ചെന്നൈ: സംവിധായകന്‍ മണിരത്നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മാണത്തില്‍ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയുടെ റിലീസ് നെറ്റ്ഫ്‌ളിക്‌സ്‌ പ്രഖ്യാപിച്ചു. ആഗസ്റ്റ് 6 നാണ് നവരസ റിലീസ് ചെയ്യുന്നത്.

തമിഴ് ആന്തോളജി ചിത്രം നവരസയുടെ ഫസ്റ്റ് ലുക്ക് ടീസറും പുറത്ത് വിട്ടിട്ടുണ്ട്. ചിത്രത്തിന്റെ റിലീസ് തീയ്യതി അടക്കമാണ് ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഓഗസ്റ്റ് ആറിന് ചിത്രം നെറ്റ്ഫ്‌ലിക്‌സിലെത്തും. വിഖ്യാത സംവിധായകന്‍ ഭരത് ബാലയുടെ പ്രത്യേക കണ്‍സെപ്റ്റിലൊരുക്കിയിരിക്കുന്ന ഫസ്റ്റ് ലുക്ക് ടീസറാണ് പുറത്ത് വിട്ടിരിക്കുന്നത്. ആന്തോളജി ചിത്രത്തിലെ ഒന്‍പത് കഥകളിലെയും പ്രധാന താരങ്ങള്‍ വഹിക്കുന്ന ഇമോഷന്‍സിലൂടെയാണ് ടീസര്‍ പ്രേക്ഷകരെ കൊണ്ടുപോകുന്നത്.

ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകള്‍ ഒമ്പത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത. 

പ്രിയദര്‍ശന്‍, ഗൗതം മേനോന്‍, അരവിന്ദ് സ്വാമി,  ബിജോയ് നമ്പ്യാര്‍, അരവിന്ദ് സ്വാമി, സര്‍ജുന്‍, രതിന്ദ്രന്‍ പ്രസാദ്, കാര്‍ത്തിക് സുബ്ബരാജ്, വസന്ത് എന്നിവരാണ് ഒമ്പത് കഥകള്‍ ഒരുക്കിയത്‌.

 ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ അടിസ്ഥാനമാക്കിയാണ് നവരസ ഒരുങ്ങിയിരിക്കുന്നത്.

മണിരത്നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ ടെക്‌നോളജീസിന്റെയും ബാനറില്‍ നിര്‍മിക്കുന്ന ഈ തമിഴ് ആന്തോളജിയുടെ നിര്‍മാണത്തില്‍ ജസ്റ്റ്ടിക്കറ്റിന്റെ ബാനറില്‍  എ.പി. ഇന്റര്‍നാഷണല്‍, വൈഡ് ആംഗിള്‍ ക്രിയേഷന്‍സും  പങ്കാളികള്‍ ആണ്.

ചിത്രത്തിന് ലഭിക്കുന്ന വരുമാനം  തമിഴ് സിനിമാപ്രവര്‍ത്തകരുടെ സംഘടന ഫെപ്സി മുഖേന കൊവിഡ് പ്രതിസന്ധിയില്‍പെട്ട സിനിമാതൊഴിലാളികള്‍ക്ക് നല്‍കും. ഇതിനായി നവരസയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെ സൗജന്യമായാണ് സിനിമയില്‍ പ്രവര്‍ത്തിച്ചത്.

തമിഴ് ചലച്ചിത്രമേഖലയെ സഹായിക്കാനും പിന്തുണയ്ക്കാനുമുള്ള ശക്തമായ പ്രേരണയില്‍ നിന്നാണ് നവരസ എന്ന ആശയം ജനിച്ചതെന്ന് ചിത്രത്തിനെ കുറിച്ച് മണിരത്‌നവും ജയന്ദ്ര  പഞ്ചപകേശനും പറഞ്ഞു.

'ഈ മഹാമാരി കാലം ഏറ്റവും കൂടുതല്‍ ബാധിച്ചത് തങ്ങളുടെ മേഖലയെ ആണെന്ന് മനസ്സിലാക്കി, ഞങ്ങളുടെ സ്വന്തം ആളുകള്‍ക്കായി എന്തെങ്കിലും ചെയ്യാനുള്ള ശക്തമായ ആഗ്രഹം ഞങ്ങള്‍ക്ക് അനുഭവപ്പെട്ടു.

തമിഴ് ചലച്ചിത്രമേഖലയെ സഹായിക്കാനും പിന്തുണയ്ക്കാനുമുള്ള ശക്തമായ പ്രേരണയില്‍ നിന്നാണ് നവരസ എന്ന ആശയം ജനിച്ചത്. ഈ ആശയം ഉപയോഗിച്ച് ഞങ്ങള്‍ സിനിമയിലെ സംവിധായകര്‍, എഴുത്തുകാര്‍, അഭിനേതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരെ സമീപിച്ചു.

എല്ലാവരില്‍ നിന്നും അനുകൂലമായ മറുപടിയായിരുന്നു  പ്രതികരണം. വിവിധ ടീമുകള്‍ ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയത്.

