ഗിരീഷ് കുൽക്കർണി, ശ്യാം പുഷ്കരൻ | photo: screen grab
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന 'തങ്കം' ജനുവരി 26-ന് തിയേറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. ശ്യാം പുഷ്കരനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബിജു മേനോന്, വിനീത് ശ്രീനിവാസന്, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്ക്കര്ണിയുമുണ്ട്. അദ്ദേഹം ആദ്യമായി അഭിനയിക്കുന്ന മലയാളം ചിത്രം കൂടിയാണ് 'തങ്കം'.
ഇപ്പോഴിതാ ഗിരീഷ് കുല്ക്കര്ണിയെക്കുറിച്ച് ശ്യാം പുഷ്കരന് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഭാവന സ്റ്റുഡിയോസിന്റെ 'തങ്കം ടോക് ഷോ'യിലാണ് ശ്യാം പുഷ്കരന്റെ പ്രതികരണം.
'അഗ്ലി സിനിമ കണ്ടപ്പോള്‍ അലമ്പന്, തല്ലിപ്പൊളി രീതിയിലുള്ള, നമുക്ക് ദേഷ്യം തോന്നുന്നൊരു തരം വേഷമായിരുന്നു. ദംഗലില്‍ കലിപ്പനായ കോച്ചിന്റെ വേഷമായിരുന്നു. നെറ്റ്ഫ്ളിക്സില്‍ ഫയര്‍ബ്രാന്‍ഡ് എന്നൊരു സീരീസ് കണ്ടപ്പോള്‍ ബലാത്സംഗത്തിനിരയായ ഒരു യുവതിയുടെ ഭര്‍ത്താവിന്റെ വേഷത്തിലായിരുന്നു ഗിരീഷ് സാര്‍. ഉള്ളില്‍ നിന്ന് ഏറെ ശാന്തമായ ഭയങ്കര സമാധാനമുള്ളൊരു കഥാപാത്രമായിരുന്നു അത്. എത്ര അലമ്പനായുള്ള വേഷത്തിലെത്തിയ ആളാണ് ഇത്രയും സമാധാനത്തിലുള്ളൊരു വേഷം ചെയ്തിരിക്കുന്നതെന്ന ചിന്ത എന്നെ ഞെട്ടിച്ചു. നമ്മുടെ ജഗതിചേട്ടന്, തിലകന് ചേട്ടന്റെ ഒക്കെ റേഞ്ചുള്ള നടനാണ് അദ്ദേഹം. അടിമുടി ക്യാരക്ടറാകുന്നൊരാളാണ്'- ഗിരീഷ് കുല്ക്കര്ണിയെക്കുറിച്ച് ശ്യാം പുഷ്കരന് പറഞ്ഞു.
നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസാണ് മലയാളത്തില്‍ കുറച്ച് യുവ സുഹൃത്തുക്കള്‍ ചേര്‍ന്നെടുക്കുന്ന സിനിമയിലേക്കായി തന്നെ ക്ഷണിച്ചതെന്ന് ഗിരീഷ് കുല്‍ക്കര്‍ണിയും ടോക് ഷോയില്‍ പറഞ്ഞിരുന്നു.
ബോളിവുഡ് ചിത്രമായ 'ദംഗല്‍', 'അഗ്ലി', വെബ് സീരീസുകളായ ആയ 'സേക്രഡ് ഗെയിമ്സ്', ഫയര്‍ബ്രാന്‍ഡ് എന്നിവയിലൂടെ ശ്രദ്ധേയനായ ഗിരീഷ് കുല്‍ക്കര്‍ണി മറാഠിയിലെ ശ്രദ്ധേയ നടനും ദേശീയ പുരസ്കാര ജേതാവുമാണ്. 'തങ്കം' ചിത്രത്തില്‍ സുപ്രധാന കഥാപാത്രമായ ഒരു പോലീസുകാരനെയാണ് ഗിരീഷ് കുല്‍ക്കര്‍ണി അവതരിപ്പിക്കുന്നത്. 2011-ല്‍ 'ഡ്യൂള്‍' എന്ന മറാഠി സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും അതേവര്‍ഷം തന്നെ ഡ്യൂളിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മറാഠി, ഹിന്ദി ഭാഷകളില്‍ ഇരുപതോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം ആറോളം സിനിമകള്‍ക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.
കൊച്ചുപ്രേമന്, വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി തുടങ്ങിയ താരങ്ങളും തങ്കത്തില്‍ എത്തുന്നുണ്ട്. നിരവധി മറാഠി, ഹിന്ദി, തമിഴ് അഭിനേതാക്കളും സിനിമയിലുണ്ട്. ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ക്യാമറ. ബിജി ബാലാണ് സംഗീതം, എഡിറ്റിങ് കിരണ്‍ ദാസും കലാ സംവിധാനം ഗോകുല്‍ ദാസും സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറും നിര്‍വഹിച്ചിരിക്കുന്നു. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ഫഹദ് ഫാസില്‍, ശ്യാം പുഷ്ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ആക്ഷന്‍ -സുപ്രീം സുന്ദര്‍, ജോളി ബാസ്റ്റിന്, കോസ്റ്യൂം ഡിസൈന്‍ -മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്ട്രോളര് -ബിനു മണമ്പൂര്‍, സൗണ്ട് മിക്സിങ് -തപസ് നായിക്ക്, കോ പ്രൊഡ്യൂസേഴ്സ് -രാജന് തോമസ്, ഉണ്ണിമായ പ്രസാദ്, വി.എഫ്.എക്സ്. -എഗ് വൈറ്റ് വി.എഫ്.എക്സ്., ഡി.ഐ. കളര്‍ -പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് -ബെന്നി കട്ടപ്പന, ജോസ് വിജയ്, കോ ഡയറക്ടര്‍ -പ്രിനീഷ് പ്രഭാകരന്.
Content Highlights: writer shyam pushkaran about girish kulkarni
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..