ലയാളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഹിറ്റല്ല യോദ്ധ. എന്നാല്‍, മലയാളികളെ ഇതുപോലെ ഇത്രമേല്‍ ചിരിപ്പിച്ച മറ്റൊരു ചിത്രം വേറെയുണ്ടോ എന്നു സംശയമാണ്. പുറത്തിറങ്ങി കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും മോഹന്‍ലാലിന്റെ തൈപ്പറമ്പിൽ അശോകനും ജഗതിയുടെ അരിശുംമൂട്ടിൽ അപ്പുക്കുട്ടനും ഉയര്‍ത്തിവിട്ട ചിരിയുടെ അലയൊലികള്‍ ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുകയാണ് മലയാളികളുടെ മനസ്സില്‍.

weekly
ആഴ്ചപ്പതിപ്പ് വാങ്ങിക്കാം

ഇക്കഴിഞ്ഞ ഇരുപത്തിയഞ്ച് കൊല്ലവും സംവിധായകന്‍ സംഗീത് ശിവന്‍ നേരിട്ടുപോന്നൊരു ചോദ്യമുണ്ട്. മറ്റ് പല സൂപ്പര്‍ഹിറ്റുകളും പോലെ യോദ്ധയ്ക്കും ഉണ്ടാകുമോ ഒരു രണ്ടാം ഭാഗം.?

ഉണ്ടെന്നും ഇല്ലെന്നും പറയാറില്ല താനെന്ന് വെളിപ്പെടുത്തുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പിലെ രവി മേനോന്റെ പാട്ടെഴുത്തില്‍ ചിത്രത്തിന്റെ സംവിധായകന്‍ സംഗീത് ശിവന്‍. 'ഇനി ഒരു തുടര്‍ച്ച ഉണ്ടായാല്‍ തന്നെ അത് പഴയ യോദ്ധയില്‍ നിന്ന് അടിമുടി വ്യത്യസ്തമായിരിക്കും. കാല്‍ നൂറ്റാണ്ടിനിടയ്ക്ക് കാലം ഏറെ മാറിയില്ലേ? അഭിരുചികളും ആസ്വാദനശീലങ്ങളും സാങ്കേതികവിദ്യയും ഒക്കെ മാറി. യോദ്ധയില്‍ തകര്‍ത്തഭിനയിച്ചവര്‍ പലരും ദീപ്തസ്മരണകളുടെ ഭാഗമാണിന്ന്. ഒടുവില്‍ ഉണ്ണികൃഷ്ണന്‍, എം.എസ്. തൃപ്പൂണിത്തുറ, ജഗന്നാഥ വര്‍മ, സുകുമാരി, മീന.. അങ്ങനെ പലരും. അപ്രധാന റോളുകളില്‍ മിന്നിമറഞ്ഞവരാകാം അവരില്‍ ചിലരെങ്കിലും. പക്ഷേ, ആ വേഷങ്ങളില്‍ പകരക്കാരായി മറ്റാരെയെങ്കിലും സല്‍പിക്കാന്‍ പോലുമാകുമോ നമുക്ക്? മോഹന്‍ലാലിനൊപ്പം യോദ്ധയുടെ ഹൃദയവും ആത്മാവുമായിരുന്ന ജഗതിയുടെ അവസ്ഥയാണ് ഏറ്റവും വേദനാജനകം. ഇനിയൊരിക്കല്‍ക്കൂടി ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനാവാത്തവിധം തളര്‍ന്നുപോയിരിക്കുന്നു ആ അനുഗൃഹീത നടന്‍. ജഗതിയില്ലാത്ത യോദ്ധ എത്ര അര്‍ഥശൂന്യം-സംഗീത് ശിവന്‍ പറഞ്ഞു.

 അതുപോലെ അന്ന് ചിത്രവുമായി സഹകരിച്ച സാങ്കേതിക പ്രവര്‍ത്തകരായ സന്തോഷ് ശിവന്‍, ശ്രീകര്‍ പ്രസാദ്, സമീര്‍ ചന്ദ, ശ്യാല്‍ കൗശല്‍, സലീം ആരിഫ്  എന്നിവരും ഇന്ന് തിരക്കേറിയവരായി. ഇവരെക്കൂടാതെ യോദ്ധയില്ല-സംഗീത് ശിവന്‍ പറഞ്ഞു.

യോദ്ധയിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന റഹ്മാനെയും ഓര്‍ക്കുന്നു സംഗീത് ശിവന്‍. ഇന്നും വല്ലപ്പോഴുമൊക്കെ റഹ്മാനെ കണ്ടുമുട്ടാറുണ്ട്. സ്റ്റുഡിയോകളില്‍, അല്ലെങ്കില്‍ വിമാനത്താവളങ്ങളില്‍. നിഷ്‌ക്കളങ്കമായ പുഞ്ചിരിയോടെ വന്ന് പരിചയം പുതുക്കും റഹ്മാന്‍. പിന്നെ പതുക്കെ എന്റെ കാതില്‍ മന്ത്രിക്കും: സംഗീത്ജി യോദ്ധയ്ക്ക് രണ്ടാം ഭാഗം എടുക്കുന്നുണ്ടെങ്കില്‍ എന്നെ അറിയിക്കാന്‍ മറക്കരുത്. സംഗീതസവിധായകന്‍ ഞാനായിരിക്കും. എന്റെ ആഗ്രഹമാണ്-സംഗീത് ശിവന്‍ പറഞ്ഞു.

പുതിയ ലക്കം ആഴ്ചപ്പതിപ്പ് വായിക്കാം