1970 കളുടെ അവസാനത്തില്‍ ന്യൂയോര്‍ക്കിലെ ടൈംസ്‌ സ്‌ക്വയറിലും ന്യൂജേഴ്‌സിയിലും അരങ്ങേറിയ തുടര്‍കൊലപാതകങ്ങളുടെ നേര്‍ക്കാഴ്ചയാണ് ക്രൈം സീന്‍; ദ ടൈംസ്‌ സ്‌ക്വയര്‍ കില്ലര്‍ എന്ന ഡോക്യുമെന്ററി ചിത്രം. പോണ്‍ വ്യവസായവും അതുമായി ബന്ധപ്പെട്ട പീപ്പ് ഷോകളും മറ്റും ടൈം സ്‌ക്വയറില്‍ കൊടിക്കുത്തിവാണിരുന്ന കാലത്ത് സ്ത്രീകള്‍ക്കെതിരേ പ്രത്യേകിച്ച് ലൈംഗികത്തൊഴിലാളികള്‍ക്കെതിരേ അതിക്രൂരമായ അതിക്രമങ്ങളാണ് 1970-1985 കാലഘട്ടത്തില്‍ ടൈം സ്‌ക്വയറിലും പരിസരപ്രദേശത്തും അരങ്ങേറിയിരുന്നത്. 

ലൈംഗികത്തൊഴില്‍ നിയമവിരുദ്ധപ്രവര്‍ത്തിയായി കണക്കാക്കിയതിനാല്‍ ഇവര്‍ക്ക് അക്രമത്തിനിരയാകുന്നവര്‍ക്ക് പലപ്പോഴും നീതി നിഷേധിക്കപ്പെട്ടിരുന്നു. ഈ സാഹചര്യം ചൂഷകര്‍ നന്നായി ഉപയോഗിച്ചു. ടൈംസ്‌ സ്‌ക്വയറിലെ കുത്തഴിഞ്ഞ കാലത്തിന്റെ അതിഭയാനകമായ അധ്യായമാണ് ടോര്‍സോ കില്ലറിന്റേത്.

ന്യൂയോര്‍ക്ക് സിറ്റി ഹോട്ടല്‍ റൂമില്‍ തലയും ഇരുകൈകളും നീക്കം ചെയ്ത നിലയില്‍ രണ്ടു സ്ത്രീകളുടെ മൃതദേഹം കണ്ടെത്തുന്നിടത്താണ് ടോര്‍സോ കില്ലറിന്റെ കഥ ആരംഭിക്കുന്നത്. കുറ്റാന്വേഷണത്തിലെ ഡി.എന്‍.എ പോലുള്ള സാങ്കേതിക വിദ്യ നിലവില്‍ വന്നിട്ടില്ലാത്ത കാലമായതിനാല്‍ കൊല്ലപ്പെട്ട സ്ത്രീകള്‍ ആരാണെന്ന് തിരിച്ചറിയുന്നത് ദുഷ്‌കരമാകുന്നു. ഇരകളിലേക്കും കൊലപാതകിയിലേക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തുന്ന സംഭവബഹുലമായ യാത്രയാണ് ഡോക്യുമെന്ററിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. തുടക്കത്തില്‍ കുറ്റം നിഷേധിക്കുന്ന കൊലപാതകി വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ കൊടുംക്രൂരതയുടെ കഥകളുടെ കെട്ടഴിക്കുന്നു. എന്‍പതിലേറെ സ്ത്രീകള്‍ തന്റെ ഇരയായിട്ടുണ്ടെന്നായിരാണ് ടോര്‍സോ കില്ലറിന്റെ അവകാശവാദം. 

അമേരിക്കന്‍ സംവിധായകന്‍ ജോ ബെര്‍ലിംഗറാണ് ക്രൈം സീന്‍; ദ ടൈം സ്‌ക്വയര്‍ കില്ലറിന്റെ സംവിധായകന്‍. ഡിസംബര്‍ 29 നാണ് നെറ്റ്ഫ്‌ലിക്‌സില്‍ ഡോക്യുമെന്ററി റിലീസ് ചെയ്തത്.

Content Highlights: Crime Scene; The Times Square Killer, Torso Killer documentary, Netflix