നെറ്റ്ഫ്‌ലിക്‌സില്‍ പ്രദര്‍ശിപ്പിക്കുന്ന കൊറിയന്‍ പരമ്പര സ്‌ക്വിഡ് ഗെയിം അഥവാ കണവകളി കാണാത്ത യുവാക്കൾ കുറയും. സെപ്തംബറിൽ റിലീസ് ചെയ്ത പരമ്പര ഇതിനകം ഈ ഓ.ടി.ടി പ്ലാറ്റ് ഫോമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിക്കഴിഞ്ഞു. ഈ പരമ്പര പ്രമേയമായുള്ള കച്ചവടകേന്ദ്രങ്ങളും ഉൽപ്പന്നങ്ങളും തരംഗമാവുകയാണ്. ഇതിലെ മത്സരാര്‍ത്ഥികളിടുന്ന പച്ച ട്രാക്ക് സ്യൂട്ടും നമ്പരിട്ട ടീ ഷേര്‍ട്ടും സോഷ്യല്‍ മീഡിയയില്‍ എവിടെയും കാണാം. മുതലാളിത്തത്തെ രൂക്ഷമായി വിമർശിക്കുന്ന സിനിമ ആഗോളതലത്തിൽ പുത്തൻ ബിസിനസ് അവസരമാവുകയാണ്. വിസ്മയകരമായ വിരോധാഭാസം!

പേരു സൂചിപ്പിക്കുംപോലെ കുട്ടികള്‍ക്കായുള്ള ഒരു കൊറിയന്‍ കളിയാണ് സ്‌ക്വിഡ് ഗെയിം. തെക്കന്‍ തിരുവിതാംകൂറിലെ കിളിത്തട്ട് കളി പോലെ കൗശലപൂര്‍വം പ്രതിയോഗിയെ മറികടന്ന് അടുത്ത തട്ടിലേക്ക് ചാടുന്ന കളി. ഈ കളിത്തട്ടിന് കണവയുടെ ആകൃതിയാണ്. കിളിത്തട്ടില്‍ ഓരോ കളങ്ങളായി മറികടന്ന് അവസാനവര കടക്കുന്നവര്‍ വിജയിക്കുമെങ്കില്‍ സ്‌ക്വിഡ് ഗെയിമില്‍ എതിരാളികളെ തള്ളിപ്പുറത്താക്കി 'കൊല്ലു'ന്നവരാണ്' ജയിക്കുക. ജേതാവിനു മാത്രം സ്ഥാനമുള്ള നിയോ ലിബറല്‍ ലോകത്തിന്റെ യഥാതഥമായ പ്രതീകമാണ് ഈ കളി. 

ഹോങ്‌ഡോങ് ഹ്യുക് സംവിധാനം ചെയ്ത പരമ്പരയുടെ കഥ ലളിതമാണ്. 456 പേര്‍ പങ്കെടുക്കുന്ന മത്സരം. ഗോഡ്ഫാദറില്‍ ഡോണ്‍ കോര്‍ലിയോണ്‍ പറയുമ്പോലെ, നിരസിക്കാനാത്ത ഓഫറാണ് ഈ മത്സരത്തിലെ സ്ഥാനാര്‍ത്ഥിത്വം. കടം കയറി കുത്തുപാളയെടുത്ത് ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്ന നിസ്സഹായരെയാണ് മത്സരാർത്ഥികളാക്കുന്നത്. ജീവിതത്തിന്റെ നാനാമേഖലകളില്‍ നിന്നുള്ളവരുണ്ട് കൂട്ടത്തില്‍. ഉത്തരകൊറിയയിലെ അഭയാര്‍ത്ഥി മുതല്‍  ബിസിനസ് പൊളിഞ്ഞ സമ്പന്നന്‍ വരെ. ഹോങ്‌ഡോങ് ഹ്യുക് സ്വന്തം ജീവിതത്തിലെ ദരിദ്രകാലങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണത്രെ ഈ കഥയുണ്ടാക്കിയത്.

സങ് ജീ ഹുനിലേക്ക് വരാം. കാർ ഫാക്ടറിത്തൊഴിലാളിയായിരുന്നു സങ്. സമരത്തെ തുടർന്ന് ഫാക്ടറി പൂട്ടി, കടക്കെണിയിലായി. വിവാഹമോചനം നേടിയ ഭാര്യ മകളെയും കൊണ്ടുപോയി, പുനർവിവാഹിതയായി. വൃദ്ധയായ അമ്മയെ ചൂഷണം ചെയ്ത് ജീവിക്കുന്ന സങിന് ജീവിതമെന്നാൽ മദ്യപാനവും പണംവെച്ചുള്ള ചൂതുകളിയുമാവുന്നു. അതിനുവേണ്ടി എന്ത് അപമാനവും സഹിക്കും, പരാജയം തിന്നു ശീലിച്ച, ആത്മബഹുമാനം തീർത്തും നഷ്ടപ്പെട്ട ഏതൊരാളെയും പോലെ. അങ്ങനെയാണ് അയാൾ സ്ക്വിഡ് ഗെയിമിലേക്ക് നടന്നുകയറുന്നത്. ചില നിസ്സാരമത്സരങ്ങൾ വിജയിച്ചാൽ ഏതാണ്ട് നാലുകോടി അമേരിക്കന്‍ ഡോളറിനു തുല്യമായ തുക സമ്മാനമായി കിട്ടും. പിന്നെ സങിന്റെ അവസ്ഥയിലുള്ള ആരാണ് രണ്ടാമതൊന്നാലോചിക്കുക? 

