US actor Will Smith (R) slaps US actor Chris Rock onstage during the 94th Oscars at the Dolby Theatre in Hollywood, California on March 27, 2022 | Photo: AFP
അവതാരകന്‍ ക്രിസ് റോക്കിനെ ഓസ്‌കര്‍ വേദിയില്‍ തല്ലിയതിന് തൊട്ടുപിന്നാലെ നടന്‍ വില്‍ സ്മിത്തിനെ ചടങ്ങില്‍ നിന്ന് പുറത്താക്കുന്നതിനെക്കുറിച്ച് അക്കാദമി ആലോചിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ഭാര്യ ജെയ്ഡ സ്മിത്തിനെക്കുറിച്ച് ക്രിസ് നടത്തിയ പരാമര്‍ശം വില്‍ സ്മിത്തിനെ ചൊടിപ്പിക്കുകയായിരുന്നു. വേദിയിലേക്ക് കയറി ചെന്ന് മുഖത്തടിക്കുകയായിരുന്നു. ഈ സംഭവം ചടങ്ങിലെത്തിയവരെ തികച്ചും അമ്പരപ്പിക്കുന്നതായിരുന്നു.
അമേരിക്കയില്‍ ഈ ഭാഗം സെന്‍സര്‍ ചെയ്തുവെങ്കിലും ലോകത്തിന്റെ മറ്റു കോണുകളില്‍ ഈ നാടകീയ രംഗങ്ങള്‍ പൂര്‍ണമായും സംപ്രേഷണം ചെയ്യപ്പെട്ടു. ആദ്യം തമാശയാണെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ മുഖത്തടിച്ചതിന് ശേഷം ഇരിപ്പിടത്തിലേക്ക് തിരികെയെത്തിയ വില്‍ സ്മിത്ത് ക്രിസ് റോക്കിനോട് പരുഷമായ ഭാഷയില്‍ സംസാരിച്ചു.
സംഭവം കൈവിട്ടു പോയതോടെ വില്‍ സ്മിത്തിനെ ചടങ്ങില്‍ നിന്ന് പുറത്താക്കുന്നതിനെക്കുറിച്ച് അക്കാദമി അംഗങ്ങള്‍ ഒരു ഘട്ടത്തില്‍ ആലോചിച്ചു. ക്രിസ് റോക്കിന് എന്തെങ്കിലും സംഭവിച്ചുവോ എന്ന ആശങ്കയും ഉണ്ടായിരുന്നു. എന്നാല്‍ പത്ത് മിനിറ്റോളം നീണ്ട ചര്‍ച്ചയ്ക്ക് ശേഷം വില്‍ സ്മിത്തിനെ പുറത്താക്കേണ്ടെന്ന തീരുമാനത്തിലെത്തി- ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
ഈ വര്‍ഷത്തെ ഏറ്റവും മികച്ച നടനായി തിരഞ്ഞെടുത്തത് വില്‍ സ്മിത്തിനെയാണ്. കിങ് റിച്ചാര്‍ഡിലെ അഭിനയത്തിനാണ് പുരസ്‌കാരം. ഓസ്‌കര്‍ ഏറ്റുവാങ്ങിയ ശേഷം പൊട്ടിക്കരഞ്ഞുകൊണ്ട് വില്‍ സ്മിത്ത് അക്കാദമിയോട് മാപ്പപേക്ഷിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ക്രിസ് റോക്കിനോടും മാപ്പു പറഞ്ഞു. താന്‍ ചെയ്തത് മഹാ അപരാധമാണെന്നും മനോഹരമായ ചടങ്ങിനെ കളങ്കപ്പെടുത്തിയെന്നും വില്‍ സ്മിത്ത് കുറിച്ചു.
സ്മിത്തിന്റെ ഭാര്യ ജെയ്ഡ സ്മിത്ത് വര്‍ഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്. നടിയും അവതാരകയും സാമൂഹ്യപ്രവര്‍ത്തകയുമാണ് ജെയ്ഡ സ്മിത്ത്. മികച്ച ഡോക്യുമെന്റിയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് തമാശ പറഞ്ഞു.
1997 ലെ ജി. ഐ ജെയിന്‍ എന്ന ചിത്രത്തില്‍ ഡെമി മൂര്‍ തലമൊട്ടയടിച്ചാണ് അഭിനയിച്ചത്. ജി.ഐ ജെയിന്‍ 2 ല്‍ ജെയ്ഡയെ കാണാമെന്ന് ക്രിസ് റോക്ക് പറഞ്ഞു. എന്നാല്‍ റോക്കിന്റെ തമാശ വില്‍ സ്മിത്തിന് രസിച്ചില്ല. അദ്ദേഹം വേദിയിലേക്ക് കയറിവന്ന് റോക്കിന്റെ മുഖത്ത് ശക്തിയായി അടിച്ചു. പിന്നീട് 'എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുതെ'ന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു.
Content Highlights: Will Smith, Chris Rock, Jada Pinkett Smith, Academy Awards
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..