തമിഴ് നടി യാഷിക ആനന്ദും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത് അടുത്തിടെയാണ്. അപകടത്തിൽ താരത്തിന്റെ അടുത്ത സുഹൃത്തായ പവനി മരണപ്പെടുകയും ഗുരുതരമായ പരുക്കേറ്റ യാഷിക ഒരാഴ്ചയോളം ഐസിയുവിൽ ചികിത്സയിലുമായിരുന്നു. ഇപ്പോഴിതാ ഉറ്റ സുഹൃത്തിന്റെ വേർപാടിൽ മനം നൊന്ത് യാഷിക പങ്കുവച്ച കുറിപ്പാണ് ചർച്ചയാവുന്നത്.

കൂട്ടുകാരിയുടെ മരണത്തിന് അറിഞ്ഞുകൊണ്ടല്ലെങ്കിലും താനാണ് ഉത്തരവാദിയെന്നും ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ കുറ്റബോധം തോന്നുന്നുവെന്നും താരം കുറിക്കുന്നു. കൂട്ടുകാരിയെ മനപൂർവം താൻ കൊന്നതാണെന്ന തരത്തിൽ പലരും അയച്ച തന്നെ വേദനിപ്പിക്കുന്ന സന്ദേശങ്ങൾ പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്

യാഷികയുടെ വാക്കുകൾ

ഞാൻ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് എങ്ങനെ പറയണമെന്ന് അറിയില്ല. ജീവിച്ചിരിക്കുന്നതിൽ എനിക്കെന്നും കുറ്റബോധമുണ്ടാകും. ആ ദുരന്തത്തിൽ നിന്ന് എന്നെ രക്ഷിച്ചതിന് ഞാൻ ദൈവത്തോട് നന്ദി പറയണോ അതോ എന്റെ ഏറ്റവും നല്ല സുഹൃത്തിനെ എന്നിൽ നിന്ന് അകറ്റിയതിന് എന്റെ ജീവിതകാലം മുഴുവൻ ദൈവത്തെ കുറ്റപ്പെടുത്തണോ എന്ന് എനിക്കറിയില്ല.

ഓരോ നിമിഷവും ഞാൻ നിന്നെ മിസ് ചെയ്യുന്നു പവനി. എനിക്കറിയാം ഒരിക്കലും നീ എന്നോട് ക്ഷമിക്കില്ല. നിന്റെ കുടുംബത്തെ ഇത്രയും ഭീകരമായ അവസ്ഥയിൽ കൊണ്ടെത്തിച്ചത് ഞാനാണ്.മാപ്പ്.. ജീവിച്ചിരിക്കുന്നതിൽ ഓരോ നിമിഷവും ഞാൻ കുറ്റബോധം കൊണ്ട് ഉരുകുകയാണ്.

നിന്റെ ആത്മാവിന് നിത്യശാന്തി കിട്ടിയെന്ന് ഞാൻ വിശ്വസിക്കുന്നു. നീ എന്നിലേയ്ക്ക് തിരിച്ചുവരാൻ പ്രാർഥിക്കുന്നു. ഒരിക്കൽ നിന്റെ കുടുംബവും എന്നോട് ക്ഷമിക്കുമായിരിക്കും. നിന്നോടൊപ്പമുള്ള ഓരോ നിമിഷവും ഞാൻ എന്നും ഓർക്കും. ഇന്ന് നീ ഞങ്ങളോടൊപ്പമില്ലാതിരിക്കാൻ ഞാൻ കാരണമാകുമെന്ന് എന്റെ ജീവിതത്തിൽ ഒരിക്കലും കരുതിയിരുന്നില്ല... നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. യാഷിക കുറിക്കുന്നു.

ജൂലൈ 24ന് പുലർച്ചെയായിരുന്നു മഹാബലിപുരത്ത് വച്ച് അപകടം സംഭവിച്ചത്. യാഷിക ആനന്ദിനെതിരേ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. അമിതവേഗം മൂലമാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറയുന്നു. യാഷികയ്ക്കും പവനിക്കും പുറമേ രണ്ട് സുഹൃത്തുക്കൾ കൂടി കാറിലുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൽനിന്ന് തെറിച്ച് വീണ പവനി തല കോൺഗ്രീറ്റ് പാളിയിൽ തട്ടിയാണ് മരിച്ചത്.

Content Highlights : Yashika Aanand Response after Car Accident Says Feels guilty to be alive