കൊച്ചി: സിനിമാരംഗത്തെ വനിതാ പ്രവർത്തകരുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവിന്റെ (ഡബ്ല്യു.സി.സി) മാതൃക ദേശീയതലത്തിലേയ്ക്കും വ്യാപിപ്പിക്കുന്നു. ഡബ്ല്യു.സി.സിയുടെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് കൊച്ചിയിൽ നടക്കുന്ന സമ്മേളനം ഇതിന്റെ ആലോചനാ വേദിയാകും. ഏപ്രിൽ 26, 27 തിയ്യതികളിൽ സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിലാണ് സമ്മേളനം.

ഡബ്ല്യു.സി.സിയുടെ ആവശ്യപ്രകാരം മലയാള സിനിമയിലെ സ്ത്രീകളുടെ അവസ്ഥ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ കേരള സർക്കാർ കമ്മീഷനെ നിയോഗിച്ചതിനെ മാതൃകയാക്കി തെലുങ്ക് സിനിമാരംഗത്തെ സ്ത്രീകളുടെ അവസ്ഥകൾ പഠിക്കാൻ ആന്ധ്ര സർക്കാർ അടുത്ത കാലത്ത് ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ഏകോപിപ്പിക്കാനും ദേശീയ തലത്തിൽ ഇത്തരം കൂട്ടായ്മകൾക്ക് സംഘടിതരൂപം നല്കാനുമാണ് ഡബ്ല്യു.സി.സി. ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മൂന്നാം വാർഷികത്തിന്റെ ഭാഗമായി ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ സിനിമാ മേഖലകളിലുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കും.

മൂന്നാം വാർഷിക സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനം ആരോഗ്യമന്ത്രി കെ.കെ ഷൈലജ ഉദ്ഘാടനം ചെയ്യും. സുപ്രീം കോടതിയിലെ  അഭിഭാഷക വൃന്ദാ ഗ്രോവർ മുഖ്യപ്രഭാഷണം നടത്തും. തമിഴ് സംവിധായകൻ പാ രഞ്ജിത്, നടി സ്വര ഭാസ്കർ, സംവിധായകൻ ഡോ.ബിജു, തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ എന്നിവർ സംസാരിക്കും.

ഇതോടൊപ്പം 26, 27 തിയ്യതികളിലായാണ് സംഘടനയുടെ പ്രവർത്തനം ദേശീയതലത്തിൽ വ്യാപിപ്പിക്കുന്ന കാര്യം ആലോചിക്കാനായി  ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്. ഡബ്ല്യു.സി.സിയുടെയും സഖി വിമൻ റിസോഴ്സ് സെൻററിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. 

ഇതിന് പുറമെ സിനിമാരംഗത്ത് പൊതുവിലും പ്രാദേശിക വ്യത്യാസങ്ങൾ കണക്കിലെടുത്തുമുള്ള 'ബെസ്റ്റ് പ്രാക്ടീസസ് മാന്വൽ' തയ്യാറാക്കാനും സമ്മേളനം ലക്ഷ്യമിടുന്നുണ്ട്. അടുത്ത ഒരു വർഷം കൊണ്ട് പൂർത്തിയാകുന്ന മാന്വലിനെ കുറിച്ചുള്ള പ്രാരംഭ ചർച്ചകൾക്കും സമ്മേളനം വേദിയാകും.

Content Highlights: WCC Women In Cinema Collective MalayalamMovie