഷ്ടമാകുന്നു. ഭര്‍ത്താവിന്റെ മരണം ഉണ്ടാക്കിയ ആഘാതം നിലനില്‍ക്കെ ജോലിനഷ്ടം കൂടി സംഭവിക്കുമ്പോള്‍ ഫേണ്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോകുകയും മറ്റൊരു ജീവിതപരിസരത്തിലേക്ക് അറിയാതെ തന്നെ അവര്‍ ചുവടുമാറുകയും ചെയ്യുന്നു. ഫേണിന് ആകെയുള്ളത് ഒരു വാന്‍ ആണ്. 'വാന്‍ ഗാര്‍ഡ്' എന്നാണ് അവര്‍ ആ വാഹനത്തെ വിളിക്കുന്നത്. പകലുകളില്‍ വാനോടിച്ച് ജോലി അന്വേഷിക്കുകയും രാത്രികാലങ്ങളില്‍ ആ വാന്‍ ഫേണിന് വീടുപോലെ അഭയസ്ഥാനമാകുകയും ചെയ്യുന്നു. ജോലി തേടിയുള്ള യാത്രകള്‍ അവരെ ഒരു നാടോടിജീവിതത്തിലേക്ക് എത്തിക്കുന്നതും ആ യാത്രകളില്‍ കണ്ടുമുട്ടുന്ന പലതരം മനുഷ്യരും അവരുടെ വിചിത്രജീവിതവും ഫേണിന്റെ അതുവരെയുള്ള ജീവിതത്തെ മാറ്റിത്തീര്‍ക്കുന്നതുമാണ് നൊമാഡ്‌ലാന്‍ഡ്. 

ജോലി ഫേണിന് എത്രത്തോളം അനിവാര്യമാണെന്ന് തെളിയിക്കുന്ന, അതിന്റെ തീവ്രത പ്രകടമാക്കുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. പലതരം ജോലികള്‍ ചെയ്യുന്നതിനിടയിലും ഫേണ്‍ ചലിച്ചുകൊണ്ടിരിക്കാനുള്ള തന്റെയുള്ളിലെ ആഗ്രഹത്തെ തിരിച്ചറിയുകയും അലക്ഷ്യമായ യാത്രകള്‍ നടത്തുകയും ചെയ്യുന്നു. അപ്പോഴും അസംതൃപ്തി നിറഞ്ഞ ഒരു ജീവിതമാണ് അവര്‍ ജീവിക്കുന്നത്. പഴയകാലം അവരെ അതിദാരുണമായി വേട്ടയാടുന്നു. അത്തരമൊരു ജീവിതസാഹചര്യത്തിലൂടെ കടന്നുപോകുന്നതിനിടയിലാണ് ബോബ് വെല്‍സ് എന്ന് പേരുള്ള ഒരു നാടോടിയുടെ ക്യാമ്പിലേക്ക് ഫേണ്‍ ചെന്നെത്തുന്നത്. അവിടെനിന്ന് ലഭിക്കുന്ന അനുഭവപാഠങ്ങള്‍ അവരുടെ നാടോടിജീവിതത്തിന് ശക്തി നല്‍കുകയും എല്ലാ ദുഃഖങ്ങളെയും അതിജീവിച്ച് മുന്നേറാനുള്ള ഊര്‍ജമാകുകയും ചെയ്യുന്നു. ആ നാടോടിക്യാമ്പില്‍ എത്തിപ്പെട്ടിരിക്കുന്ന മനുഷ്യര്‍ പങ്കുവെക്കുന്ന അനുഭവങ്ങളും ഒരു നാടോടിയുടെ ജീവിതം എങ്ങനെയായിത്തീരണമെന്നുമുള്ള പാഠങ്ങള്‍ തുടര്‍ന്നുള്ള ഫേണിന്റെ ജീവിതത്തെ നവീകരിക്കാന്‍ പ്രാപ്തിയുള്ളതുമായിരുന്നു. നാടോടിജീവിതം നയിക്കുക ഒട്ടും എളുപ്പമല്ലെന്നും പല സാഹചര്യങ്ങളില്‍ പല വെല്ലുവിളികളും നേരിടേണ്ടതായി വരുമെന്ന് ആ ക്യാമ്പിലെ ചില നാടോടിമനുഷ്യരില്‍നിന്ന് ഫേണ്‍ മനസിലാക്കുന്നു. 

