സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സക്കറിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഹലാല്‍ ലവ് സ്‌റ്റോറിയുടെ ചിത്രീകരണം പൂര്‍ത്തിയായി. ആഷിക് അബു നിര്‍മിക്കുന്ന ചിത്രത്തിന് വ്യത്യസ്തമായൊരു രീതിയില്‍ പാക്ക് അപ്പ് പറയുന്ന വീഡിയോ ആഷിക് തന്നെ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. 

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധസൂചകമായി ചിത്രത്തിലെ നടീനടന്‍മാര്‍ അടക്കമുള്ള അണിയറപ്രവര്‍ത്തകര്‍ ഒരുമിച്ചിരിക്കുന്ന വീഡിയോ ആണ് ആഷിക് പങ്കുവെച്ചിരിക്കുന്നത്. ഷഹബാസ് അമന്‍ ഹാര്‍മോണിയം വായിച്ച് 'ഹം ദേഖേംഗെ' എന്ന പ്രശസ്തമായ ഹിന്ദി ഗാനം ആലപിക്കുന്നതും വീഡിയോയില്‍ കാണാം. പൗരത്വനിയമവും ദേശീയ പൗരത്വ രജിസ്റ്ററും റദ്ദാക്കണമെന്ന ഹാഷ്ടാഗുകളും പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. അക്രമാസക്തമാകാതെ സമാധാനപരമായി സമരം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന പ്ലക്കാര്‍ഡുകളും അണിയറപ്രവര്‍ത്തകരുടെ കൈകളില്‍ കാണാം.

ബിജിബാലും ഷഹബാസ് അമനും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത്. മുഹ്‌സിന്‍ പെരാരിയുടേതാണ് തിരക്കഥ. അജയ് മേനോന്‍ ആണ് ഛായാഗ്രഹകന്‍. ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

Content Highlights : Zakkariya new movie pack up CAA potest Shahabas Aman sings