അമല പോളിന്റെ സിനിമാകരിയറിനെ തന്നെ മാറ്റി മറിച്ച ചിത്രമാണ് ആടൈ. ഒരു സ്ത്രീയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ച ചിത്രത്തില്‍ കാമിനി എന്ന ശക്തമായ കഥാപാത്രത്തെയാണ് അമല അവതരിപ്പിച്ചത്. ചിത്രത്തില്‍ അഭിനയിക്കാന്‍ പല മുന്‍നിര നായികമാരെയും സംവിധായകന്‍ സമീപിച്ചിരുന്നു. എന്നാല്‍ അവരെല്ലാം വേഷം നിരസിക്കുകയും ഒടുവില്‍ കഥാപാത്രം അമലയെ തേടിയെത്തുകയായിരുന്നു.

ചിത്രം ബോളിവുഡിലേക്കു റീമേക്ക് ചെയ്യുന്നുവെന്ന വാര്‍ത്ത വന്നിട്ട് കുറച്ചു നാളുകളായി. വാര്‍ത്ത പ്രചരിച്ചു തുടങ്ങിയതുമുതല്‍ അമല ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരായിരിക്കും എന്നതാണ് സിനിമാപ്രേക്ഷകര്‍ക്കിടയില്‍ പ്രധാനമായും ചര്‍ച്ചയായത്. അതിനിടയില്‍ കങ്കണ റണൗത്ത് കാമിനിയാകുമെന്നും വാര്‍ത്ത പരന്നിരുന്നു. കങ്കണ തന്നെ ആയിരിക്കുമോ ആടൈ ഹിന്ദി റീമേക്കില്‍ അഭിനയിക്കുക എന്ന കാര്യത്തില്‍ വിശദീകരണവുമായി രംഗത്തു വന്നിരിക്കുകയാണ് തമിഴിലെ പ്രശസ്ത സിനിമാനിര്‍മ്മാണ കമ്പനിയായ എ ആന്റ് പി ഗ്രൂപ്‌സിന്റെ തലവന്‍ സി അരുണ്‍ പാണ്ഡ്യന്‍. പത്രക്കുറിപ്പിലൂടെയാണ് വിശദീകരണം.

ഒട്ടുമിക്ക ഭാഷകളിലെയും റീമേക്ക് അവകാശങ്ങള്‍ തങ്ങള്‍ക്കാണെന്നും ആടൈ ഹിന്ദി റീമേക്കിനായി മുംബൈയിലെ ഒരു പ്രമുഖ നിര്‍മ്മാണ കമ്പനിയുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്നുമുള്ളത് സിനിമാ മേഖലയില്‍ ഏവര്‍ക്കും അറിയാവുന്ന വസ്തുതയാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു. രാജ്യത്തെയും ലോകസിനിമാ ആരാധകര്‍ക്കു മുന്നിലും മികച്ച രീതിയില്‍ പുനരവതരിപ്പിക്കപ്പെടാന്‍ യോഗ്യതയുള്ളതാണ് ഈ സിനിമ. വൈകാതെ ചിത്രം പുറത്തിറങ്ങും. ബോളിവുഡിലെ ഒരു പ്രമുഖ നടിയെ ആയിരിക്കും ചിത്രത്തിനു വേണ്ടി തിരഞ്ഞെടുക്കുക. തമിഴില്‍ പൂര്‍ണനഗ്നയായ കഥാപാത്രമായി ഏറെ വെല്ലുവിളിയോടെയാണ് അമല പോള്‍ അഭിനയിച്ചത്. ആ കഥാപാത്രത്തിനായി കങ്കണയെ ഞങ്ങള്‍ സമീപിച്ചെന്നുള്ളത് തെറ്റായ പ്രചരണം. കങ്കണയെ ഇതിനായി സമീപിച്ചിട്ടില്ല. സംവിധായകനെയും തീരുമാനിച്ചിട്ടില്ല. ആടൈ ഹിന്ദി റീമേക്കുമായി ബന്ധപ്പെട്ട മറ്റു വ്യാജ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആടൈയുടെ സംഗീത സംവിധാനം ഗായകന്‍ പ്രദീപ് കുമാറായിരുന്നു.

aadai

Content Highlights : will kangana ranaut play the role amala paul in aadai hindi remake