ലോകത്തിലെ ഏറ്റവും ജനപ്രിയ വെബ്സീരീസുകളിലൊന്നായ മണി ഹെയ്സ്റ്റ് അഞ്ചാം സീസണ്‍ ഭാഗം 1 സെപ്തംബര്‍ 3 നാണ് ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തിയത്. ആദ്യ ഭാഗത്തില്‍ അഞ്ച് എപ്പിസോഡുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്റലിജന്‍സിന്റെ പിടിയില്‍ അകപ്പെട്ട റിയോയെ കണ്ടെത്തതിനായി പ്രൊഫസറും കൂട്ടരും ബാങ്ക് ഓഫ് സ്പെയിന്‍ കൊള്ളയടിക്കാനെത്തുകയും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് 3,4 സീസണുകളില്‍ ചിത്രീകരിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥയായ അലീസിയ സിയേറ പ്രൊഫസറുടെ ഒളിത്താവളം കണ്ടെത്തി അദ്ദേഹത്തിന് നേരേ തോക്ക് ചൂണ്ടി നില്‍ക്കുന്നതോടെയാണ് 4-ാമത്തെ സീസണ്‍ അവസാനിച്ചത്.

പ്രൊഫസര്‍ പിടിയിലായതിന് ശേഷമുള്ള കാര്യങ്ങളാണ് സീസണ്‍ അഞ്ചില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രൊഫസറുടെ അവസ്ഥയറിഞ്ഞതോടെ കൊള്ളസംഘത്തിന്റെ ആത്മധൈര്യം ചോര്‍ന്നുപോകുന്നു. പിന്നീടുള്ള നീക്കത്തിന്റെ ഭാഗമായി നെയ്‌റോബിയെ കൊലപ്പെടുത്തിയ ബാങ്ക് ഓഫ് സ്‌പെയിന്‍ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ഗാന്‍ഡിയയെ സംഘം ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി പോലീസിന് കൈമാറുന്നു. അതിനിടെ അര്‍ട്ടൂറോയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ബന്ദികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. 

അന്വേഷണ സംഘവുമായുള്ള രൂക്ഷമായ പോരിന് ശേഷം തന്റേതായ നിലയില്‍ പ്രൊഫസറെ തേടിയിറങ്ങിയ അലീസിയക്കെതിരേ വ്യാജമായ തെളിവുകള്‍ സൃഷിച്ച് രാജ്യദ്രോഹ കുറ്റം ചുമത്തുന്നു. പ്രൊഫസറെ ബന്ദിയാക്കിയ അലിസീയ ഇതോടെ പ്രതിസന്ധിയിലാകുന്നു. പൂര്‍ണഗര്‍ഭിണിയായ അലീസിയക്ക് പ്രസവേ വേദന വരുന്നതും അതേ സമയത്താണ്. ഇത് പ്രൊഫസറുടെ മോചനത്തിന് വഴി തെളിയുന്നു. അതിനിടെ  ബെര്‍ലിന്റെയും ടോക്യോയുടെയും ഭൂതാകാലത്തിലേക്ക് വെളിച്ചം വീശുന്നത് ഒട്ടേറെ വൈകാരിക മുഹൂര്‍ത്തങ്ങളാണ് സമ്മാനിക്കുന്നത്. കൊള്ളസംഘത്തെ കീഴ്പ്പെടുത്താന്‍ ഗാന്‍ഡിയ ഉള്‍പ്പെട്ട പ്രത്യേക ദൗത്യ സംഘം ബാങ്ക് ഓഫ് സ്‌പെയിനില്‍ കയറിപ്പറ്റുന്നതോടെ രൂക്ഷമായ പോരാട്ടമാണ് അരങ്ങേറുന്നത്. നിസ്വാര്‍ഥമായ ധീരമായ ഒറ്റയാള്‍ ചെറുത്തു നില്‍പ്പിനൊടുവില്‍ ടോക്യോ മരണം വരിക്കുന്നതോടെ സീസണ്‍ 5 ആദ്യഭാഗത്തിന് തിരശ്ശീല വിഴുകയാണ്. 

സീസണ്‍ 5 ആദ്യഭാഗം അവസാനിച്ചത് കണ്ണീരോടെയാണെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. ബെര്‍ലിനും നെയ്‌റോബിക്കും പിന്നാലെ ടോക്യോ മരണം ആരാധകരെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഡിസംബര്‍ 3 ന് റിലീസ് ചെയ്യുന്ന രണ്ടാംഭാഗത്തിനുള്ള കാത്തിരിപ്പിലാണവര്‍. അതോടെ നാല് വര്‍ഷം നീണ്ട് മണി ഹീസ്റ്റിന് വിരാമമാകും.

2017 ലാണ് മണി ഹീസ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. സ്പാനിഷ് ഭാഷയില്‍ ഒരുക്കിയ ഈ സീരീസ് ലാ കാസ ഡി പാപ്പല്‍' എന്ന പേരില്‍ ആന്റിന 3 എന്ന സ്പാനിഷ് ടെലിവിഷന്‍ നെറ്റ് വര്‍ക്കിലൂടെയാണ് ആദ്യമായി പുറത്തിറങ്ങിയത്. 5 എപ്പിസോഡുകളായി പുറത്തിറങ്ങിയ സീരിസ് സ്പെയ്നില്‍ വന്‍ പരാജയമായിരുന്നു. അതിനാല്‍ ഇതിനൊരു തുടര്‍ഭാഗം എന്നത് അണിയറപ്രവര്‍ത്തകര്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍ നെറ്റ്ഫ്‌ളിക്സ് സീരിസ് ഏറ്റെടുത്ത് ഇംഗ്ലീഷില്‍ ഡബ്ബ് ചെയ്ത് മണി ഹെയ്സ്റ്റ് എന്ന പേരില്‍ പുറത്തിറക്കി. വൈകാതെ മണി ഹെയ്സ്റ്റ് ലോകത്താകെ തരംഗമായി മാറി.

2020 ല്‍ നാലാം സീസണിലെത്തിയപ്പോള്‍ ലോകത്തില്‍ ഏറ്റവും കാഴ്ചക്കാരുള്ള സീരീസുകളുടെ പട്ടികയില്‍ മുന്‍നിരയിലേക്ക് മണി ഹെയ്സ്റ്റ് എത്തി. ഈ പട്ടികയിലേക്ക് എത്തുന്ന ഇംഗ്ലീഷ് ഭാഷയ്ക്ക് പുറത്തുള്ള ആദ്യ സീരീസ് കൂടിയാണ് സ്പാനിഷ് സീരിസായ ലാ കാസ ഡി പാപ്പല്‍.  അതിനാല്‍ തന്നെ നെറ്റ്ഫ്‌ളിക്സിന്റെ അഭ്യര്‍ഥനപ്രകാരം പുതിയ കഥയുമായെത്തിയ മൂന്നാം സീസണ്‍ മുതല്‍ ബിഗ് ബജറ്റിലാണ് സീരിസ് നിര്‍മിച്ചത്. പിന്നീട് നാലും അഞ്ചും സീസണുമായി മണി ഹെയ്സ്റ്റിന്റെ ജൈത്രയാത്ര തുടരുകയാണ്.

Content Highlights: Money heist season 5 Part one, Tokyo emotional scenes, death, Alvaro Morte