2018 ജൂലൈ 1, ഡല്‍ഹിയ്ക്ക് സമീപമുള്ള ബുരാരിയിലെ ഭാട്ട്യ കുടുംബത്തിലെ കുടുംബത്തിലെ 11 പേരുടെ മൃതദേഹം കണ്ടെത്തിയ ഞെട്ടലിലായിരുന്നു പോലീസും നാട്ടുകാരും. ഭാട്ട്യ കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന നാരായണ്‍ ദേവിയൊഴികെ മറ്റു പത്തുപേരും തൂങ്ങി മരിച്ച നിലയിലായിരുന്നു. നാരായണ്‍ ദേവിയുടെ കഴുത്തിലെ പാടുകള്‍ കൊലപാതകത്തിലേക്കും വിരല്‍ ചൂണ്ടി. ദേശീയ മാധ്യമങ്ങളിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും ബുരാരിയിലെ കഥ കാട്ടുതീ പോലെ പടര്‍ന്നു. 

എന്തായിരുന്നു ഈ കുടുംബത്തില്‍ സംഭവിച്ചത്? ആരാണ് ഇവരെ മരണത്തിലേക്ക് തള്ളിവിട്ടത്? അതിനുള്ള ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് നെറ്റ്ഫ്‌ളിക്സില്‍ റിലീസ് ചെയ്ത ഹൗസ് ഓഫ് സീക്രട്ടസ്; ദ ബുരാരി ഡെത്ത്‌സ് എന്ന ഡോക്യുമെന്ററി. ലീന യാദവ്, അനുഭവ് ചോപ്ര എന്നിവരാണ് ഡോക്യുമെന്ററിയുടെ സംവിധായകര്‍. ഒരു അന്വേഷണത്തിനപ്പുറം മാനസികാരോഗ്യത്തില്‍ നമ്മുടെ സമൂഹം ശ്രദ്ധ ചെലുത്തേണ്ട പ്രധാന്യത്തെക്കുറിച്ചും ഈ ഡോക്യുമെന്ററി സംസാരിക്കുന്നു. 

അന്ധവിശ്വാസങ്ങള്‍ മനസ്സിനെ നിയന്ത്രിക്കുമ്പോഴുണ്ടാകുമ്പോള്‍ സംഭവിക്കുന്ന ഏറ്റവും വലിയ ദുരന്തത്തിനുദാഹരണമാണ് ഭാട്ട്യ കുടുംബം. കുടുംബത്തിലെ ലളിത് ഭാട്ടിയ 11 വര്‍ഷമായി എഴുതിയിരുന്ന ഡയറിയില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. മരണം നടക്കുന്നതിന് ഒരാഴ്ച മുമ്പായി ഏഴുദിവസം നീണ്ടു നില്‍ക്കുന്ന ആത്മാവിനെ സ്വതന്ത്രമാക്കുന്ന ചടങ്ങ് (ബാധ് തപസ്യ) നടന്നതായി ലളിത് ഭാട്ട്യയുടെ ഡയറിയില്‍ കുറിച്ചിരുന്നു. ഏഴു ദിവസം തുടര്‍ച്ചയായി ആല്‍മരത്തിനു പൂജ ചെയ്യുന്ന ഈ ചടങ്ങ് മരിച്ചു പോയ പിതാവിന്റെ ആത്മാവിനു ശാന്തി നല്‍കുന്നതിനായാണ് നടത്തുന്നതെന്നും ഡയറിക്കുറിപ്പുകളില്‍ പറയുന്നത്. ബാധ് തപസ്യ പുരോഗമിക്കുന്നുണ്ട് എന്നും ഇതു കുടുംബത്തിലെ പ്രശ്‌നങ്ങള്‍ക്ക് എല്ലാം ഒരു പരിഹാരമാകും എന്നും ഇതില്‍ പറയുന്നു. 

ചടങ്ങിനിടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു പോയ പിതാവ് എത്തി തങ്ങളെയും കുടുംബത്തെ രക്ഷിക്കുമെന്ന് ഭാട്ട്യ കുടുംബം ഉറച്ചുവിശ്വസിച്ചിരുന്നതായും ഡയറിക്കുറിപ്പുകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. 2015 ജുലൈ ഒമ്പതിന് എഴുതിയ ഡയറിക്കുറിപ്പില്‍ തനിക്കു ശാന്തി ലഭിക്കാനായി ഹരിദ്വാറില്‍ പോയി പൂജകള്‍ ചെയ്യാന്‍ മരിച്ചു പോയ പിതാവിന്റെ ആത്മാവ് തന്നോട് ആവശ്യപ്പെട്ടിരുന്നതായി ലളിത് ഭാട്ട്യ കുറിച്ചു.

പിതാവിന്റെ ആത്മാവ് പ്രവേശിക്കാറുണ്ടെന്നു ലളിത് കുടുംബത്തെ വിശ്വസിപ്പിച്ചു. കുടുംബത്തിലെ ബാക്കിയുള്ള പത്തുപേരുടെയും ചിന്തകളെ നിയന്ത്രിക്കാന്‍ ലളിതിന് എങ്ങനെ സാധിച്ചുവെന്നതാണ് ഏറ്റവും വലിയ അത്ഭുതം. ബുരാരി ദുരന്തം സംഭവിച്ച് രണ്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന ഈ ഡോക്യുമെന്ററി അതിന് കൂടിയുള്ള ഉത്തരമാണ്.

Content Highlights: Burari deaths House of Secrets: The Burari Deaths documentary on Netflix