nomadland

ഫേണില്‍ തുടങ്ങി ആ കഥാപാത്രത്തിന്റെ പൂര്‍വജീവിതവും പുതിയ ജീവിതവും പല അടരുകളായി ആവിഷ്‌കരിക്കുന്ന ചിത്രമാണെങ്കിലും കാഴ്ചക്കാരുടെ മനസില്‍ നീറിപ്പിടിക്കുന്ന ചില കഥാപാത്രങ്ങളെക്കൂടി ഉള്‍ക്കൊള്ളുന്നതാണ് നൊമാഡ്‌ലാന്‍ഡ്. സ്വാങ്കി, ലിന്‍ഡ, ഡേവ് എന്നീ കഥാപാത്രങ്ങളും അവരുടെ ജീവിതവും കൂടിക്കലരുമ്പോഴാണ് ചിത്രത്തിന് വ്യത്യസ്തമായ ഒരു കാഴ്ച കൈവരുന്നത്. അവരില്‍ എടുത്തുപറയേണ്ട ഒരു കഥാപാത്രമാണ് സ്വാങ്കി. ഫേണിനെപ്പോലെ മനസില്‍ പഴയകാലത്തിന്റെ ഓര്‍മകളുമായി അലഞ്ഞുകൊണ്ടിരിക്കുന്ന ഒരു നാടോടിയാണ് സ്വാങ്കിയും. കാന്‍സര്‍ബാധിതയായ അവരുടെ ജീവിതം അവസാനനാളുകളോട് അടുത്തുതുടങ്ങുകയാണ്. ഒരു രാത്രിയില്‍ അവര്‍ ഫേണിനോട് താന്‍ അവസാനമായി നടത്താന്‍ ആഗ്രഹിക്കുന്ന യാത്രയെയും കാണാനാഗ്രഹിക്കുന്ന കാഴ്ചകളെയും പറ്റി പറയുന്ന ഒരു രംഗമുണ്ട്. താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച, സുന്ദരമായ കാഴ്ചകള്‍ അലാസ്‌കയിലാണെന്നും അവിടേക്ക് തന്നെ തിരിച്ചുപോകാനാണ് ആഗ്രഹിക്കുന്നതെന്നും പറയുന്ന സ്വാങ്കി കണ്ട കാഴ്ചകളെ ഫേണിനോട് വിവരിക്കുന്നുണ്ട്. പാറക്കെട്ടുകള്‍ക്കിടയില്‍ കൂടുകൂട്ടിയിരിക്കുന്ന മീവല്‍പക്ഷികളെപ്പറ്റി പറയുന്ന സ്വാങ്കി മറ്റൊരിക്കല്‍ ഫേണിന് ഒരു വീഡിയോ അയച്ചുകൊടുക്കുന്നുണ്ട്. പാറക്കെട്ടുകള്‍ക്കിടയിലെ കൂടുകളില്‍നിന്ന് പക്ഷികള്‍ കൂട്ടത്തോടെ പറന്നുപോകുന്ന ഒരു രംഗമാണ് ആ വീഡിയോയില്‍. സ്വാങ്കിയെപ്പോലെ താനും അതിലൊരു പക്ഷിയായി പറക്കുന്നതായി തോന്നിയിരിക്കണം ഫേണിന്. 

വീട് ഒരു വീര്‍പ്പുമുട്ടലായി, തനിക്ക് ഒട്ടും യോജിച്ചതല്ലെന്ന് ഫേണ്‍ മനസിലാക്കുന്ന മറ്റൊരു രംഗമുണ്ട് ചിത്രത്തില്‍. വാന്‍ കേടായി നന്നാക്കാന്‍ പണമില്ലാതെ അവര്‍ സഹോദരിയുടെ വീട്ടില്‍ എത്തുന്ന സന്ദര്‍ഭത്തിലാണത്. കുറച്ചുനേരം വീട്ടില്‍ ചെലവഴിച്ചശേഷം രാത്രിയില്‍ മടങ്ങാന്‍ നേരം സഹോദരി 'ഇന്നു ഇവിടെ നിന്നുകൂടെ' എന്നു ചോദിക്കുന്നു. അപ്പോള്‍ ഫേണ്‍, 'എനിക്ക് ഒരു നിമിഷംപോലും ഈ വീട്ടില്‍ നില്‍ക്കാന്‍ കഴിയില്ല' എന്ന മട്ടിലൊരു സംഭാഷണം നടത്തുന്നു. അത്രയേറെ വീര്‍പ്പുമുട്ടല്‍, അസ്വസ്ഥ വീട് അവരില്‍ സൃഷ്ടിക്കുന്നുണ്ട്. ആ രാത്രിയില്‍ തന്നെ അവര്‍ ആ വീട് വിട്ട് യാത്രയാകുന്നു. ഒരു ഘട്ടത്തില്‍ ഡേവ് എന്ന വൃദ്ധനായ ഒരു നാടോടിയുമായി ഫേണ്‍ വൈകാരികമായ ഒരു ബന്ധം സ്ഥാപിക്കുകയും അത് നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്. 