ഏറ്റവും സുരക്ഷിതമായ നടപടികള്‍ സ്വീകരിച്ച് ഒമ്പത് സിനിമകള്‍ പൂര്‍ത്തിയായി.

ഇന്ന് നവരസ ലോകം കാണാന്‍ തയ്യാറാണ്. 190-ലധികം രാജ്യങ്ങളിലെ ആളുകള്‍ ഒരു സിനിമ വ്യവസായം അതിലെ തൊഴിലാളികള്‍ക്ക് വേണ്ടി നിര്‍മിച്ച ഈ സിനിമ കാണും.

 പകര്‍ച്ചവ്യാധിയെ മറികടക്കാന്‍ ഈ ചിത്രത്തില്‍ നിന്നുള്ള വരുമാനം ഞങ്ങളുടെ 12000 സഹപ്രവര്‍ത്തകരെ പിന്തുണയ്ക്കും.

സിനിമയിലുടനീളം വ്യാപകമായ പിന്തുണ ഭൂമിക ട്രസ്റ്റിന്റെ സഹായത്തോടെ പലരും വ്യക്തിഗതമായി നല്‍കിയിട്ടുണ്ട്. ഈ യാത്രയില്‍ പങ്കാളികളായതിന് നെറ്റ്ഫ്‌ലിക്‌സിനോട് ഞങ്ങള്‍ നന്ദിയുള്ളവരാണ്. '

എ.ആര്‍ റഹ്മാന്‍, ജിബ്രാന്‍, ഇമന്‍, അരുല്‍ദേവ്, കാര്‍ത്തിക്, ഗോവിന്ദ് വസന്ത, രോണ്‍തന്‍ യോഹന്‍, ജസ്റ്റിന്‍ പ്രഭാകരന്‍ എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. പി.ആര്‍.ഒ. ആതിര ദില്‍ജിത്ത്.

നവരസയിലെ 9 ചിത്രങ്ങള്‍

പ്രണയത്തെ അടിസ്ഥാനമാക്കി  'ഗിത്താര്‍ കമ്പി മേലെ നിന്ദ്രു'
സംവിധാനം- ഗൗതം മേനോന്‍
അഭിനേതാക്കള്‍- സൂര്യ, പ്രയാഗ മാര്‍ട്ടിന്‍

വീരം പ്രമേയമാക്കി 'തുനിന്ദ പിന്‍'
സംവിധാനം - സര്‍ജുന്‍ അഭിനേതാക്കള്‍ - അഥര്‍വ, അഞ്ജലി, കിഷോര്‍  

രൗദ്രത്തെ അടിസ്ഥാനമാക്കി 'രൗതിരം'
സംവിധാനം - അരവിന്ദ് സ്വാമി അഭിനേതാക്കള്‍ - റിത്വിക, ശ്രീറാം, രമേശ് തിലക് 

കരുണം  ആസ്പദമാക്കി 'എതിരി' സംവിധാനം - ബിജോയ് നമ്പ്യാര്‍ അഭിനേതാക്കള്‍ - വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി, അശോക് സെല്‍വന്‍ 

ഹാസ്യം പ്രമേയമാക്കി 'സമ്മര്‍ ഓഫ് 92' 
സംവിധാനം - പ്രിയദര്‍ശന്‍ അഭിനേതാക്കള്‍ - യോഗി ബാബു, രമ്യ നമ്പീശന്‍, നെടുമുടി വേണു. 

 അത്ഭുതത്തെ ആസ്പദമാക്കി 'പ്രോജക്റ്റ് അഗ്‌നി' 
സംവിധാനം - കാര്‍ത്തിക് നരേന്‍ അഭിനേതാക്കള്‍ - അരവിന്ദ് സ്വാമി, പ്രസന്ന, പൂര്‍ണ 

ഭയാനകം അടിസ്ഥാനമാക്കി 'ഇന്‍മയ്' 
സംവിധാനം - രതിന്ദ്രന്‍ പ്രസാദ് 
അഭിനേതാക്കള്‍ - സിദ്ധാര്‍ത്ഥ്, പാര്‍വതി തിരുവോത്ത് 

ശാന്തം ആസ്പദമാക്കി ഒരുക്കുന്ന 'സമാധാനം' 
സംവിധാനം - കാര്‍ത്തിക് സുബ്ബരാജ് അഭിനേതാക്കള്‍ - ഗൗതം മേനോന്‍, സിംഹ, സനന്ത്  

ബീഭത്സം പ്രമേയമാക്കി 'പായസം' സംവിധാനം - വസന്ത് അഭിനേതാക്കള്‍ - ഡല്‍ഹി ഗണേഷ്, രോഹിണി, അദിതി ബാലന്‍.

Content Highlights: Netflix announces Navarasa Maniratnam Anthology web series Release, Suriya, Vijay Sethupathi, Parvathy, Prakash Raj, Aravind swamy, Parayaga Martin, sidharth, Boby Sinha, Remya Nambeesan, Aditi Balan, Rohini, Delhi Ganesh, Atharva Murali