വടക്കാഞ്ചേരി: ആൻഡ്രോയ്‌ഡ് ആപ്പിലൂടെ സിനിമ റിലീസ് ചെയ്തതിന്റെ ആഹ്ലാദത്തിലാണ് മച്ചാട് സ്വദേശി എൻ.ബി. രഘുനാഥ്. സിനിമാലോകത്തെ വിപ്ലവകരമായ കാൽവെപ്പ് എന്നു വിശേഷിപ്പിക്കാവുന്ന ഈ ആശയം, ലോ ബജറ്റ് ചിത്രങ്ങൾ, സമാന്തരചിത്രങ്ങൾ, പരീക്ഷണചിത്രങ്ങൾ തുടങ്ങിയവയ്ക്ക് വലിയ വേദി തുറന്നിടുന്നു. 

ഇടനിലക്കാരില്ലാതെ, കൈകടത്തലുകളും ഇടപെടലുകളുമില്ലാതെ കലാസൃഷ്ടി നേരിട്ട് പ്രേക്ഷകരിലെത്തിക്കാൻ ഇതിലൂടെ സാധിക്കുന്നു. ലോകസിനിമയിൽ ആദ്യമായി, ആൻഡ്രോയ്‌ഡ് ആപ്പിലൂടെ റിലീസ് ചെയ്ത റെക്കോഡിന് നിശ്ശബ്ദം അർഹമായെന്നാണ് രഘുനാഥിന്റെ അവകാശം. ഒരു സിനിമയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ ഇന്റിവിജ്വൽ ക്രെഡിറ്റ്സ് നേടുന്ന വ്യക്തി എന്ന റെക്കോർഡിനും  രഘുനാഥ് എൻ ബി അരികെയാണ്. ഒരു സിനിമക്കുവേണ്ടി പതിനഞ്ചു ക്രെഡിറ്റുകൾ സ്വന്തമാക്കിയ ജാക്കിച്ചാന്റെ റെക്കോർഡ് ആണ് ഈ ചിത്രത്തിലൂടെ സംവിധായകനായ രഘുനാഥ് മറികടന്നിരിക്കുന്നത്

കൃഷ്ണപ്രഭ നായികയാവുന്ന ചിത്രത്തിൽ പുതുമുഖങ്ങൾക്കാണ് പ്രാമുഖ്യം. കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയുടെ മകൻ രഘുവും ആദ്യമായി സിനിമയിൽ എത്തുന്നു.

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ എൻ.ബി. രഘുനാഥ് രചന, ഗാനങ്ങൾ, സംഗീതം, ഛായാഗ്രഹണം, ചിത്രസംയോജനം, നിർമാണം, സംവിധാനം തുടങ്ങിയവ നിർവഹിച്ചിരിക്കുന്നു. ‘നിശ്ശബ്ദം മലയാളം സിനിമ’ എന്ന ഈ ആപ്പിന് ഇന്ന് മൂന്ന് രീതികളാണുള്ളത്. തികച്ചും സൗജന്യമായ പരസ്യത്തിലൂടെ കൂടിയ വേർഷനും പരസ്യങ്ങളില്ലാതെ ചെറിയ ചെലവിൽ കാണാനുള്ള സൗകര്യവുമുണ്ട്. മറ്റൊന്ന് വലിയ സ്‌ക്രീനിൽ വീട്ടിലിരുന്ന് കാണാൻ ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാം.

രഘുനാഥിന്റെ പൊയ്‌ക്കുതിരകളുടെ പടയോട്ടം, തീർത്ഥയാത്ര എന്നിവ ഇന്ത്യൻ പനോരമയിലും ഇറ്റാലിയൻ, ജർമൻ ചലച്ചിത്രോത്സവങ്ങളിലും പ്രദർശിപ്പിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ഉത്രാളിക്കാവിൽ ചിത്രീകരണം ആരംഭിച്ച നിശ്ശബ്ദം, അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്നു. ഒന്നര മണിക്കൂറാണ് ദൈർഘ്യം.

ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന്‌ ‘നിശ്ശബ്ദം മലയാളം സിനിമ 2021’ എന്ന ഈ മൈക്രോ ഒ.ടി.ടി. ആപ്പ് ഡൗൺലോഡ് ചെയ്ത്‌ സിനിമ കാണാം. ഗൂഗിൾ പ്ലേ സ്റ്റോർ ലിങ്ക്- https://play.google.com/store/apps/details?id=com.nbraghunath.nisabdhamcinema

Content HIghlights: nisshabdam movie, nb raghunath, krishnaprabha actress, malayalam new movie release