മ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചുള്ള ലേഖനം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും അത് പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്ത നടപടി വിവാദമാകുന്നതിനിടെ പ്രതികരണവുമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. സംഘടനയുടെ ഫെയ്‌സ്ബുക്ക് പേജിന്റെ റേറ്റിങ് കുറച്ചുള്ള സെബര്‍ ആക്രമണം തുടരുന്നതിനിടെയാണ് സംഘടന വിശദീകരണവുമായി രംഗത്തെത്തിയത്. 

എഫ്ബി പേജിന്റെ റേറ്റിങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യതയെ നിര്‍ണയിക്കുന്നതെന്നും സൈബര്‍ ആക്രമണത്തിന് കാരണമായ പോസ്റ്റിനെ കുറിച്ച് തങ്ങളുടെ കൂടെ എപ്പോഴും നില്‍ക്കുന്നവര്‍തക്കായി വിശദീകരിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയാണ് ഡബ്ല്യുസിസി കുറിപ്പ് തുടങ്ങുന്നത്.

ആരുടേയും വികാരങ്ങളെ മുറിവേല്‍പ്പിക്കുക തങ്ങളുടെ ഉദ്ദേശമല്ല. മലയാള സിനിമാ ലോകത്ത് സത്രീ പുരുഷ സൗഹൃദം നിലനിര്‍ത്തണം. മുന്നോട്ടുവെച്ച പ്രവര്‍ത്തനങ്ങളോ ആശയങ്ങളോ ഈ ആക്രമണങ്ങള്‍ കൊണ്ട് പിന്തിരിപ്പിക്കാനാകില്ല. ഡബ്ല്യുസിസി കുറിപ്പില്‍ പറയുന്നു.

പുതുവത്സരദിനത്തിലാണ് വിവാദമായ എഫ്ബി കുറിപ്പ് സംഘടന പോസ്റ്റ് ചെയ്തത്. 2017 എന്നത് സിനിമാലോകത്തിന് വളരെ അര്‍ത്ഥവത്തായ വര്‍ഷമായിരുന്നു. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഉയര്‍ത്തിയെഴുന്നേല്‍പ്പിന്റെ വര്‍ഷമായിരുന്നു ഇത്. ജനാധിപത്യം, തുല്യനീതി എന്നിവ ഉറപ്പുവരുന്ന രീതിയിലാവട്ടെ വിമര്‍ശനങ്ങളും ഉയര്‍ത്തെഴുന്നേല്‍പ്പും ചെന്നെത്തേണ്ടത് എന്നാശംസിക്കുന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടിയെ വിമര്‍ശിക്കുന്ന ലേഖനം ഡബ്ല്യുസിസി ഷെയര്‍ ചെയ്തത്. 

പിന്നീട് ഈ ലേഖനം സംഘടന പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ പ്രതിഷേധവുമായി ചിലര്‍ രംഗത്തുവന്നു. ഡബ്ല്യുസിസിയുടെ പേജിന്റെ റേറ്റിംഗ് കുറച്ചാണ് ആരാധകര്‍ പ്രതിഷേധിച്ചത്. അഞ്ചിന് മുകളില്‍ റേറ്റിംഗ് ഉണ്ടായിരുന്ന ഡബ്ല്യുസിസിയുടെ എഫ്ബി പേജ് മണിക്കൂറുകള്‍ കൊണ്ടാണ് 2.2 റേറ്റിങ്ങിലേക്ക് വീണത്. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഞങ്ങള്‍ക്കൊപ്പമുള്ള സുഹൃത്തുക്കള്‍ അറിയുവാന്‍

എഫ് ബി പേജിന്റെ റേറ്റിങ്ങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യതയെ നിര്‍ണ്ണയിക്കുന്നത് എന്ന് ഞങ്ങള്‍ക്കറിയാം. എങ്കിലും വീണ്ടുമൊരു സൈബര്‍ ആക്രമണത്തിന് കാരണമായ പോസ്റ്റിനെ കുറിച്ച് ഞങ്ങളുടെ കൂടെ എപ്പോഴും നില്ക്കുന്നവര്‍ക്കായി വിശദീകരിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ മീഡിയയില്‍ വന്ന ഒരു പോസ്റ്റ്, (ഡെയ്‌ലി ഒ യില്‍ ആനന്ദ് കൊച്ചുകുടി എഴുതിയത്) മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതയെ പരാമര്‍ശിച്ചു കൊണ്ട് ഉദാഹരണമായി പ്രമുഖ നടന്‍മാരുടെ പേരെടുത്ത് പരാമര്‍ശിച്ചു കൊണ്ടുള്ള ലേഖനം ഞങ്ങളുടെ പേജില്‍ ഷെയര്‍ ചെയ്യുകയുണ്ടായി. അത് ഞങ്ങളുടെ എഴുതിയതാണെന്ന് തെറ്റിദ്ധരിച്ച് വ്യാപകമായ ആക്രമണം ഉണ്ടായി. തുടര്‍ന്ന് ഞങ്ങളത് ഡിലീറ്റ് ചെയ്തു. കാരണം അതില്‍ എഴുതിയിരുന്ന അഭിപ്രായങ്ങള്‍ ഞങ്ങളുടെത് അല്ല എന്നതു കൊണ്ടു തന്നെ. മലയാള സിനിമാലോകത്ത് സൗഹാര്‍ദപരമായ സ്ത്രീ പുരുഷ സൗഹൃദം നിലനിര്‍ത്തണം എന്നതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.ആരുടെയും വികാരങ്ങളെ മുറിവേല്‍പ്പിക്കുക എന്നത് ഞങ്ങളുടെ ഉദ്ദേശമായിരുന്നില്ല.
ഞങ്ങള്‍ മുന്നോട്ടുവെച്ച പ്രവര്‍ത്തനങ്ങളെയോ ആശയങ്ങളെയോ ഈ ആക്രമണങ്ങള്‍ കൊണ്ട് പിന്തിരിപ്പിക്കാനാവില്ല ഞങ്ങളൊടൊപ്പം കൈകോര്‍ത്തു നില്‍ക്കുന്ന നിങ്ങള്‍ക്കെല്ലാം ഒരിക്കല്‍കൂടി നന്ദി

wcc

Content Highlights: WCC Responds Mammootty Kasaba Controversy Parvathy