കോവിഡ് മഹാമാരി നല്‍കിയ പ്രതിസന്ധിയിലൂടെയാണ് എല്ലാവരുമിപ്പോള്‍ കടന്നുപോകുന്നത്. ആള്‍ക്കൂട്ടത്തിലൂടെ രോഗം പകരുന്നത് ഒഴിവാക്കാന്‍ തീയേറ്ററുകള്‍ അടച്ചു. ഒടിടി പ്ലാറ്റ്ഫോമുകളാണ് സിനിമകള്‍ കാണാനുള്ള ഏക ആശ്രയം. ചലച്ചിത്രപ്രേമികള്‍ക്ക് വേണ്ടി വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ഒട്ടനവധി ചിത്രങ്ങളാണ് റിലീസ് ചെയ്തിരിക്കുന്നത്. ഓസ്‌കര്‍, ബാഫ്ത, ഗോള്‍ഡന്‍ ഗ്ലോബ് തുടങ്ങിയ പുരസ്‌കാരവേദികളില്‍ തിളങ്ങിയ ഏതാനും ചിത്രങ്ങള്‍ ഇതാ...

നൊമാഡ്​ലാൻഡ്

ഓസ്‌കര്‍ പുരസ്‌കാരത്തില്‍  മികച്ച നേട്ടം കൊയ്ത ചിത്രമാണ് ക്ലൂയി ചാവോ സംവിധാനം ചെയ്ത നൊമാദ്‌ലാന്‍ഡ്. മികച്ച ചിത്രം, മികച്ച സംവിധാനം, മികച്ച നടി തുടങ്ങിയ വിഭാഗങ്ങളില്‍ ചിത്രം പുരസ്‌കാരം നേടിയിരുന്നു. ഫ്രാന്‍സേ മക്‌ഡൊമാന്‍ഡാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഡിസ്‌നി ഹോട്ട്‌സ്റ്റാറില്‍  ചിത്രം കാണാം.

മിനാരി

93-ാമത് ഓസ്‌കറില്‍ ആറ് വിഭാഗങ്ങളില്‍ നാമനിര്‍ദ്ദേശം നേടിയ  ചിത്രമാണ് മിനാരി. ചിത്രത്തിലെ അഭിനയത്തിന് കൊറിയന്‍  നടി യൂന്‍ ജൂ യൂങ് മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തു. ലീ ഐസക് ചുങ് ആണ് ചിത്രം സംവിധാനം ചെയ്തത്. ആമസോണ്‍ പ്രൈമില്‍ ചിത്രം കാണാം.

അനതര്‍ റൗണ്ട്

തോമസ് വിന്റെര്‍ബെര്‍ഗ് സംവിധാനം ചെയ്ത കോമഡി ഡ്രാമ ചിത്രമാണ് അനതര്‍ റൗണ്ട്. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയടക്കമുള്ള വിവിധി ചലച്ചിത്രമേളകളില്‍ മികച്ച അഭിപ്രായം നേടിയ ചിത്രമാണിത്. 93-ാമത്  ഓസ്‌കറില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചല്‍ സിനിമയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. ആമസോണ്‍ പ്രൈമില്‍  ചിത്രം ലഭ്യമാണ്. 

മാങ്ക്

ഡേവിഡ് ഫിഞ്ചര്‍ സംവിധാനം ചെയ്ത ബയോഗ്രഫിക്കല്‍ ചിത്രമാണ് മാങ്ക്. 93-ാത് ഓസ്‌കറില്‍ മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനും ഛായാഗ്രാഹണത്തിനുമുള്ള പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തു. നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രം കാണാം. 

ട്രയല്‍ ഓഫ് ഷിക്കാഗോ

ആരോണ്‍ സോര്‍ക്കിന്‍ സംവിധാനം ചെയ്ത  അമേരിക്കന്‍ ചരിത്രസിനിമയാണ് ദ ട്രയല്‍  ഓഫ് ഷിക്കാഗോ 7. 93-ാമത് ഓസ്‌കറില്‍ ആറ് നോമിനേഷനുകള്‍  നേടുകയും 78-ാമത് ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ചിത്രം, മികച്ച തിരക്കഥ തുടങ്ങിയ വിഭാഗങ്ങളില്‍  പുരസ്‌കാരം നേടുകയും ചെയ്തു. കൂടാതെ ബാഫ്തയിലും മൂന്ന് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രം കാണാം.

ഈഫ് എനിതിങ് ഹാപ്പന്‍സ് ഐ ലവ്  യൂ

93-ാമത് ഓസ്‌കറില്‍ മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം നേടിയ സിനിമയാണ് ഈഫ് എനിതിങ് ഹാപ്പന്‍സ് ഐ ലവ്  യൂ. വില്‍ മാക്കംറാക്ക്, മൈക്കള്‍ ഗോവിയര്‍ ചേര്‍ന്നാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സില്‍ സിനിമ ലഭ്യമാണ്. 

മൈ റിനീസ് ബ്ലാക്ക് ബോട്ടം

ജോര്‍ജ്ജ് സി വോള്‍ഫ് ചെയ്ത അമേരിക്കന്‍  ബയോഗ്രഫിക്കല്‍ മ്യൂസിക്കല്‍ ഡ്രാമയാണ് മൈ റിനീസ് ബ്ലാക്ക് ബോട്ടം. അന്തരിച്ച നടന്‍ ചാഡ്വിക് ബോസ്മാന്റെ അസാമാന്യപ്രകടനമാണ് ചിത്രത്തിലെ ഏറ്റവും വലിയ ആകര്‍ഷണം. 93-ാമത് ഓസ്‌കറില്‍ മികച്ച വസത്രാലങ്കാരത്തിനും മേക്കപ്പിനുമടക്കം പുരസ്‌കാരങ്ങള്‍ നേടി. നെറ്റഫ്‌ലിക്‌സില്‍ ചിത്രം കാണാം

ഐ കെയര്‍ എ ലോട്ട്

ജെ ബ്ലാക്‌സണ്‍ സംവിധാനം ചെയ്ത അമേരിക്കന്‍ ബ്ലാക്ക് കോമഡി ചിത്രമാണ് ഐ കെയര്‍ എ ലോട്ട്. റോസ്മുണ്ട് പൈക്കാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം റോസ്മുണ്ട് പൈക്ക് സ്വന്തമാക്കിയിരുന്നു. ആമസോണ്‍ പ്രൈമിലും നെറ്റ്ഫ്‌ലക്‌സിലും ചിത്രം ലഭ്യമാണ്. 

Content Highlights: Oscar Gold Globe Movies can watch on OTT Netflix hotstar Amazon Prime release