ഭോപ്പാല്‍: സംവിധായകന്‍ പ്രകാശ് ഝായുടെ വെബ് സീരീസിന്റെ സെറ്റില്‍ ബജ്‌റംഗ്  ദള്‍ പ്രവര്‍ത്തകരുടെ അതിക്രമം. ബോബി ഡിയോള്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആശ്രം 3 എന്ന സീരീസിന്റെ സെറ്റിലാണ് ഇവര്‍ അതിക്രമിച്ചു കയറിയത്.

ക്രൂവിലുള്ളവരെ ബജ്‌റംഗ്  ദള്‍ പ്രവര്‍ത്തകര്‍ പിന്തുടരുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പ്രകാശ് ഝാ മൂര്‍ദാബാദ്, ബോബി ഡിയോണ്‍ മൂര്‍ദാബാദ് തുടങ്ങിയ മുദ്രവാക്യങ്ങള്‍ മുഴക്കിയായിരുന്നു ആക്രമണം അഴിച്ചു വിട്ടത്. തങ്ങള്‍ ബോബി ഡിയോളിനെ തിരഞ്ഞുനടക്കുകയാണെന്നും സീരീസ് ചിത്രീകരിക്കാന്‍ സമ്മതിക്കില്ലെന്നും ഭീഷണി മുഴക്കി. ബോബി ഡിയോള്‍ സഹോദരന്‍ സണ്ണി ഡിയോളിനെ കണ്ടുപഠിക്കണമെന്നും ദേശസ്‌നേഹം വെളിവാക്കുന്ന ധാരാളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

ആശ്രം ആദ്യ സീസണുകളില്‍ ഒരു കപട സംന്യാസി സ്ത്രീകളെ പീഡിപ്പിക്കുന്ന രംഗമുണ്ട്. ഇതാണ് ബജ്‌റംഗ്  ദള്‍ പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. 

സംഭവത്തില്‍ പ്രകാശ് ഝാ ഇതുവരെ പോലീസില്‍ പരാതിപ്പെട്ടിട്ടില്ല. എന്നിരുന്നാലും അക്രമകാരികളെ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.

Content Highlights: We're Looking For Bobby Deol": Bajrang Dal Attacks Prakash Jha's Ashram 3 set