പ്രശസ്ത ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ട് സംവിധാന രംഗത്തേക്ക് മടങ്ങിവരാന്‍ ഒരുങ്ങുകയാണ്. സടക് 2 എന്ന ചിത്രത്തിലൂടെയാണ് മഹേഷ് ഭട്ടിന്റെ തിരിച്ചുവരവ്. മകളും നടിയുമായ ആലിയ ഭട്ടുമായി മഹേഷ് ഒന്നിച്ച് ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും സഡക്ക് 2നുണ്ട്.

അച്ഛനൊപ്പം ജോലി ചെയ്യാന്‍ പോകുന്നതിന്റെ ത്രില്ലിലാണെങ്കിലും പ്രൊഫഷണല്‍ രീതിയില്‍ ഒരുമിച്ച് ജോലിചെയ്യുന്നത് വളരെ വ്യത്യസ്തമായിരിക്കുമെന്നാണ് ആലിയയുടെ വിലയിരുത്തല്‍. 

"ഇതൊരിക്കലും എളുപ്പമാകില്ല. കാരണം, എനിക്ക് അച്ഛനെ ഒരു സംവിധായകന്‍  എന്ന നിലയില്‍ അറിയില്ല. അദ്ദേഹത്തെ ഒരു അച്ഛനായി മാത്രമേ ഞാൻ അറിയുകയുള്ളൂ. അതുകൊണ്ട് തന്നെ ഒരു സംവിധായകനെന്ന നിലയില്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നത് എല്ലാംകൊണ്ടും വളരെ വ്യത്യാസമായിരിക്കും. ഞാന്‍ വളരെ എക്‌സൈറ്റഡ് ആണ്. പൊതുവെ എല്ലാ കാര്യങ്ങളിലും വളരെ ശാന്തസ്വഭാവക്കാരനാണ് അച്ഛന്‍. പക്ഷേ സെറ്റില്‍ എങ്ങനെയായിരിക്കുമെന്ന് എനിക്കറിയില്ല"-ആലിയ പറഞ്ഞു. 

സഞ്ജയ് ദത്താണ് മഹേഷ് ദത്തിനെ വീണ്ടും സംവിധാനത്തിലേക്ക് തിരിച്ചുവരാന്‍ പ്രേരിപ്പിച്ചതെന്നും ആലിയ വ്യക്തമാക്കുന്നു. 

"സഞ്ജുവാണ് അച്ഛനെ തിരിച്ചുവരവിന് പ്രേരിപ്പിച്ചത്. ഞാനല്ല. അദ്ദേഹം എന്റെ അച്ഛനാണ് അദ്ദേഹത്തിന്റെ സ്വഭാവം പ്രവചനാതീതവുമാണ്. ഇത്രയും വര്‍ഷത്തിന് ശേഷം സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത് തന്നെ പ്രവചനാതീതമായിരുന്നു." ആലിയ പറയുന്നു.

1999ല്‍ പുറത്തിറങ്ങിയ കാര്‍തൂസ് ആണ് മഹേഷ് ഭട്ട് അവസാനം സംവിധാനം ചെയ്ത ചിത്രം. 1991ല്‍ പുറത്തിറങ്ങിയ സഡക്കിന്‍റെ രണ്ടാം ഭാഗമാണ് സഡക് 2. പൂജ ഭട്ടും സഞ്ജയ് ദത്തുമായിരുന്നു ചിത്രത്തിലെ താരങ്ങള്‍. രണ്ടാം ഭാഗത്തിലൂടെ പൂജയും തിരിച്ചുവരവിന് ഒരുങ്ങുകയാണ്. അടുത്ത വര്‍ഷം മാര്‍ച്ച് 25ന് ചിത്രം തിയ്യറ്ററില്‍ എത്തിക്കാനാണ് അണിയപ്രവര്‍ത്തകരുടെ തീരുമാനം.

Content Highlights : Working With Mahesh Bhatt Will Not Be Easy, Says Alia Bhatt Sadak 2 Sanjay Dutt Alia pooja Bhatt