പീരുമേട്ടിലെ പ്രകൃതിഭംഗി പശ്ചാത്തലമാക്കി സക്കറിയാ പോത്തന്റെയും മരിയയുടെയും ജീവിതകഥ പറയുന്ന ചിത്രമാണ് 'സക്കറിയാ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്. നവാഗതനായ ഉല്ലാസ് ഉണ്ണികൃഷ്ണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം തരംഗിണി ഫിലിംസും ഔര്‍ ഡ്രീം സിനിമാസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മനോജ് കെ. ജയന്‍, ലാല്‍, ബാബു ആന്റണി, പൂനം ബാജ്വ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

നീണ്ടനാളത്തെ സര്‍വീസിന് ശേഷം പട്ടാളത്തില്‍നിന്ന് വിരമിച്ച് വിശ്രമജീവിതത്തിനായിട്ടാണ് മനോജ് കെ. ജയന്‍ അവതരിപ്പിക്കുന്ന സക്കറിയാ പോത്തനും പൂനം ബാജ്വാ അവതരിപ്പിക്കുന്ന മരിയയും പീരുമേട്ടില്‍ എത്തുന്നത്. അധികമാര്‍ക്കും പിടികൊടുക്കാതെ സ്വന്തം ജീവിതത്തിലേക്ക് ഒതുങ്ങി ജീവിക്കുന്ന ഇവരുടെ ജീവിതം ദുരൂഹതകള്‍ നിറഞ്ഞതാണ്. ഇവരുടെ ജീവിതത്തിലേക്ക് കുറച്ച് ആളുകള്‍ കടന്നു വരുന്നതോടെയാണ് കഥയ്ക്ക് വഴിത്തിരിവുണ്ടാകുന്നത്. സക്കറിയാ പോത്തന്റെ പോയകാല ജീവിതവുമായി ബന്ധമുള്ള ആളുകളാണ് ഇപ്പോള്‍ സക്കറിയായെ തേടി പീരുമേട്ടിലേക്ക് എത്തുന്നത്. വെനീസിലെ വ്യാപാരി, ചൈനാ ടൗണ്‍, മാന്ത്രികന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് പൂനം ബാജ്വയുടെ മലയാളത്തിലേക്കുള്ള മടങ്ങി വരവാണ് ഈ ചിത്രം. 

ലാല്‍, രാഹുല്‍ മാധവ്, അഞ്ജന എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.