സിനിമാരംഗത്ത് നടികള്‍ക്ക് നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങളുടെ കഥകള്‍ക്ക് ഒരു പഞ്ഞവുമില്ല. സംഭവങ്ങള്‍ എത്ര ആവര്‍ത്തിക്കപ്പെട്ടാലും പാഠം ഉള്‍ക്കൊള്ളുന്നില്ല സിനിമാലോകം. നടികളുടെ സുരക്ഷയ്ക്ക് ഇപ്പോഴും പുല്ലുവിലയാണ് ബോളിവുഡില്‍ പോലും. അസ്‌കര്‍ 2വിലെ നായിക സറീന്‍ ഖാന് നേരിടേണ്ടിവന്ന അനുഭവം അതാണ് തെളിയിക്കുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രചരണാര്‍ഥം ഡെല്‍ഹിയില്‍ സംഘടിപ്പിച്ച ഒരു ചടങ്ങിനിടെ ഇത്തരത്തിലുളള ഒരു അതിക്രമത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് നടി രക്ഷപ്പെട്ടത്. ആള്‍ക്കൂട്ടത്തിനിടയില്‍ പെട്ടുപോയ നടിയെ രക്ഷിക്കാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരാരും എത്തുകയും ചെയ്തില്ല.

ഒരുപാട് സ്ഥലങ്ങളിലെ പരിപാടിക്കുശേഷമാണ് അവര്‍ ഡെല്‍ഹിയിലെ പ്രചരണ പരിപാടിക്ക് എത്തിയത്. പതിനഞ്ച് മിനിറ്റ് നേരത്തെ ഒത്തുചേരലേ ഉള്ളൂ എന്നായിരുന്നു സറീന്‍ ഖാനോട് പറഞ്ഞത്. എന്നാല്‍, പ്രേക്ഷകരുമായുള്ള ഒത്തുചേരലിനുശേഷം അണിയറ പ്രവര്‍ത്തകര്‍ അത്താഴത്തിന് ഇരുന്നു. ഇതില്‍ പങ്കെടുക്കാതെ മടങ്ങാനായിരുന്നു നടിയുടെ തീരുമാനം. എന്നാല്‍, നടിക്ക് അംഗരക്ഷകരെയൊന്നും അണിയറ പ്രവര്‍ത്തകര്‍ ഏര്‍പ്പാടാക്കിയിരുന്നില്ല. മടങ്ങാന്‍ ഒരുങ്ങിയ നടിയെ അപ്പൊഴേയ്ക്കും അമ്പതോളം വരുന്ന ആള്‍ക്കൂട്ടം  വളഞ്ഞു. പടമെടുക്കലിന്റെയും സെല്‍ഫികളുടെയും ബഹളമായിരുന്നു പിന്നീട്. നടി എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ആള്‍ക്കൂട്ടം പിന്‍മാറിയില്ല. ബഹളത്തിനിടെ ചിലരെങ്കിലും മര്യാദയുടെ സീമ ലംഘിച്ചുതുടങ്ങിയതോടെ നടി ഭയന്നു.

എന്തും സംഭവിക്കാവുന്ന അവസ്ഥയായിരുന്നെങ്കിലും ഈ സമയം ഒപ്പമുണ്ടായിരുന്ന അണിയറ പ്രവര്‍ത്തകരാരും തന്നെ നടിയുടെ രക്ഷയ്‌ക്കെത്തിയില്ല. ആരും ബഹളത്തില്‍ ഇടപെടുകയോ ആള്‍ക്കൂട്ടത്തെ പിടിച്ചുമാറ്റാന്‍ തയ്യാറാവുകയോ ചെയ്തില്ല.  ഒടുവില്‍ കഷ്ടിച്ചാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് നടി രക്ഷപ്പെട്ടത്. രാത്രി വൈകി മുംബൈയിലേയക്ക് വിമാനം കയറുകയും ചെയ്തു.

ചടങ്ങില്‍ താന്‍ വല്ലാത്ത അസ്വസ്ഥയായിരുന്നുവെന്ന് സറീന്‍ ഖാന്‍ പിന്നീട് ഒരു വെബ്‌സൈറ്റിനോട് പറഞ്ഞു. തന്നോടുള്ള അണിയറ പ്രവര്‍ത്തകരുടെ പെരുമാറ്റത്തിലും വിഷമമുണ്ട്-സറീന്‍ ഖാന്‍ പറഞ്ഞു.

ഇറോട്ടിക് ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന അസ്കറിന്റെ രണ്ടാം പതിപ്പിൽ ഗൗതം റോഡും അഭിനവ് ശുക്ലയുമാണ് മറ്റ് താരങ്ങൾ. ഇമ്രാൻ ഹാഷ്മി, ദിനോ മോറിയ ഉദിത ഗോസ്വാമി എന്നിവരായിരുന്നു ആദ്യഭാഗത്തിലെ താരങ്ങൾ.ട

Content Highlights: Zareen Khan Mobbed Aksar 2 actress bollywood Ananth Narayan Mahadevan