സ്‌കോറും പരീക്ഷകളും മാത്രമല്ല ജീവിതമെന്ന് തമിഴ് ചലച്ചിത്ര താരം സൂര്യ. സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ച വീഡിയോയിലാണ് പരാജയഭീതിയില്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യയെ അഭയം പ്രാപിക്കുന്നതിനെതിരേ അദ്ദേഹം രംഗത്തെത്തിയത്. നീറ്റ് പരീക്ഷയ്ക്കിരുന്ന മൂന്ന് വിദ്യാര്‍ഥികള്‍ പരാജയഭീതിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് സൂര്യയുടെ വീഡിയോ സന്ദേശം. 

ഭാരതിയാറുടെ കവിതയിലെ വരികള്‍ ഉദ്ധരിച്ചുകൊണ്ട് ആരംഭിക്കുന്ന വീഡിയോയില്‍ ഒരു സഹോദരനെന്ന നിലയില്‍ എല്ലാ വിദ്യാര്‍ഥികളും ഭയമില്ലാതെ  ആത്മവിശ്വാസത്തോടെ ജീവിക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്ന് സൂര്യ പറയുന്നു.

'കഴിഞ്ഞ ആഴ്ചയോ, കഴിഞ്ഞ മാസമോ നിങ്ങളെ വല്ലാതെ വിഷമിച്ച സംഭവത്തെ കുറിച്ച് നിങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ? നിങ്ങള്‍ക്കിത് അതേ തീവ്രതയോടെ അനുഭവപ്പെടുന്നുണ്ടോ. ആ വേദന ഉറപ്പായും കുറഞ്ഞുകാണണം. അല്ലെങ്കില്‍ അത് ഇല്ലാതായിക്കാണും. ഒരു പരീക്ഷയും നിങ്ങളുടെ ജീവിതത്തേക്കാള്‍ വലുതല്ല. നിങ്ങള്‍ വിഷാദത്തിലാണെങ്കില്‍ മാതാപിതാക്കളെയോ, സുഹൃത്തുക്കളെയോ, അധ്യാപകരെയോ നിങ്ങള്‍ക്ക് അടുപ്പമുളളവരെ സമീപിക്കുക. ഭയം. ഉത്കണ്ഠ, ആധി, വിഷാദം മുതലായവയെല്ലാം അല്പം കഴിഞ്ഞാല്‍ അപ്രത്യക്ഷമാകുന്നതാണ്. എന്നാല്‍ ആത്മഹത്യ, ജീവിതം അവസാനിപ്പിക്കാനുളള തീരുമാനം നിങ്ങളെ സ്‌നേഹിച്ച മാതാപിതാക്കളെ ജീവിതാവസാനം വരെ വിഷമിപ്പിക്കും. അതുമറക്കരുത്.'

താനും പലപ്പോഴും പരീക്ഷയില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും വളരെ മോശം മാര്‍ക്ക് വാങ്ങിയിട്ടുണ്ടെന്നും സൂര്യ പറയുന്നു. ജീവതമെന്ന് പറയുന്നത് വെറും സ്‌കോറുകളും പരീക്ഷകളുമല്ല. വേറെ കുറേ കാര്യങ്ങള്‍ നേടാനുണ്ട്. മനസ്സിലാക്കാനുണ്ട്. ആത്മവിശ്വാസവും ധൈര്യവും ഉണ്ടെങ്കില്‍ ജീവിതത്തില്‍ എല്ലാവര്‍ക്കും വിജയിക്കാനാവുമെന്നും വലുത് നേടാനാവുമെന്നും അദ്ദേഹം പറയുന്നു. 

നീറ്റ് പരീക്ഷയ്ക്കിരുന്ന ധനുഷ്, കനിമൊഴി, സൗന്ദര്യ എന്നീ വിദ്യാര്‍ഥികളാണ് പരാജയഭീതിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. നീറ്റ് പരീക്ഷയില്‍ പരാജയപ്പെടുമെന്ന ഭയത്തില്‍ 2017 മുതല്‍ ഇതുവരെ 17 പേര്‍ തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: Your life is bigger than NEET says actor Suriya