ലയാള സിനിമയെ പുതിയ ചക്രവാളങ്ങളിലേക്ക് നയിക്കാന്‍  പോന്ന ഒരു അന്തര്‍ദേശീയ സിനിമയുമായി കടന്നുവരികയാണ് സംവിധായകന്‍ അജയ് ദേവലോക തന്റെ പുതിയ ചിത്രമായ ഹൂ (who) വിലൂടെ. ഒരു ക്രിസ്മസ് രാത്രിയില്‍ ഇരുളടഞ്ഞ ഒരു താഴ്‌വരയില്‍ നടക്കുന്ന ചില സംഭവങ്ങളും അവയുടെ പിറകിലെ രഹസ്യങ്ങളുമാണ് ഈ നിയോ നോയര്‍ ചിത്രത്തിന്റെ ഇതിവൃത്തം. 

കോറിഡോര്‍ 6 നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. നിരവധി അന്യഭാഷാ, വിദേശ ചിത്രങ്ങളുടെ എഡിറ്റര്‍ ആയിരുന്ന അജയ് ദേവലോകയുടെ പ്രഥമ സംവിധാന സംരംഭമാണ് ഈ ചിത്രം. 

ഷൈന്‍ ടോം ചാക്കോ, രാജീവ് പിള്ള, ശ്രുതി മേനോന്‍, പേര്‍ളി മാണി എന്നിവരാണ്  'ഹൂ'വില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍  ഒരു നടനായി ആദ്യമായി വെള്ളിത്തിരയില്‍ എത്തുകയാണ് ഈ സയന്‍സ് ഫിക്ഷന്‍ സിനിമയിലൂടെ. 

ടൈം ട്രാവല്‍ എന്ന കണ്‍സെപ്റ്റ് മലയാളം സിനിമയില്‍ മാജിക്കല്‍ റിയലിസം എന്ന മെത്തേഡിലൂടെ അവതരിപ്പിക്കുന്ന ആദ്യ മലയാള ചിത്രമാകും ഇത്. 

ഹോളിവുഡ് ചിത്രങ്ങളിലെ പശ്ചാത്തല സംഗീത ചക്രവര്‍ത്തിയായ ഹാന്‍സ് സിമ്മറിന്റെ പ്രിയപ്പെട്ട വോക്കലിസ്റ്റ് ഉയാങ്ക ബോള്‍ഡ് ഈ ചിത്രത്തിലൂടെ തന്റെ സാന്നിധ്യം ആദ്യമായി ഇന്ത്യന്‍ സിനിമയില്‍ അറിയിക്കുകയാണ്. മണികണ്ഠന്‍ അയ്യപ്പ, കത്താര്‍സിസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത്. 

ഛായാഗ്രഹണം സിഡ്നി ഫിലിം ഇന്‍സ്‌റിറ്റ്യൂട്ടിന്റെ പ്രോഡക്ടായ അമിത് സുരേന്ദ്രന്‍ നിര്‍വഹിക്കുന്നു.  ശബ്ദസംവിധാനം ഒരുക്കുന്നത് നിരവധി ഹോളിവുഡ് ചിത്രങ്ങളില്‍ സാന്നിധ്യമറിയിച്ച  വിശാഖ ബോഗിൽ  ആണ് .  മൂന്നാര്‍, നൈനിറ്റാള്‍ എന്നിവിടങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രം മലയാള സിനിമ ഇതുവരെ സഞ്ചരിച്ച വഴികളില്‍ നിന്നും മാറി സഞ്ചരിക്കുന്ന ഒരു ചിത്രമാണ്.  ഈ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റില്‍ വേള്‍ഡ് പ്രീമിയറില്‍ പ്രദര്‍ശിപ്പിച്ച 'ഹൂ' വൈകാതെ ഇന്ത്യയൊട്ടാകെ റിലീസാകും.

Content Highlights: Who Movie Shine Tom Chacko Rajeev Pillai Ajay Devaloka Pearly maaney sruthi menon