മത്സരത്തിന് പല ഘട്ടങ്ങളുണ്ട്. ഓരോ ഘട്ടവും ജയിച്ചുവരികയെന്നു പറയുന്നത്-- അതായത്, ജീവനോടെ പുറത്തുവരികയെന്നു പറയുന്നത്-- ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഓരോ ഘട്ടവും ഓരോ കുട്ടിക്കളിയാണ്. പക്ഷേ, തോല്‍ക്കരുത്; തോറ്റാല്‍ മരണം ഉറപ്പ്. ആദ്യത്തെ കളിയുടെ പേര് റെഡ് ലൈറ്റ് ഗ്രീന്‍ ലൈറ്റ്. ഒരു പടുകൂറ്റൻ മൈതാനത്താണ് മത്സരം. പച്ച വിളക്കു തെളിയുമ്പോൾ നടക്കണം, ചുവപ്പു തെളിയുമ്പോൾ നിൽക്കണം. കേള്‍ക്കുമ്പോൾ നിസ്സാരം, അല്ലേ? പക്ഷേ, തെറ്റിയാൽ മെഷീൻഗണ്ണുകൾ തീതുപ്പും! അങ്ങനെ ഒരുപിടി കളികളുണ്ട്. ഓരോ കളി കഴിയുമ്പോഴും പങ്കെടുക്കുന്നവരുടെ എണ്ണം കുറഞ്ഞുവരും.

ആദ്യമത്സരം കഴിയുമ്പോൾ കൊലപാതകങ്ങൾ കണ്ട് ഭയന്നുപോവുന്ന കളിക്കാർ കളിയിൽനിന്നും പിൻമാറാൻ തീരുമാനിക്കുന്നു. ഭൂരിഭാഗം കളിക്കാരും സമ്മതിച്ചാൽ കളി അവസാനിപ്പിക്കാമെന്നാണ് കളിനിയമം.  അങ്ങനെ കളി നിർത്തിപ്പോവുന്നവർ അധികം താമസിയാതെ തിരിച്ചുവരികയാണ്. പണത്തിനോടുള്ള ആർത്തി മാത്രമല്ല കാരണം. ജീവിക്കാൻ മറ്റുവഴിയില്ല, മറ്റൊരിടത്തും ജയിക്കാനുള്ള പാങ്ങുമില്ല! ജീവിതത്തിൽ തോൽവി ശീലമായവർക്ക് ഒരു കളിയിലെ തോൽവിയും മരണവും വിജയം കൊണ്ടുവരുന്ന മഹാഭാഗ്യത്തെ വച്ചുനോക്കിയാൽ വളരെ തുച്ഛം മാത്രം! 

കളികൾ സംഘടിപ്പിക്കുന്നത് വിദൂരമായ ഒരു ദ്വീപിലാണ്. അവിടേയ്ക്ക് മത്സരാർത്ഥികളെ കൊണ്ടുപോവുന്നത് മയക്കിക്കിടത്തിയും. മത്സരത്തിലെ നിയമങ്ങൾ കണിശമായി പാലിച്ചേ മതിയാവൂ. പക്ഷേ, ഇടയ്ക്കുവെച്ച് ഒരാൾ നിയമം ലംഘിക്കുന്നത് അവശേഷിക്കുന്ന മത്സരാർത്ഥികളെ പരിഭ്രാന്തിയിലാഴ്ത്തുന്നു. സംഘത്തിലെ ഒരു ഗുണ്ട കൂടുതൽ ഭക്ഷണത്തിനുവേണ്ടി സഹകളിക്കാരനെ കൊലപ്പെടുത്തുന്നു. സംഘാടകരാകട്ടെ, അതിനെ നോർമലൈസ് ചെയ്യുന്നു.  കളിക്കിടയിൽ പറ്റിയ അപകടം മാത്രം!  ആളെണ്ണം കുറയുന്നതനുസരിച്ച് സമ്മാനത്തുക കൂടുന്നത് ജീവൻ ബാക്കിയുള്ള ഭൂരിഭാഗത്തെയും സന്തുഷ്ടരാക്കുന്നു.  സഹകളിക്കാർ കൊല്ലപ്പെടുന്നതനുസരിച്ച് സമ്മാനത്തുക കൂടുും!

