മണി ഹീസ്റ്റിലെ പ്രിയപ്പെട്ട കഥാപാത്രമായ ബെര്‍ലിനെ ആസ്പദമാക്കി സീരീസ് ഒരുങ്ങുന്നു. നെറ്റ്ഫ്ളിക്‌സ് തന്നെ നിര്‍മിക്കുന്ന സീരീസ് 2023 ലായിരിക്കും റിലീസ് ചെയ്യുന്നത്. 

ഡിസംബര്‍ 3 ന് മണി ഹീസ്റ്റ് സീസണ്‍ 5 അവസാന എപ്പിസോഡുകള്‍ റിലീസിനെത്തുകയാണ്. അതിനുശേഷം സീരീസിന്റെ അണിയറ പ്രവര്‍ത്തകര്‍ ബെര്‍ലിന്റെ ഒരുക്കങ്ങളിലേക്ക് പ്രവേശിക്കും.

ആന്ദ്രേ ഫൊണലോസാ എന്നാണ് ബെര്‍ലിന്റെ യഥാര്‍ഥ പേര്. പ്രധാനകഥാപാത്രമായ പ്രൊഫസര്‍ സെര്‍ജിയോയുടെ സഹോദരനും കൊള്ളയുടെ രണ്ടാമത്തെ കമാന്‍ഡറുമാണ് ബെര്‍ലിന്‍. പെട്രോ അലോണ്‍സോയാണ് ബെര്‍ലിനായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. 

ശരീരത്തിലെ കോശങ്ങളെയും അവയവങ്ങളെയും ബാധിക്കുന്ന അപൂര്‍വരോഗത്തിന്റെ പിടിയിലും റോയല്‍ മിന്റിലെ കൊള്ളയ്ക്ക് ബെര്‍ലിന്‍ നേതൃത്വം നല്‍കുന്നു. മിന്റില്‍ ജോലി ചെയ്യുന്ന ബന്ദിയായ അരിയാഡ്ന എന്ന സ്ത്രീയുമായി ബെര്‍ലിന്‍ ബന്ധം സ്ഥാപിക്കുന്നു. സീസണ്‍ 2 ന്റെ അവസാന നിമിഷങ്ങളില്‍, തന്റെ കൂട്ടാളികളെ രക്ഷപ്പെടുത്താൻ വേണ്ടി സ്വയം ബലിയര്‍പ്പിക്കാന്‍ ബെര്‍ലിന്‍ തീരുമാനിക്കുകയും പോലീസിന്റെ വെടിവയ്പില്‍ മരിക്കുകയും ചെയ്യുന്നു. 

ബെര്‍ലിന്റെ മരണത്തിന് ശേഷവും തുടര്‍ന്നുള്ള സീസണുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഫ്ളാഷ്ബാക്കുകളിലൂടെ ഈ കഥാപാത്രം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നു. ബാങ്ക് ഓഫ് സ്‌പെയിന്‍ തട്ടിപ്പിനെക്കുറിച്ചുള്ള ബെര്‍ലിന്റെ യഥാര്‍ത്ഥ പദ്ധതികളും ടാറ്റിയാന എന്ന സ്ത്രീയുമായുള്ള ബെര്‍ലിന്റെ പ്രണയവും വിവാഹവുമാണ് ഫ്ളാഷ്ബാക്കുകളില്‍ അവതരിപ്പിച്ചത്. അഞ്ചാം സീസണ്‍ ആദ്യഭാഗത്ത് ബെര്‍ലിന്റെ ആദ്യവിവാഹത്തിലെ മകനായ റാഫേലിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നുണ്ട്. റാഫേലിന്റെ കഥാപാത്രത്തിന് സീസണ്‍ അഞ്ച് രണ്ടാം ഭാഗത്തില്‍ നിര്‍ണായക സ്ഥാനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. 

Content Highlights: Money Heist season five Part Release on December 3, Berlin gets a spin off, new series on Andrés de Fonollosa Aka Berlin, Pedro Alonso, Alvaro Morte, Professor