ത്ത് വര്‍ഷം മുന്‍പൊരു ദിവസം യൂട്യൂബില്‍ ഒരു വീഡിയോ പ്രത്യക്ഷപ്പെടുന്നു. 'വണ്‍ ബോയ് ആന്റ് ടു കിറ്റെന്‍സ്(ഒരു ആണ്‍കുട്ടിയും രണ്ടു പൂച്ചക്കുഞ്ഞുങ്ങളും)' എന്ന കുറിപ്പോടെ. സ്വര്‍ണമുടിക്കാരനായ ഒരു വെളുത്ത ഇരുപതുകാരനാണ് സ്‌ക്രീനില്‍. മുഖം ഒട്ടും വ്യക്തമല്ല. അയാള്‍ രണ്ട് പൂച്ചക്കുഞ്ഞുങ്ങളെ ഒരു പ്ലാസ്റ്റിക് കവറിനുള്ളില്‍ ഇറക്കിവയ്ക്കുന്നു. എന്നിട്ട് വാക്വം ക്ലീനറിന്റെ സഹായത്തോടെ അവയെ ശ്വാസം മുട്ടിക്കുന്നു. വൈകിയില്ല. ക്രൂരമായ ആ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ആളുകള്‍ വൈകാരികമായി തന്നെ പ്രതികരിച്ചു. യുവാവിനെ കണ്ടെത്തണമെന്നും ശിക്ഷിക്കണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍, സമൂഹ മാധ്യമങ്ങളിലെ അല്‍പായുസ്സായ വൈകാരിക പ്രതികരണങ്ങള്‍ പെട്ടെന്നുതന്നെ കെട്ടടങ്ങി. ആളുകള്‍ ഈ ദാരുണസംഭവം മറന്നു.

ആള്‍ക്കൂട്ടത്തിന്റെ മറവിരോഗത്തിന് കീഴ്‌പ്പെടാത്തവരും ഉണ്ടായിരുന്നു. മറക്കാനും പൊറുക്കാനും തയ്യാറാകാത്തവര്‍.
ഡെന്ന തോംസണ്‍ എന്ന ഗെയിം അനലിസ്റ്റും ജോണ്‍  ലെന്‍ എന്ന സാങ്കേതിക വിദഗ്ധനുമായിരുന്നു അവരില്‍ രണ്ടു പേര്‍.
കൊലപാതകിയെ കണ്ടെത്താനായി അവര്‍ ഫെയ്‌സ്ബുക്കില്‍ ഒരു ഗ്രൂപ്പ് തുടങ്ങി. കണ്ണും കാതും തുറന്നിരുന്നു. കൊലപാതകിയെ തിരിച്ചറിയാനായി ആദ്യം അയാളുടെ വീഡിയോ ഡീ കോഡ് ചെയ്തു.

പൂച്ചക്കുഞ്ഞുങ്ങളെ കൊല്ലുന്ന വീഡിയോ പോസ്റ്റ് ചെയ്ത അക്കൗണ്ടില്‍ മറ്റൊരു വീഡിയോകൂടി അയാള്‍ പോസ്റ്റ് ചെയ്തിരുന്നു.
അത് ലിയനാര്‍ഡോ ഡികാപ്രിയോ, ടോം ഹാങ്ക്‌സ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കാച്ച് മീ ഈഫ് യു കാന്‍ എന്ന സിനിമയിലെ ദൃശ്യങ്ങള്‍. 'നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ എന്നെ കണ്ടെത്തുക', അത് അയാളുടെ വെല്ലുവിളിയായിരുന്നു. വൈകാതെ യൂട്യൂബില്‍ മറ്റൊരു വീഡിയോ പ്രത്യക്ഷപ്പെട്ടു. ഒരു പൂച്ചക്കുഞ്ഞിനെ തീയിട്ടു കൊല്ലുന്നതായിരുന്നു ഇക്കുറി. അയാള്‍  പിന്നെയും വ്യത്യസ്ത രീതികളില്‍ പൂച്ചകളെ കൊന്നുകൊണ്ടേയിരുന്നു. വീഡിയോകളുടെ ചുവടുപിടിച്ച് ഡെന്നയും ജോണും അയാള്‍ക്കു പിന്നാലെ സഞ്ചാരവും തുടങ്ങി.

