കൃതി സനോൺ, പങ്കജ് തൃപാഠി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്ത മിമി നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിനെത്തി. വാടക​ഗർഭധാരണം (സറോ​ഗസി) പ്രമേയമായി വരുന്ന ചിത്രം പറയുന്നത് മിമിയുടെയും അവൾ ജന്മം നൽകിയ രാജിന്റെയും കഥയാണ്.

വാടക ​ഗർഭധാരണത്തിന് പറ്റിയ യുവതിയെ കണ്ടെത്താനായാണ് അമേരിക്കൻ ദമ്പതികളായ ജോണും സമ്മറും രാജസ്ഥാനിലെത്തുന്നത്. ഒരു കുഞ്ഞിനെ താങ്ങാനുള്ള ശക്തി സമ്മറിന്റെ ​ഗർഭപാത്രത്തിനില്ലെന്ന് തിരിച്ചറിയുന്നതോടെയാണ് ഇരുവരും സറോ​ഗസിയെ ആശ്രയിക്കുന്നത്. ടാക്സി ഡ്രൈവറായ ഭാനുവിന്റെ സഹായത്തോടെ ജോണും സമ്മറും ഇതേ ആവശ്യവുമായി മിമിയുടെ അടുത്തെത്തുന്നു. ബോളിവുഡ് സ്വപ്നം കണ്ട് ജീവിക്കുന്നവളാണ് മിമി. നർത്തകി. രാജസ്ഥാനിലെ ഒരു ​ഗ്രാമത്തിൽ നിന്ന് ബോളിവുഡിലേക്കെത്തണമെങ്കിൽ പണം അത്യാവശ്യമാണെന്ന് മിമിക്കറിയാം. അത് തന്നെയാണ് ഇരുപത് ലക്ഷം രൂപയെന്ന മോഹന വാ​ഗ്ദാനത്തിന് മുന്നിൽ തന്റെ ​ഗർഭപാത്രം വാടകയ്ക്ക് നൽകാൻ മിമി തയ്യാറാവുന്നതിന് കാരണവും.

ഭാനുവിന്റെയും കൂട്ടുകാരി ഷമയുടെയും സഹായത്തോടെ വീട്ടുകാരറിയാതെ മിമി ​ഗർഭകാലം കഴിച്ചു കൂട്ടുന്നു. എന്നാൽ ആറാം മാസത്തിലെ സ്കാനിങ്ങിൽ കുഞ്ഞിന് ഡൗൺ സിൻ​ഡ്രോം ഉണ്ടെന്ന് കണ്ടെത്തിയെന്ന ഡോക്ടറുടെ വെളിപ്പെടുത്തലോടെ കുഞ്ഞിനെ വേണ്ടെന്ന് വച്ച് ജോണും സമ്മറും നാട് വിടുന്നു. വിവാഹിതയാകാതെ ​ഗർഭിണിയാകേണ്ടി വന്ന മിമിയുടെയും സുഹൃത്തുക്കളുടെയും മുന്നിൽ കുഞ്ഞ് ഒരു ചോദ്യചിഹ്നമാവുന്നു. തുടർന്ന് മിമിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.

മിമി ആയി കൃതി സനോൺ എത്തുമ്പോൾ പങ്കജ് തൃപാഠിയാണ് ടാക്സി ഡ്രൈവറായ ഭാനുവിന്റെ വേഷത്തിലെത്തുന്നത്. കൃതിയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് മിമി. ഇവരെ കൂടാതെ സായ് തമങ്കർ, മനോജ് പഹ്വ, സുപ്രിയ പഥക്, എവ്ലിൻ എഡ്വാർഡ്സ്, ഐഡൻ വൈറ്റോക്ക് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 2011ൽ പുറത്തിറങ്ങിയ മാല ആയി വ്യാചയ് എന്ന മറാത്തി ചിത്രത്തിന്റെ റീമേയ്ക്ക് ആണ് മിമി. ലക്ഷ്മൺ ഉത്തേക്കറും റോഹൻ ശങ്കറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നത്. എ ആർ റഹ്മാനാണ് ചിത്രത്തിൽ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്.

പുറത്ത് വരുന്നത് വരെ കുഞ്ഞിന് കിടക്കാൻ 'വാടകയ്ക്ക് ഒരുക്കുന്ന സുരക്ഷിതമായ ഇടം' എന്നതിനപ്പുറം പ്രസവിക്കുന്ന സ്ത്രീയും കുഞ്ഞും തമ്മിൽ യാതൊരു ആത്മബന്ധവും പാടില്ല എന്നതാണ് സറോ​ഗസിയിലെ അലിഖിത നിയമം. എന്നാൽ പണത്തിനും നിയമങ്ങൾക്കുമപ്പുറം താൻ ജന്മം നൽകിയ കുഞ്ഞെന്ന വികാരം ഒരു അമ്മയ്ക്ക് ഉണ്ടാകില്ലേ എന്ന് ചിത്രം പരിശോധിക്കുന്നു. ഒപ്പം അച്ഛനും അമ്മയും ആകാൻ സ്വന്തം ചോരയിലുള്ള കുട്ടികൾ വേണമെന്നില്ല എന്നും 'മിമി' കാട്ടിത്തരുന്നു.

Content Highlights : Mimi Hindi Movie Review Kriti Sanon Pankaj Tripati Netflix Movie