സംഘത്തിലെ മര്യാദക്കാർക്ക് ഉറക്കമില്ലാതാവുന്നു. അവർ ഇരുട്ടത്ത് കൊല്ലപ്പെടാതിരിക്കാനായിചുറ്റും ബാരിക്കേഡുകൾ സ്ഥാപിച്ച് മാറിമാറി ഉറക്കമൊഴിയുന്നു.  ഇതിനിടെ സങ് കാണുന്ന സ്വപ്നം മുതലാളിത്തലോകത്തിന്‍റെ പളപളപ്പുള്ള മുഖത്തിനടിയിലെ ദംഷ്ട്രകൾ കാട്ടിത്തരുന്നു. സമരം ചെയ്യുന്ന കാർ ഫാക്ടറിത്തൊഴിലാളികളെ വളഞ്ഞിട്ടാക്രമിക്കുന്ന പ്രത്യേകസേനാ വിഭാഗം. കൊറിയയിൽ സമാനമായ ഒരു സംഭവമുണ്ടായിരുന്നു 2009-ൽ. നമ്മുടെ വിജയ് മല്ല്യയെപ്പോലെ പാപ്പരാണെന്ന് പ്രഖ്യാപിച്ച് സാങ് യോങ് മോട്ടോഴ്സ് 2,646 ജീവനക്കാരെ പിരിച്ചുവിട്ടു. പോലീസും പട്ടാളവും ചേർന്ന് സമരക്കാരെ നേരിട്ടു. ദീർഘകാലസമരം കൊണ്ട് കാര്യമായ ഗുണമുണ്ടായില്ല. പട്ടിണിയും ദാരിദ്ര്യവും സഹിക്കാനാവാതെ നിരവധിപ്പേർ ആത്മഹത്യ ചെയ്തു. ഇത്തരം സൂചനകൾ കഥയ്ക്ക് ഞെട്ടിക്കുന്ന പുതിയൊരു മാനം നൽകുന്നു.

സ്ക്വിഡ് ഗെയിമിന്റെ സംഘാടകർക്ക് എന്താണ് ലാഭം? ഓരോ ചലനവും സി.സി.ടി.വികൾ വഴി പകർത്തപ്പെടുന്ന മത്സരത്തിൽ കുതിരപ്പന്തയത്തിലെന്നോണം അതിസമ്പന്നർക്ക് വാതുവെക്കാം. പണത്തിനു നൽകാൻ കഴിയുന്ന സുഖങ്ങളില്‍ ബോറടിച്ചവർക്ക് പണമുണ്ടാക്കാനായി മനുഷ്യൻ ഏതറ്റം വരെ പോവുമെന്നും എന്തൊക്കെ ത്യജിക്കുമെന്നും നേരിൽ കണ്ട് പൊട്ടിച്ചിരിക്കാം. നോക്കുക, രണ്ടുപേർ പങ്കെടുക്കുന്ന കളി. ഭാര്യഭർത്താക്കൻമാരാണ് ഒരു കളിയിൽ. ആരു തോറ്റാലും... ബാക്കി പറയേണ്ടല്ലോ.

മുതലാളിത്ത ലോകത്തെ ദയാശൂന്യമായ മത്സരത്തിൽ ഒരുതരത്തിലും ജയിക്കാൻ അവസരമില്ലാത്ത സാധാരണക്കാരിൽ സാധാരണക്കാരുടെ കഥയാണ് സ്ക്വിഡ് ഗെയിം. അവരുടെ പ്രതിനിധിയാണ് സങ്. അവർ ജീവിക്കുന്ന യാഥാർത്ഥ്യം കോമിക് പുസ്തകങ്ങളിലേതിനേക്കാൾ അയഥാർത്ഥമാണ്. ജനം തലപൊക്കുമ്പോൾ അടിച്ചു തലപൊളിക്കുന്ന പോലീസും പട്ടാളവും സ്ക്വിഡ് ഗെയിമിലെ മുഖമില്ലാത്ത കളിനടത്തിപ്പുകാരെപ്പോലെ തികച്ചും യഥാർത്ഥമാണെങ്കിലും. റിലീസ് ചെയ്ത് 10 ദിവസമായപ്പോൾ 90 രാജ്യങ്ങളിൽ ഈ പരമ്പര ഒന്നാംസ്ഥാനമെത്തിയതിന് കാരണം മറ്റൊന്നല്ല. 

പണക്കാരെ കൂടുതൽ പണക്കാരും പാവങ്ങളെ കൂടുതൽ ദരിദ്രരുമാക്കുന്ന, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് അനുനിമിഷം വർദ്ധിക്കുന്ന കാലത്ത്, കോവിഡ് മഹാമാരിയിൽ സമൂഹമാകെത്തന്നെ സാമ്പത്തികവും മാനസികവുമായ ദുരിതങ്ങൾ പേറുന്ന കാലത്ത് സംവിധായകൻ ഹോങിനെപ്പോലെ നമ്മളും ചോദിച്ചുപോവും. ആരാണ് നമ്മുടെ സമ്പദ് വ്യവസ്ഥയെ ഇത്ര നിർദ്ദയമായി നിർമിച്ചെടുത്തത്? ആരാണ് മനുഷ്യരെ പന്തയക്കുതിരകളാക്കി സന്തോഷിക്കുന്നത്? 

Content Highlights : Korean Series in Netflix Squid Game Review