ഹോളിവുഡ് സിനിമയിലൂടെ സിനിമാഭിനയത്തിൽ അരങ്ങേറ്റം കുറിച്ച് മലയാളി യുവാവ്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി സ്വദേശി എബിൻ ആൻറണിയാണ് അടുത്തിടെ യുഎസിൽ ആമസോൺ പ്രൈം റിലീസ് ആയി എത്തിയ 'സ്പോക്കൺ' എന്ന ഇംഗ്ലീഷ് സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ടൈലർ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് എബിൻ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ടെനിൽ റാൻസം രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ഹൊറർ സസ്പെൻസ് ത്രില്ലറിൽ നായികാ കഥാപാത്രത്തോട് അഭിനിവേശമുള്ള ഒരു സംഗീതജ്ഞനാണ് ടൈലർ എന്ന കഥാപാത്രം. ടെനിൽ റാൻസം രചനയും, സംവിധാനവും നിർവ്വഹിച്ച  ഹൊറർ സസ്പെൻസ് ത്രില്ലറായ സ്പോക്കണിൽ നായികാ കഥാപാത്രത്തോട്  അഭിനിവേശമുള്ള ഒരു സംഗീതജ്ഞനാണ് എബിന്റെ ടൈലർ

സ്കൂൾ പഠനകാലത്ത് നൃത്തം, നാടകം, മിമിക്രി തുടങ്ങിയവയിൽ  വ്യക്തിമുദ്ര പതിപ്പിച്ച എബിൻ ആന്റണി ചെന്നൈയിലാണ് വളർന്നത്.  എഞ്ചിനിയറിങ്ങ് പഠനത്തിനിടയിൽ നൂറിലേറെ മലയാളം, തമിഴ്, ഇംഗ്ലീഷ് സിനിമകൾക്കും കാർട്ടൂണുകൾക്കും ഡബ്ബിങ്ങും ചെയ്തും തിരക്കഥകൾ എഴുതിയുമാണ് എബിൻ സിനിമാ മേഖലയിലേക്ക് ചുവടു വെച്ചത്. 

അമേരിക്കയിൽ ഉപരിപഠനാർത്ഥം എത്തിയപ്പോഴാണ് എബിന് വീണ്ടും അഭിനയിക്കാനുള്ള മോഹം ശക്തമായത്.  പഠനത്തിന് ശേഷം ലോസാഞ്ചൽസിലുള്ള ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ ആക്ടിംഗ് പഠിച്ചു. ലിയനാർഡോ ഡികാപ്രിയോയെ പോലുള്ള പല പ്രഗത്ഭരായ ഓസ്കാർ, എമി അവാർഡ് ജേതാക്കളുടെ ആക്ടിങ്ങ് കോച്ചായ ലാരി മോസിന്റെയും , റ്റിം ഫിലിപ്സിന്റെയും കീഴിൽ ഇപ്പോൾ അഭിനയം പരിശീലിച്ചു കൊണ്ടിരിക്കയാണ് എബിൻ. മുൻ യൂണിവേഴ്സിറ്റി സോക്കർ കളിക്കാരനും, മിക്സഡ് മാർഷ്യ ലാർട്ടിസ്റ്റും, നർത്തകനുമാണ് എബിൻ.

ടോം ലെവിന്റെ "പാർട്ടി " എന്ന നോവലിനെ ആസ്പദമാക്കി കെവിൻ സ്റ്റീവൻസൺ സംവിധാനം ചെയ്ത " ബട്ടർഫ്ലൈസ് " ആണ് എബിന്റെ അടുത്ത സിനിമ. ചിത്രം ഈ വർഷം റിലീസ് ചെയ്യും. ഹോളിവുഡ് സിനിമകളിൽ അഭിനയിക്കുമ്പോഴും മാതൃഭാഷയായ മലയാളത്തിലും സ്വദേശ സിനിമകളിലും അഭിനയിച്ച് ശ്രദ്ധേയനാവണം എന്ന ലക്ഷ്യത്തിനായുള്ള പരിശ്രമത്തിലും കൂടിയാണ് എബിൻ ആൻ്റണി.

content highlights : Malayali youth ebin antony debut in acting as lead role in hollywood movie spoken