തമിഴ് നടൻ അജിത്തിന്റെ വീടിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച് യുവതി.  ഫർസാന എന്ന നഴ്സാണ് അജിത്തിന്റെ വീടിന് മുന്നിൽ വച്ച് തീ കൊളുത്തി  ആത്മഹത്യക്ക് ശ്രമിച്ചത്. അജിത്തും ശാലിനിയും കാരണം തന്റെ ജോലി നഷ്ടമായെന്നാണ് യുവതിയുടെ ആരോപണം. യുവതിയെ പൊലീസും നാട്ടുകാരും ചേർന്ന് ദേഹത്ത് വെള്ളമൊഴിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു. 

തെയ്നാംപേട്ടിലെ സ്വകാര്യ ആശുപത്രിയിലാണ് ഫർസാന ജോലി ചെയ്തിരുന്നത്. 2020ൽ അവിടേക്ക് അജിത്തും ശാലിനിയും വന്നപ്പോൾ ഇരുവർക്കുമൊപ്പം നിന്ന് ഫർസാന വീഡിയോ എടുത്തിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ ജോലി സ്ഥലത്തെ നിയമങ്ങൾ ലംഘിച്ചു എന്ന് ആരോപിച്ച് ഫർസാനയെ ജോലിയിൽ നിന്ന്  പുറത്താക്കി. ഇതേത്തുടർന്ന് ജോലി തിരികെ കിട്ടാൻ സഹായമഭ്യർഥിച്ച് ഫർസാന ശാലിനിയെ സമീപിച്ചിരുന്നു. എന്നാൽ അനുകൂലമായ മറുപടി ലഭിച്ചില്ല. 

ഇതോടെ മറ്റൊരു സ്ത്രീക്കൊപ്പം ഫർസാന അജിത്തിന്റെ വീട്ടിലേക്ക് എത്തി. താരത്തിന്റെ വീടിന് സുരക്ഷ നൽകുന്ന പൊലീസുകാർ ഇവരെ തടഞ്ഞ് സമാധാനപ്പെടുത്തി മടക്കി അയക്കാൻ ശ്രമിച്ചു. എന്നാൽ‌ തന്റെ ജോലി നഷ്ടപ്പെടാൻ കാരണം അജിത്താണെന്നും തനിക്ക് അജിത്തിനെ കാണണമെന്നും പറഞ്ഞ് ഇവർ ഉറക്കെ കരയുകയും തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. ഉടനെ തന്നെ പൊലീസും നാട്ടുകാരും ചേർന്ന് ഇവരുടെ ദേഹത്തേക്ക് വെള്ളമൊഴിച്ച് തീയണച്ചതിനാൽ അപകടം ഒഴിവാക്കാനായി. യുവതിയ്ക്ക്  കൗൺസിലിങ് നൽകി കേസെടുക്കാതെ വിട്ടയയ്ക്കുകയായിരുന്നു.

Content Highlights : Woman blames actor Ajith for losing job, attempts suicide outside his residence