മുഖ്യധാരയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം ആവശ്യപ്പെടുന്നത് തുല്യപരിഗണനയാണ്. പൊതുസമൂഹത്തിനൊപ്പം സ്വന്തം വീടുകളിലും ട്രാന്‍സ് വ്യക്തികള്‍ അംഗീകരിക്കപ്പെടേണ്ടതുണ്ട്. മാതാപിതാക്കള്‍ സ്‌നേഹവും വാത്സല്യവും നല്‍കി ചേര്‍ത്തുപിടിച്ച  ട്രാന്‍സ്മാന്‍ ഇഷാന്‍ കെ.ഷാനിന്റെയും ട്രാന്‍സ് വുമണ്‍ മിയ ശിവറാമിന്റെയും ജീവിതമാണ് 'എന്നോടൊപ്പ' മെന്ന ഡോക്യുമെന്ററി പറയുന്നത്. 

ട്രാന്‍സ് വ്യക്തിയുടെ വീട്, മാതാപിതാക്കള്‍, സമൂഹം, പ്രണയം,വിവാഹം,  സന്തോഷം,വേദന തുടങ്ങി  നിരവധി  വിഷയങ്ങള്‍ ചിത്രം മുന്നോട്ട് വയ്ക്കുന്നു.  എറണാകുളം, വൈപ്പിന്‍ സ്വദേശിനിയായ മിയ ശിവറാമിന്റെയും ആദ്യ ട്രാന്‍സ് ദമ്പതികളായ ഇഷാന്‍- സൂര്യ എന്നിവരുടെയും അനുഭവങ്ങള്‍ പറയുന്ന 'എന്നോടൊപ്പം' തിരുവനന്തപുരത്ത് നടന്ന 2019ലെ ( IDSFFK) അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്ന് ബാംഗ്ലൂര്‍ ക്വിയര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍, റീല്‍ ഡിസൈയേഴ്‌സ് ചെന്നൈ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍, സൈന്‍സ് ഫിലിം ഫെസ്റ്റിവല്‍, ഒ.ബി.എം ലോഹിതദാസ് സ്മാരക ചലച്ചിത്രമേള, ക്യുലോയിഡ് ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി നിരവധി മേളകളിലും മറ്റ് വേദികളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

2021ആഗസ്റ്റ് എട്ടിന് ഞായറാഴ്ച റൂട്ട്‌സ് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ 'എന്നോടൊപ്പം' റിലീസ് ചെയ്യുകയാണ്. മാധ്യമ പ്രവര്‍ത്തകനായ പി. അഭിജിത്താണ് ഡോക്യുമെന്ററിയുടെ സംവിധായകന്‍. എ.ശോഭിലയാണ് നിര്‍മ്മാണം.അജയ് മധു ( ഛായാഗ്രഹണം) ,അമല്‍ജിത്ത് (എഡിറ്റിങ്ങ്), ശിവജി കുമാര്‍ (ക്രിയേറ്റീവ് സപ്പോര്‍ട്ട് ,ഡിസൈന്‍സ് ) ഷൈജു.എം (സൗണ്ട് മിക്‌സിങ്) അമിയ മീത്തല്‍ (സബ് ടൈറ്റില്‍സ്) .

Content Highlights: Ennodopam documentary on transgender rights, surya ishaan, miya sivaram, roots ott