ലോകമൊട്ടാകെ ആരാധകരുള്ള സ്പാനിഷ് വെബ് സീരീസ് മണി ഹീസ്റ്റിന്റെ അവസാന എപ്പിസോഡുകള്‍ മണിക്കൂറുകള്‍ക്കകം റിലീസ് ചെയ്യും. ഇന്ത്യയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് റിലീസ് ചെയ്യുക.

സീസണ്‍ അഞ്ച് ആദ്യഭാഗം നവംബര്‍ മാസത്തിലാണ് റിലീസ് ചെയ്തത്. രണ്ടാം ഭാഗമാണ് ഇപ്പോള്‍ പ്രദര്‍ശനത്തിനെത്തുന്നത്. രണ്ടു വര്‍ഷത്തെ കാലയളവില്‍ ലോകമൊട്ടാകെ കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച മണി ഹീസ്റ്റിന് ഇതോടെ അവസാനമാകും. 

ഇന്റലിജന്‍സിന്റെ പിടിയില്‍ അകപ്പെട്ട റിയോയെ കണ്ടെത്തതിനായി പ്രൊഫസറും കൂട്ടരും ബാങ്ക് ഓഫ് സ്‌പെയിന്‍ കൊള്ളയടിക്കാനെത്തുകയും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് മൂന്ന്, നാല്, അഞ്ച് സീസണുകളില്‍. ടോക്യോയുടെ മരണത്തോടെയാണ് സീസണ്‍ 5 ആദ്യഭാഗം അവസാനിച്ചത്. ഏറെ സംഘര്‍ഷഭരിതവും വൈകാരികവുമായ എപ്പിസോഡുകളാണ് ഇനി വരാനിരിക്കുന്നത്. 

2017 ലാണ് മണി ഹീസ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. സ്പാനിഷ് ഭാഷയില്‍ ഒരുക്കിയ ഈ സീരീസ് ലാ കാസ ഡി പാപ്പല്‍' എന്ന പേരില്‍ ആന്റിന 3 എന്ന സ്പാനിഷ് ടെലിവിഷന്‍ നെറ്റ് വര്‍ക്കിലൂടെയാണ് ആദ്യമായി പുറത്തിറങ്ങിയത്. 5 എപ്പിസോഡുകളായി പുറത്തിറങ്ങിയ സീരിസ് സ്പെയ്നില്‍ വന്‍ പരാജയമായിരുന്നു. അതിനാല്‍ ഇതിനൊരു തുടര്‍ഭാഗം എന്നത് അണിയറപ്രവര്‍ത്തകര്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍ നെറ്റ്ഫ്‌ളിക്സ് സീരിസ് ഏറ്റെടുത്ത് ഇംഗ്ലീഷില്‍ ഡബ്ബ് ചെയ്ത് മണി ഹെയ്സ്റ്റ് എന്ന പേരില്‍ പുറത്തിറക്കി. വൈകാതെ മണി ഹെയ്സ്റ്റ് ലോകത്താകെ തരംഗമായി മാറി.

Content Highlights: Money Heist Season 5  part 2 release, Release Time in India,  Alvaro Morte, Ursula Corbero, pedro alonso, Berlin, web series