സംവിധായിക വിധു വിൻസെന്റിന്റെ രാജിയുമായി ബന്ധപ്പെട്ട വിവാദത്തിൽ വിമൺ ഇൻ സിനിമാ കളക്ടീവിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി. ഒരു സംസ്ഥാന അവാർഡ് ജേതാവിന്റെ തിരക്കഥ യെസ് ഓർ നോ എന്ന് പറയാതെ ആറു മാസം പൂജക്ക് വെക്കാൻ കാരണം എന്തായിരുന്നുവെന്നും സ്ത്രികൾ മാത്രമുള്ള സംഘടനയിലെ സ്ത്രി വിരുദ്ധത തുറന്ന് പറഞ്ഞിട്ടും പ്രതികരിക്കാത്തത് എന്താണെന്നും ഹരീഷ് പേരടി ചോദിക്കുന്നു.

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം

''എന്താണ് wcc?...നിങ്ങളുടെ സ്വന്തം സംഘടനയിലെ ഉത്തരവാദിത്വപ്പെട്ട ഒരു മെമ്പർ ഗുരുതരമായ ആരോപണങ്ങൾ പൊതുസമൂഹത്തിന്റെ മുന്നിൽ വെച്ചിട്ട് നേരത്തോട് നേരമാകുന്നു..സ്ത്രികൾ മാത്രമുള്ള സംഘടനയിലെ സ്ത്രി വിരുദ്ധത തുറന്ന് പറഞ്ഞിരിക്കുന്നു...കസബ സിനിമയിലെയും അമ്മ സംഘടനയിലേയും സ്ത്രി വിരുദ്ധത കണ്ടു പിടിച്ചവർ ക, മ, എന്നൊരുരക്ഷരം മിണ്ടാതെ ഇരിക്കുന്നത് എന്താണ് ?...ഒരു സംസ്ഥാന അവാർഡ് ജേതാവിന്റെ തിരക്കഥ Yes or No എന്ന് പറയാതെ ആറു മാസം പൂജക്ക് വെക്കാൻ കാരണമെന്താണ് ?...പൊരിച്ച മീൻ കഷണങ്ങൾ നമുക്ക് കിട്ടാതാവുമ്പോൾ മാത്രമല്ല നീതി ഇല്ലാതാവുന്നത് .. അവനവൻ നയിക്കുന്ന സംഘടനയിലും തുല്യ നീതിയിൽ വിളമ്പാൻ പറ്റണം...നിങ്ങളെ കേൾക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട് ...മറുപടി പറഞ്ഞേ പറ്റു...''

സംഘടനയിൽ നിന്നും രാജിവയ്ക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് വിധു വിൻസെന്റ് സമൂഹമാധ്യമങ്ങളിൽ എഴുതിയ കുറിപ്പ് വലിയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.  നടി പാർവതി, റിമ കല്ലിങ്കൽ, തിരക്കഥാകൃത്ത് ദീദി ദാമോദരൻ എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞുകൊണ്ടാണ് വിധുവിന്റെ വിമർശനം. സ്റ്റാൻഡ് അപ്പിന്റെ തിരക്കഥ പാർവതിക്ക് നൽകി ആറുമാസം കാത്തിരുന്നെന്നും അവസാനം ഒരു നോ പോലും പറയാതെ തന്നെ അപമാനിച്ചുവെന്നും വിധു പറയുന്നു. ​ബി. ഉണ്ണികൃഷ്ണൻ വിധുവിന്റെ ചിത്രം നിർമിച്ചതാണ് സംഘടനയിൽ അസ്വാരസ്യങ്ങൾ‌ തുടക്കം കുറിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നേരിടുന്ന ദീലീപിനെ നായകനാക്കി അദ്ദേഹം ഒരു ചിത്രം സംവിധാനം ചെയ്തിരുന്നു.  ദീലീപിനെ അനൂകുലിച്ച് പരസ്യമായി നിലപാടെടുക്കുകയും സംഘടനയെ മോശമായി പൊതു സമൂഹത്തിൽ ചിത്രീകരിക്കാൻ ശ്രമിച്ച സിദ്ദീഖിനൊപ്പം പാർവതി ഒരു ചിത്രത്തിൽ അഭിനയിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു വിധുവിന്റെ വിമർശനം. എതിർപ്പ് തന്നോട് മാത്രമായിരുന്നുവെന്നും സംഭവത്തിൽ പാർവതിയോട് വിശദീകരണം ചോദിക്കാത്തത് ഇരട്ടത്താപ്പാണെന്നും വിധു പറഞ്ഞു.

Content Highlights: Women In Cinema Collective (WCC), Actor Hareesh Peradi criticizes organisation, Vidhu Vincent resignation