-
ചെന്നൈ: തൂത്തുക്കുടി വെടിവെപ്പിൽ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച നടൻ രജനീകാന്തിനോട് ആരാണെന്ന് ചോദിച്ച് മാധ്യമശ്രദ്ധ നേടിയ യുവാവ് ബൈക്ക് മോഷണക്കേസിൽ അറസ്റ്റിലായി. തൂത്തുക്കുടി സ്വദേശിയായ സന്തോഷാണ് (23) പിടിയിലായത്. ഇയാളുടെ കൂട്ടാളികളായ മണികണ്ഠൻ (23), ശരവണൻ (22) എന്നിവരെയും പോലീസ് അറസ്റ്റുചെയ്തു. തൂത്തുക്കുടിയിലെയും പരിസരങ്ങളിലെയും ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച് വ്യാജരേഖകൾ ചമച്ച് വാഹനക്കച്ചവടം നടത്തിവരികയായിരുന്നു സംഘം.
ഒ.എൽ.എക്സ്. ആപ്ലിക്കേഷനിൽ പരസ്യംനൽകിയാണ് വാഹനങ്ങൾ വില്പന നടത്തിയിരുന്നത്. ഈയിടെ തൂത്തുക്കുടി സ്വദേശിയായ യുവാവിന്റെ ബൈക്ക് സംഘംമോഷ്ടിച്ചു. ഒ.എൽ.എക്സ്. ആപ്ലിക്കേഷനിൽ തന്റെ വാഹനം വില്പനയ്ക്ക് വെച്ചിരിക്കുന്നത് യുവാവ് കണ്ടതോടെയാണ് കവർച്ചസംഘം പോലീസ് വലയിലായത്.
പരസ്യത്തിൽ കണ്ട ഫോൺനമ്പരിൽ വിളിച്ച് ഇടപാടുനടത്തിയ ഇയാൾ പോലീസിനെയും വിവരമറിയിച്ചു. തുക പറഞ്ഞുറപ്പിക്കാൻ ബൈക്കുമായെത്തിയ സന്തോഷിനെ പോലീസ് സംഘം പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് മണികണ്ഠനെയും ശരവണനെയും പിടികൂടിയത്.
2018 മേയ് 22-നാണ് തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് സമരക്കാർക്കുനേരേ പോലീസ് വെടിവെപ്പുണ്ടായത്. 13 പേർ ഇതിൽ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ആശുപത്രിയിൽ സന്ദർശനം നടത്താനെത്തിയ രജനീകാന്തിനോടാണ് ആരാണെന്ന് സന്തോഷ് ചോദിച്ചത്.
100 ദിവസമായി സമരംനടന്നിട്ടും എത്താതെ ദുരന്തശേഷം വന്നതിലുള്ള പ്രതിഷേധ സൂചകമായായിരുന്നു യുവാവിന്റെ ചോദ്യം. അതിനുശേഷം ദേശീയതലത്തിൽ വാർത്തകളിൽ ഇടംപിടിച്ച സന്തോഷ് സ്വന്തമായി ഒരു യുവജനസംഘടന ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് പണമില്ലാതായോടെ സുഹൃത്തുക്കളുമായി ചേർന്ന് ബൈക്ക് മോഷണത്തിലേക്ക് തിരിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Content Highlights: Who are you?, Man who questioned Rajinikanth arrested in bike theft case, anti-Sterlite protester
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..