nomadland

ഒരിക്കല്‍ ഫേണ്‍ ഡേവിന്റെ വീട്ടിലെത്തുന്ന സന്ദര്‍ഭമുണ്ട്. നാടോടിജീവിതം അവസാനിപ്പിച്ച് അയാള്‍ മകനൊപ്പം താമസിക്കുന്ന ഘട്ടത്തിലാണത്. അവിടെവെച്ച് ഡേവ്, ഫേണിനോട് ഇപ്പോഴുള്ള ജീവിതത്തില്‍നിന്ന് മാറാനും ഇനിയുള്ള കാലം തനിക്കൊപ്പം ജീവിക്കാനും പറയുന്നുണ്ട്. എന്നാല്‍ ആ നിര്‍ബന്ധത്തില്‍നിന്ന് ഫേണ്‍ ബോധപൂര്‍വം ഒഴിഞ്ഞുമാറുകയാണ്. പൂര്‍ണമായും ഒരു നാടോടിജീവതത്തിലേക്ക് അവര്‍ പരിവര്‍ത്തനം ചെയ്യുന്നതിന്റെ തീരുമാനം കൂടിയാണ് അത്. സിനിമയുടെ അവസാനത്തില്‍ ഫേണ്‍ ഭര്‍ത്താവുമായി മുമ്പ് താമസിച്ചിരുന്ന നഗരത്തിലെ വീട്ടില്‍ എത്തുന്നുണ്ട്. ഒഴിഞ്ഞ ആ വീടിന്റെ അകത്ത് കുറച്ചുനേരം അവര്‍ ചെലവഴിക്കുന്നു. തുടര്‍ന്ന് പ്രേക്ഷകര്‍ കാണുന്നത് അറ്റമില്ലാത്ത റോഡിലൂടെ നീങ്ങുന്ന ഫേണിന്റെ വാന്‍ ആണ്. പൂര്‍ണമായും ഒരു നാടോടിയിലേക്കുള്ള ഫേണിന്റെ തുടര്‍ച്ചയെ ചിത്രീകരിച്ച് സിനിമ അവസാനിക്കുന്നു.

കാലങ്ങളായി മനുഷ്യന്‍ അനുസരിച്ചു പോന്നിട്ടുള്ളതും ഓരോ തലമുറയേയും പഠിപ്പിച്ചിട്ടുള്ളതുമായ ഒരു ജീവിതക്രമമുണ്ട്. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആ ജീവിതം നയിക്കാന്‍ മനുഷ്യന്‍ നിര്‍ബന്ധിതമായിത്തീരുന്നു. വീട്, കുടുംബം, കുട്ടികള്‍, ജോലി തുടങ്ങിയ കെട്ടുപാടുകളില്‍ കുരുങ്ങിയുള്ള ഒരു ജീവിതമാണ് അവന് സാധ്യമായത്. എന്നാല്‍ യാദൃശ്ചികമായ ചില സംഭവങ്ങള്‍ ലോകത്തിന്റെ ക്രമത്തെ തെറ്റിക്കുകയും ജീവിതത്തിനുമേല്‍ അരക്ഷിതാവസ്ഥയുടെ കരിനിഴല്‍ വീഴ്ത്തുകയും ചെയ്യാറുണ്ട്. അപരിചിതമായ മറ്റൊരു ജീവിതം ജീവിക്കാന്‍ നിര്‍ബന്ധിതമാകുന്ന അവസ്ഥയാണത്. ആഗ്രങ്ങളില്ലാതെ, സ്വന്തമെന്ന അഹങ്കാരമില്ലാതെ പഴയതില്‍നിന്ന് വ്യത്യസ്തമായ ഒരു പുതിയ ജീവിതക്രമം മനുഷ്യന്‍ ശീലിക്കാന്‍ തുടങ്ങുന്നു. ജീവിച്ചിരുന്ന രാജ്യത്തെയും സ്വന്തമെന്ന് വിചാരിച്ച് ചേര്‍ത്തുപിടിച്ചവയെയും വിട്ട് ഒരു നാടോടിജീവിതത്തിന് ധൈര്യപ്പെടുകയാണ് പുതിയ കാലത്തെ മനുഷ്യന്‍. ഈ സിനിമയിലും അത്തരം കുറെ മനുഷ്യരെയാണ് നമുക്ക് കാണാന്‍ കഴിയുക. പരമ്പരാഗതമായ എല്ലാ ജീവിതസങ്കല്പങ്ങളെയും തകര്‍ത്തെറിഞ്ഞ് അലഞ്ഞുതിരിയുന്ന കുറെ ജീവിതങ്ങള്‍! ആ ജീവിതങ്ങളുടെ ഒരു കഷണം പ്രേക്ഷകരുടെ മുന്നിലെത്തിക്കുകയാണ് നൊമാഡ്‌ലാന്‍ഡ്.

Content highlights : oscar winning movie nomadland review malayalam