പാര്‍വതിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്ത 'ഉയരെ' എന്ന ചിത്രത്തിന് പ്രശംസയുമായി പ്രമുഖ എഴുത്തുകാരന്‍ ടി.പത്മനാഭന്‍. ഉയരെ എല്ലാ അര്‍ത്ഥത്തിലും ഒരു മികച്ച സിനിമയാണെന്നും ചെറുപ്പക്കാര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിതെന്നും ടി.പത്മനാഭന്‍ പറയുന്നു. ഉയരെയുടെ നടീനടന്മാര്‍, സംവിധായകന്‍, ടെക്‌നീഷ്യന്‍മാര്‍, നിര്‍മാതാക്കള്‍ എന്നിവരെ അഭിനന്ദിക്കുന്നുമുണ്ട് അദ്ദേഹം.

ടി പത്മനാഭന്റെ വാക്കുകൾ

"ഏറെക്കാലം കൂടി ഞാനിന്ന് തീയേറ്ററില്‍ പോയി ഒരു സിനിമ കണ്ടു-ഉയരെ. എല്ലാ അര്‍ത്ഥത്തിലും ഇത് ഒരു മികച്ച സിനിമയാണെന്ന് പറയാന്‍ എനിക്ക് അശേഷം മടിയില്ല. ഏറെ കാലിക പ്രാധാന്യമുള്ള വിഷയമാണ്. ഈ സിനിമയുടെ പ്രമേയം. ഏത് പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് പോകാനും വിജയം കൈവരിക്കാനുമുള്ള മനുഷ്യന്റെ അദമ്യമായ വാഞ്ചയെ ഈ സിനിമ വാഴ്ത്തുന്നു.

നമ്മുടെ ചെറുപ്പക്കാര്‍ അവശ്യം കാണേണ്ട ഒരു ചിത്രമാണിത്. ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരെയും സംവിധായകന്‍,നടീനടന്‍മാര്‍.ടെക്നീഷ്യന്‍മാര്‍ എല്ലാവരെയും അഭിനന്ദിക്കുന്നു.
ഇങ്ങിനെയൊരു ചിത്രമെടുത്ത മൂന്നു യുവതികളെ ഞാന്‍ പ്രത്യേകമായി അഭിനന്ദിക്കുന്നില്ല. എത്രയോ മികച്ച സിനിമകള്‍ നമുക്ക് നല്‍കിയ പി.വി ഗംഗാധരന്റെ പുത്രികള്‍ ആണല്ലോ അവര്‍ വിത്തുഗുണം പത്തുഗുണം എന്നല്ലേ പ്രമാണം"

ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി രവീന്ദ്രന്‍ എന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ഉയരെയില്‍ പാര്‍വതിയെക്കൂടാതെ ആസിഫ് അലി, ടൊവിനോ, അനാര്‍ക്കലി മരിക്കാര്‍, സിദ്ധിഖ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കിയത്. എസ് ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ഉയരെയുടെ നിര്‍മാണം. ഗോപിസുന്ദറാണ് സംഗീതം. ഗാനരചന റഫീഖ് അഹമ്മദും ഷോബിയും. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം. 

Content Highlights : Writer T Padmanabhan Praises Uyare Movie Parvathy Tovino Asif Ali Manu Ashokan S Cube Productions