സെല്‍ഫിയെടുക്കാന്‍ തുനിഞ്ഞ ആളോടുള്ള ഗായകന്‍ യേശുദാസിന്റെ പ്രതികരണം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. ദേശീയ ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തിന് എരിവുള്ള മേമ്പൊടിയാവുകയായിരുന്നു ഗാനഗന്ധര്‍വന്റെ സെല്‍ഫി വിവാദം.

തനിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ തട്ടിമാറ്റുകയും ഫോണ്‍ പിടിച്ചുവാങ്ങി ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്ത യേശുദാസ് സെല്‍ഫ് ഈസ് സെല്‍ഫിഷ് എന്നൊരു ഉപദേശവും കൊടുത്താണ് യുവാവിനെ വിട്ടയച്ചത്.

ഇതിനെതിരേ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. ട്രോളുകള്‍ക്കും പഞ്ഞമുണ്ടായില്ല. എന്നാല്‍, യേശുദാസിനൊപ്പം മുന്‍പ് രണ്ടു തവണ സെല്‍ഫിയെടുത്തതിന്റെ അനുഭവം പങ്കിട്ട് ഒരാള്‍ രംഗത്തുവന്നിരിക്കുകയാണ്.

ദുബായിയില്‍ വച്ച് സെല്‍ഫിയെടുക്കാന്‍ അനുവാദം ചോദിച്ച തന്നോട് എത്ര ചിത്രങ്ങള്‍ വേണമെങ്കിലും എടുത്തോ പക്ഷേ സെല്‍ഫി വേണ്ട എന്നാണ് യേശുദാസ് പറഞ്ഞതെന്ന് അനൂപ് വര്‍ഗീസ് എന്നയാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മനുഷ്യര്‍ സമൂഹ ജീവികളാണ്. നമുക്ക് നമ്മുടെ സഹജീവികളുടെ സഹായവും സഹകരണവും ഇല്ലാതെ ജീവിക്കാന്‍ സാധിക്കില്ല. ഇന്നത്തെ തലമുറ അതിനൊന്നും ശ്രമിക്കാതെ ഓരോ തുരുത്തുകളായി ജീവിക്കുകയാണ് . ഒരു ഫോട്ടോ എടുക്കാന്‍ പോലും അവര്‍ ആരുടേയും സഹായം തേടാറില്ല. അതുകൊണ്ട് തന്നെ സെല്‍ഫി എടുക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടമല്ല. എന്നാണ് സെല്‍ഫി എടുക്കുന്നതിലെ വിരോധത്തിന്റെ കാരണമായി യേശദാസ് പറഞ്ഞതെന്നും അനൂപ് കുറിച്ചു.

yesudas

അനൂപ് വര്‍ഗീസിന്റെ പോസ്റ്റ് വായിക്കാം

സെല്‍ഫി എടുത്ത ആരാധകനില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത യേശുദാസ് വിവാദത്തില്‍ പെട്ടിരിക്കുന്ന സാഹചര്യത്തില്‍ യേശുദാസിനോടൊപ്പം ചിത്രം എടുത്തിട്ടുള്ള ഒരാളെന്ന നിലയില്‍ ഞാന്‍ എന്റെ അനുഭവം പങ്കുവെക്കാം.

ഒരു വര്‍ഷം മുന്‍പ് ദുബായ് വിമാനത്താവളത്തില്‍ വെച്ചാണ് ഞാന്‍ യേശുദാസിനെ കണ്ടു മുട്ടിയത് . യാത്ര സുഖമായിരുന്നോ എന്ന് ചോദിച്ചതിനു ശേഷം കൂടെ നിന്ന് ഫോട്ടോ എടുക്കാനുള്ള എന്റെ ആഗ്രഹം ഞാന്‍ പ്രകടിപ്പിച്ചു . എത്ര ചിത്രങ്ങള്‍ വേണമെങ്കിലും എടുത്തോ പക്ഷേ സെല്‍ഫി വേണ്ട എന്ന് യേശുദാസ് പറഞ്ഞു. അതിന്റെ കാരണം തിരക്കിയ എന്നോട് യേശുദാസ് ഇങ്ങനെയാണ് പറഞ്ഞത് :

'' മനുഷ്യര്‍ സമൂഹ ജീവികളാണ്. നമുക്ക് നമ്മുടെ സഹജീവികളുടെ സഹായവും സഹകരണവും ഇല്ലാതെ ജീവിക്കാന്‍ സാധിക്കില്ല . ഇന്നത്തെ തലമുറ അതിനൊന്നും ശ്രമിക്കാതെ ഓരോ തുരുത്തുകളായി ജീവിക്കുകയാണ് . ഒരു ഫോട്ടോ എടുക്കാന്‍ പോലും അവര്‍ ആരുടേയും സഹായം തേടാറില്ല. അതുകൊണ്ട് തന്നെ സെല്‍ഫി എടുക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടമല്ല .''

വിമാനത്താവളത്തില്‍ അധികം തിരക്കുണ്ടായിരുന്നില്ല . അതുകൊണ്ട് കുറച്ചു നേരം കാത്തു നിന്നതിന് ശേഷമാണ് ഫോട്ടോ എടുക്കാന്‍ ഒരാളെ കിട്ടിയത് . യേശുദാസ് തന്നെയാണ് ആളോട് ഒരു ഫോട്ടോ എടുക്കാന്‍ സഹായിക്കണമെന്ന് പറഞ്ഞത് .

ഫോട്ടോ എടുത്തതിനു ശേഷം കാല്‍ നൂറ്റാണ്ട് മുന്‍പ് ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ദാസേട്ടന്റെ തോളില്‍ കൈ ഇട്ടെടുത്ത ചിത്രം കാണിച്ചപ്പോള്‍ ദാസേട്ടന്‍ ചിരിച്ചു .

പ്രശസ്തരോ അപ്രശസ്തരോ ആരായാലും ശരി , കൂടെ നിന്ന് ഒരു ചിത്രം എടുക്കണമെങ്കില്‍ അനുവാദം ചോദിക്കണം എന്നാണ് എന്റെ പക്ഷം.

Content Highlights: Yesudas Selfies National Film Awards Singer