Crime Documentary series on Netflix Don't F**k With Cats Hunting an Internet Killerകൊലപാതകങ്ങള്‍ പൂച്ചയില്‍ നിന്നില്ല. അതു മനുഷ്യരിലേക്കു പടര്‍ന്നു. കൈകാലുകള്‍ കെട്ടിയിട്ട്, ഒരാളെ അതിക്രൂരമായി കുത്തിക്കൊല്ലുന്നതായിരുന്നു അടുത്ത വീഡിയോ. അപ്പോഴാണ് നിയമവും പോലീസും കണ്ണു തുറക്കുന്നത്. താമസിയാതെ അയാള്‍ക്കൊരു പേരു കിട്ടി. ക്യാറ്റ് കില്ലര്‍. പൂച്ചക്കൊലയാളി.ക്യാറ്റ് കില്ലര്‍ മാധ്യമ വാര്‍ത്തകളില്‍ നിറഞ്ഞു. വീഡിയോയില്‍ അയാള്‍ കൊലപ്പെടുത്തിയ യുവാവിന്റെ ജഡം കിട്ടിയതോടെ പോലീസും ഞെട്ടി. അയാള്‍ക്കൊയി പോലീസ് ഒരുക്കിയ വലയില്‍നിന്ന് ഏറെ അകന്ന്, അതെല്ലാം ആസ്വദിച്ച് ക്യാറ്റ് കില്ലറെന്ന സൈക്കോപാത്ത് തന്റെ അടുത്ത വേട്ടയ്ക്കായി ഒരുങ്ങി.

ആരാണ് ക്യാറ്റ് കില്ലര്‍?
അയാള്‍ എന്തിനിതെല്ലാം ചെയ്തു?
പോലീസ് പിടികൂടിയ വ്യക്തി നിരപരാധിയായിരുന്നുവോ?
അയാള്‍ക്ക് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ?
ജോണ്‍ ഗ്രീനും ഡെന്നാ തോംസണും കേണ്ടെത്തിയ വിവരങ്ങള്‍ എന്തൊക്കെയായിരുന്നു?

അതിനുള്ള ഉത്തരമാണ് മാര്‍ക്ക് ലൂവിസ് സംവിധാനം ചെയ്ത ഡോണ്ട് ഫക്ക് വിത്ത് കാറ്റ്‌സ്; ഹണ്ടിങ് ആന്‍ ഇന്‍ര്‍നെറ്റ് കില്ലര്‍ എന്ന ഡോക്യുമെന്ററി.  മൂന്ന് എപ്പിസോഡുകളില്‍ ക്രൂരമായ സത്യത്തിന്റെ മുഖം തെളിയുന്നു. നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത ക്രൈം ഡോക്യുമെന്ററി സിരകളെ മരവിപ്പിക്കും.ഡെന്നയുടെയും ജോണിന്റെയും അന്വേഷണത്തിലൂന്നിയാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്. സംഭവം അതേപടി പുനരാവിഷ്‌കരിക്കുകയായിരുന്നില്ല സംവിധായകന്‍. ആശ്രയിച്ചത് യഥാര്‍ഥ വീഡിയോ ഫൂട്ടേജുകളെയും ചിത്രങ്ങളെയും. ആരായിരുന്നു അയാള്‍...? ഒരു ക്രൈം ത്രില്ലര്‍ സിനിമ കാണുന്ന അതേ നെഞ്ചിടിപ്പോടെ മാത്രമേ ഈ ഡോക്യുമെന്ററി കണ്ടു തീര്‍ക്കാനാകൂ.

Content Highlights: Crime Documentary series on Netflix, Don't F**k With Cats, Hunting an Internet Killer