മഞ്ജു വാര്യർ, ബെന്യാമിൻ | ഫോട്ടോ: www.facebook.com/theManjuWarrier, സി.ആർ. ഗിരീഷ് കുമാർ | മാതൃഭൂമി
ആമിർ പള്ളിക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ആയിഷ എന്ന ചിത്രത്തേയും നായികയായ മഞ്ജു വാര്യരേയും അഭിനന്ദിച്ച് സാഹിത്യകാരൻ ബെന്യാമിൻ. തന്നെ ചിത്രം അടിമുടി അമ്പരപ്പിച്ചു കളഞ്ഞെന്ന് ബെന്യാമിൻ ഫെയ്സ്ബുക്കിലെഴുതി. ഒരു ബയോപിക് എങ്ങനെ ബോറടിപ്പിക്കാതെ ഉജ്ജലമായി എടുക്കാം എന്നതിന്റെ നല്ല ഉദാഹരണമായി ഈ ചിത്രം മാറുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലമ്പൂർ ആയിഷ എന്ന അഭിനേത്രിയെയും വിപ്ലവകാരിയെയും അറിഞ്ഞാലും ഇല്ലെങ്കിലും ഈ ചിത്രം നമുക്ക് ആസ്വദിക്കാൻ കഴിയുമെന്ന് ബെന്യാമിൻ കുറിച്ചു. അറബ് / കേരളീയ ജീവിത പശ്ചാത്തലവും മനുഷ്യ ബന്ധങ്ങളുടെ ഊഷ്മളതയും എത്ര മനോഹരമായി ഈ ചിത്രം കാണിച്ചു തരുന്നു. ആയിഷ പോലെ ഗദ്ദാമയായി എത്തി അറബ് കുടുംബങ്ങളുടെ പ്രിയപ്പെട്ടവരായി മാറിയ ചിലരെ അടുത്തറിയാവുന്നത് കൊണ്ട് കഥയിൽ ഒട്ടും അതിഭാവുകത്വം തോന്നിയതുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിലെ മോണ എന്ന നടിയുടെ അഭിനയത്തേക്കുറിച്ചും ബെന്യാമിൻ എടുത്തുപറയുന്നുണ്ട്. അപാരം എന്നേ പറയാനുള്ളൂ എന്നാണ് അവരേക്കുറിച്ച് അദ്ദേഹം പറഞ്ഞത്. കാണേണ്ട പടങ്ങളുടെ കൂട്ടത്തിൽ ആയിഷ കൂടെ നിർദ്ദേശിക്കുന്നു. ജീവിച്ചിരിക്കുമ്പോൾ തന്നെ നിലമ്പൂർ ആയിഷക്ക് ഇത്തരത്തിൽ ഒരു ആദരം ഒരുക്കിയ സിനിമയുടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ നേർന്നുകൊണ്ടാണ് ബെന്യാമിൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.
മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ ഇൻഡോ-അറബിക് ചിത്രമാണ് "ആയിഷ". അറബിക് മലയാളം ഭാഷകളിൽ ചിത്രീകരിച്ച സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്. അറബ് രാജ്യങ്ങളിൽ അറബിക് ഭാഷയിൽ തന്നെ സിനിമ റിലീസ് ആകുന്നതും ആദ്യമായാണ്. നൃത്തത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ കോറിയോഗ്രാഫി നിർവഹിച്ചിരിക്കുന്ന പ്രശസ്ത നടനും സംവിധായകനും നർത്തകനുമായ പ്രഭുദേവയാണ്. ബി.കെ. ഹരിനാരായണൻ, സുഹൈൽ കോയ എന്നിവർ എഴുതിയ വരികൾക്ക് എം. ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിക്കുന്നു. ഇന്ത്യൻ, അറബി പിന്നണി ഗായകരാണ് പാടിയിരിക്കുന്നത്. ആഷിഫ് കക്കോടിയാണ് രചന.
Content Highlights: writer benyamin praising ayisha movie, manju warrier new movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..