
-
പനാജി: പ്രശസ്ത ഫാഷന്‍ ഡിസൈനറും സാമൂഹ്യപ്രവര്‍ത്തകനുമായ വെന്‍ഡെല്‍ റോഡ്രിക്സ് (60) അന്തരിച്ചു.ഗോവയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. പദ്മശ്രീ പുരസ്കാര ജേതാവ് കൂടിയാണ് വെല്ഡെല് റോഡ്രിക്സ്. 2014ലാണ് കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ പത്മ പുരസ്കാരം നല്കി ആദരിച്ചത്.
ഇന്ത്യൻ ഫാഷന്‍ മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച റോഡ്രിക്സ് സാമൂഹിക വിഷയങ്ങളിലും ഇടപെടാറുണ്ട്. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
1960 ല്‍ ഗോവയില്‍ ജനിച്ച റോഡ്രിക്സ് 1980 കളിലാണ് ഫാഷന്‍ മേഖലയില്‍ ചുവടുറപ്പിക്കുന്നത്. പിന്നീട് പ്രശസ്തമായ ബ്രാന്‍ഡുകള്‍ക്ക് വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചു. ബോളിവുഡിലെ പല പ്രശസ്ത താരങ്ങളും ആദ്യമായി മോഡലിങ് രംഗത്ത് ചുവടുവച്ചത് റോഡ്കിക്സിന്റെ ഫാഷന്‍ ഷോകളിലൂടെയായിരുന്നു. ദീപിക പദുക്കോണ്‍, അനുഷ്ക ശര്‍മ തുടങ്ങിയവരെ ബോളിവുഡിന് പരിചയപ്പെടുത്തുന്നത് റോഡ്രിക്സാണ്.
കുറച്ചുകാലങ്ങളായി അദ്ദേഹം ഫാഷന്‍ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. സ്വന്തമായി ഒരു ഫാഷന്‍ മ്യൂസിയം ഒരുക്കുന്നതിനോടൊപ്പം പുസ്തക രചനയിലും എഴുത്തിലും കേന്ദ്രീകരിച്ചു. റോഡ്രിക്സിന്റെ ആത്മകഥ ദ ഗ്രീന്‍ റൂം മികച്ച അഭിപ്രായം നേടിയ പുസ്തകമാണ്.
സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്ന് പ്രഖ്യാപിച്ച റോഡ്രിക്സ് 2002 ല്‍ ജെറോം മാരലിനെ വിവാഹം കഴിച്ചു.
പ്രിയങ്ക ചോപ്രയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് റോഡ്രിക്സ് ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിന് പ്രിയങ്ക ധരിച്ച വസ്ത്രത്തെ അദ്ദേഹം ശക്തമായി വിമര്‍ശിക്കുകയും സമൂഹ മാധ്യമങ്ങളില്‍ അദ്ദേഹത്തിനെതിരേ ഒട്ടനവധി പേര് രംഗത്ത് വരികയും ചെയ്തു.
Content Highlights: Wendell Rodrick passed away, Fashion Designer activist
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..